ബിര്‍ള-അംബാനി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നെന്ന് ആരോപണം

ബിര്‍ള-അംബാനി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നെന്ന് ആരോപണം

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് രാഷ്ട്രീയത്തെ പുറത്താക്കാനും നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനും ശുപാര്‍ശ

ന്യൂഡെല്‍ഹി: 19 വര്‍ഷം മുമ്പ് വിദ്യാഭ്യാസ മേഖലയിലെ നയരൂപീകരണം സംബന്ധിച്ച് ബിര്‍ള-അംബാനി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മോദി സര്‍ക്കാര്‍ നിശബ്ദമായി നടപ്പാക്കുന്നെന്ന് ആരോപണം. വായ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് 2000 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ശുപാര്‍ശകള്‍ ഒന്നൊന്നായി നടപ്പാക്കുകയാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. അടുത്തിടെ ഉയര്‍ന്നു വന്നിരിക്കുന്ന സര്‍വകലാശാലകളിലെ ഫീസ് വര്‍ധനവ്, ആഭ്യന്തര സ്രോതസുകളില്‍ നിന്നുള്ള ധനസമാഹരണം, കാംപസുകളുടെ അരാഷ്ട്രീയവല്‍ക്കരണം, സ്വകാര്യ, വിദേശ സര്‍വകലാശാലകളുടെ സ്ഥാപനം തുടങ്ങിയവയെല്ലാം ബിര്‍ള-അംബാനി കമ്മറ്റിയിലെ ശുപാര്‍ശകളാണെന്നാണ് നിരീക്ഷകരും വിമര്‍ശകരും പറയുന്നത്.

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് വായ്പകളും ഗ്രാന്റുകളും അനുവദിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഫീ അടവിനെ പ്രോല്‍സാഹിപ്പിക്കണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഐഐടികള്‍, ജെഎന്‍യു സര്‍വകലാശാല എന്നിവിടങ്ങളില്‍ ഫീ വര്‍ധിപ്പിച്ചു കഴിഞ്ഞു. എയിംസിലും മറ്റ് കേന്ദ്ര സര്‍വകലാശാലകളിലും ഫീ വര്‍ധന പരിഗണനയിലാണ്. എല്ലാത്തരം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍വകലാശാലകളെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വതന്ത്രമാക്കണമെന്നതാണ് മറ്റൊരു ശുപാര്‍ശ. വിദ്യാഭ്യാസ രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കണമെന്നും ശാസ്ത്ര, സാങ്കേതിക, മാനേജ്‌മെന്റ്, ധനകാര്യ വിഭാഗങ്ങളില്‍ പുതിയ സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കാനുകുന്ന വിധം നിയമം കൊണ്ടുവരണമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി കണ്‍വീനറും ആദിത്യ ബിര്‍ള ഗ്രൂപ്പ് മേധാവി കുമാര്‍മംഗലം ബിര്‍ള അംഗവുമായ സമിതി നിര്‍ദേശിച്ചിട്ടുണ്ട്. വിപണി അധിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കണമെന്നാണ് മറ്റൊരു ശുപാര്‍ശ.

ആരോപണം

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വര്‍ധിപ്പിക്കാനും ഉന്നതര്‍ക്ക് വേണ്ടി സ്ഥാപനങ്ങള്‍ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കന്നത്. റിപ്പോര്‍ട്ട് അംഗീകരിച്ചെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെങ്കിലും അതേ ശുപാര്‍ശകളാണ് ഇപ്പോള്‍ നടപ്പാക്കി വരുന്നത്. വിദ്യാഭ്യാസ സംവിധാനത്തിന്റെ സമ്പൂര്‍ണ വാണിജ്യവല്‍ക്കരണവും കോര്‍പ്പറേറ്റ്‌വല്‍ക്കരണവുമാണ് നടക്കുന്നത്

-കെ കെ രാഗേഷ്, രാജ്യസഭാ എംപി

Categories: FK News, Slider
Tags: Birla-Ambani