ഗള്‍ഫിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ പ്രശ്‌നങ്ങള്‍: 2025ഓടെ വിമാനസര്‍വീസുകള്‍ ഒരു മണിക്കൂര്‍ വൈകും

ഗള്‍ഫിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ പ്രശ്‌നങ്ങള്‍: 2025ഓടെ വിമാനസര്‍വീസുകള്‍ ഒരു മണിക്കൂര്‍ വൈകും

നിലവില്‍ വ്യോമമേഖലയിലെ വിമാനങ്ങളുടെ തിരക്ക് മൂലം വിമാനങ്ങള്‍ 29 മിനിട്ട് വൈകിയാണ് സര്‍വീസ് നടത്തുന്നത്

ദുബായ്: ഗള്‍ഫ് മേഖലയില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പ്രശ്‌നങ്ങള്‍ മൂലമുള്ള വിമാനങ്ങളുടെ വൈകല്‍ 2025ഓടെ 58 മിനിട്ടായി വര്‍ധിക്കുമെന്ന് വ്യോമയാന വിദഗ്ധരുടെ മുന്നറിയിപ്പ്. അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ നിലവില്‍ 29 മിനിട്ട് വൈകി സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് വ്യോമപാതയിലെ തിരക്ക് മൂലം ഭാവിയില്‍ ഒരു മണിക്കൂറോളം വൈകി സര്‍വീസ് നടത്തേണ്ടി വരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഈ മാസം 9-10 തീയതികളില്‍ ദുബായില്‍ വെച്ച് നടക്കുന്ന ലോക വ്യോമയാന സുരക്ഷാ ഉച്ചകോടി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും. പശ്ചിമേഷ്യയിലും ലോകത്തിലെ മിക്കയിടങ്ങളിലും വിമാനങ്ങള്‍ നേരിടുന്ന ‘വ്യോമമേഖലയിലെ തിരക്ക്'(വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്ന വ്യോമമേഖലയിലെ വിമാനത്തിരക്ക്) ഒഴിവാക്കുന്നതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കപ്പെടും.

വിമാനങ്ങളുടെ വൈകല്‍ മൂലം വിലപ്പെട്ട സമയം നഷ്ടമാകുന്ന യാത്രക്കാര്‍ക്ക് അതുവഴി 7 ബില്യണ്‍ ഡോളറിന്റെയും വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചിലവില്‍ 9 ബില്യണ്‍ ഡോളറിന്റെയും നഷ്ടം അധിമമായി ഉണ്ടാകുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്തിലെ വ്യോമമേഖയുടെ വലിയൊരു ഭാഗം സൈനിക വിമാനങ്ങള്‍ക്കായി നീക്കി വെച്ചിരിക്കുന്നതാണ് വാണിജ്യമേഖലാ വിമാനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

പശ്ചിമേഷ്യന്‍ മേഖലയിലെ വിമാനത്തിരക്ക് ഒഴിവാക്കുന്നതിനായി ജിസിസി എയര്‍ നാവിഗേഷന്‍ കമ്മിറ്റി, മിഡീല്‍ഈസ്റ്റ് എയര്‍ട്രാഫിക് മാനേജ്‌മെന്റ് എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം തുടങ്ങിയ സംവിധാനങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനഫലമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിമാനങ്ങളുടെ തിരക്ക് നിയന്ത്രണത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദക്ഷിണ മേഖലകളിലേക്കുള്ള വിമാനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി സര്‍വീസ് നടത്താന്‍ സാധിക്കുന്ന തരത്തില്‍ ഒമാന്‍ എയര്‍സ്‌പേസ് ടെക്‌നോളജി നവീകരിക്കുന്നത് ഇതിന് ഉദാഹരണമാണ്. എങ്കിലും ഹോര്‍മുസ് കടലിടുക്കിനും ഒമാന്‍ കടലിനും മുകളിലൂടെ യാത്ര നടത്തില്ലെന്നതുപോലെയുള്ള പ്രാദേശിക വിമാനക്കമ്പനികളുടെ തീരുമാനം വിമാനങ്ങളുടെ തിരക്കും അതുവഴി വൈകിയോടലും ഒഴിവാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ്.

പശ്ചിമേഷ്യന്‍ വ്യോമയാന മേഖല അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വ്യോമമേഖല ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ പരിഹാരമാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ ഏവിയേഷന്‍ സേഫ്റ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഖാലിദ് അല്‍ ആരിഫ് പറഞ്ഞു. മേഖലയിലുള്ള രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയില്‍ വ്യോമയാനമേഖല വഹിക്കുന്ന നിര്‍ണായക പങ്ക്് കണക്കിലെടുത്ത് വിമാനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ട സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യോമ ഗതാഗത മേഖലയില്‍ യുഎഇയില്‍ 80,000 പേര്‍ ജോലി ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് 47.4 ബില്യണ്‍ ഡോളറിന്റെ സംഭാവനയാണ് വ്യോമയാന മേഖല നല്‍കുന്നത്. യുഎഇയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 13.3 ശതമാനം വരുമിത്.

വ്യോമമേഖലയില്‍ വിമാനങ്ങളുടെ യാത്രാത്തിരക്ക് ഒഴിവാക്കുന്നതിനായി പ്രാദേശിക വ്യോമമേഖലയുടെ പുനര്‍രൂപകല്‍പ്പന, വിമാനങ്ങളുടേ ശേഷി വര്‍ധിപ്പിക്കുന്ന തരത്തില്‍ സാങ്കേതിക വിദ്യ നവീകരിക്കുക തുടങ്ങിയ പരിഹാര മാര്‍ഗങ്ങളായിരിക്കും ഉച്ചകോടിയില്‍ അവതരിപ്പിക്കപ്പെടുക. എയര്‍ട്രാഫിക് കണ്‍ട്രോള്‍, എര്‍സ്‌പേസ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങള്‍ക്ക് മാത്രമായി ഉച്ചകോടിയില്‍ സമയം നീക്കിവെച്ചിട്ടുണ്ട്. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേതൃത്വം നല്‍കുന്ന ഉച്ചകോടിയുടെ ഏഴാംപതിപ്പാണ് ഇത്തവണ നടക്കുന്നത്. ആഗോളതലത്തിലുള്ള വ്യോമയാന നിയന്ത്രണ സമിതിയംഗങ്ങള്‍, വിമാനക്കമ്പനികള്‍, വിമാനത്താവള നടത്തിപ്പുകാര്‍, വിമാന നിര്‍മാണ കമ്പനികള്‍, പൈലറ്റ് സംഘടനകള്‍, സുരക്ഷാ സംഘടനകള്‍, എയര്‍ട്രാഫിക് കണ്‍ട്രോള്‍ സേവന ദാതാക്കള്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

Comments

comments

Categories: Arabia
Tags: Air traffic