ആരാകും 14-ാമത് ദലൈലാമയുടെ പിന്‍ഗാമി ?

ആരാകും 14-ാമത് ദലൈലാമയുടെ പിന്‍ഗാമി ?

ദലൈലാമയുടെ പിന്‍ഗാമിയെ കണ്ടെത്തല്‍ മതപരമായൊരു ചടങ്ങാണ്. പക്ഷേ, ഇന്ന് അതിന് രാഷ്ട്രീയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. സമീപദിവസങ്ങളില്‍ ദലൈലാമയുടെ പിന്‍ഗാമിയെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാക്കി ചൈനയും അമേരിക്കയും രംഗത്ത് വന്നിരിക്കുന്നു. ഇതിന്റെ പേരില്‍ ചൈനയും അമേരിക്കയും വാക്പോരും തുടങ്ങിയിരിക്കുന്നു. ദലൈലാമയുടെ പിന്‍ഗാമിയെ കണ്ടെത്താനും അവരോധിക്കാനും തങ്ങള്‍ക്കും അവകാശമുണ്ടെന്നാണു ചൈന പറയുന്നത്. എന്നാല്‍ അമേരിക്ക ഈ വാദം തള്ളിക്കളയുകയാണ്. ദലൈലാമയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ടിബറ്റന്‍ ബുദ്ധമത സംവിധാനത്തിനു മാത്രമാണുള്ളതെന്ന് അമേരിക്ക പറയുന്നു.

മോഹന്‍ലാല്‍ നായകനായി 1992-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് യോദ്ധ. ലാമയെ കുറിച്ചാണു ചിത്രം പരാമര്‍ശിക്കുന്നത്. ആരാണ് ലാമ ? ബുദ്ധമതത്തില്‍ ലാമയ്ക്കുള്ള പ്രാധാന്യം എന്താണ് തുടങ്ങിയ കാര്യങ്ങളൊക്കെ ചിത്രത്തില്‍ പറയുന്നുണ്ട്. ടിബറ്റന്‍ ബുദ്ധമതക്കാരുടെ ആത്മീയാചാര്യനാണ് ദലൈലാമ. സമീപകാലങ്ങളില്‍ ദലൈലാമയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പിന്‍ഗാമി ആരാകും എന്നതിനെ ചൊല്ലിയാണു വലിയ തോതില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. പിന്‍ഗാമിയെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ കഴിഞ്ഞ ദിവസം സാക്ഷാല്‍ ദലൈലാമ തന്നെ രംഗത്തുവരികയും ചെയ്തു. തന്റെ പിന്‍ഗാമി ആരാകും എന്നതിനെ ചൊല്ലി എന്തിനാണ് തിരക്ക് കൂട്ടുന്നതെന്നും ഇപ്പോള്‍ അക്കാര്യം ചര്‍ച്ച ചെയ്യാറായിട്ടില്ലെന്നുമായിരുന്നു ദലൈലാമ പറഞ്ഞത്.

‘എന്റെ പുനര്‍ജന്മത്തെ കുറിച്ച് നിങ്ങള്‍ എല്ലാവരും ധാരാളം ചര്‍ച്ച ചെയ്തു. എനിക്ക് 84 അല്ലെങ്കില്‍ 85 വയസായി, എങ്കിലും ഞാന്‍ സുഖമായി കഴിയുന്നു. ഇപ്പോള്‍ എന്തിനാണ് എന്റെ പുനര്‍ജന്മത്തെ കുറിച്ചു നിങ്ങള്‍ തിരക്കുന്നത് ‘- അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ധര്‍മശാലയില്‍ ടിബറ്റന്‍ റിലീജിയസ് ലീഡേഴ്‌സ് മീറ്റിംഗ് നടക്കുന്നുണ്ടായിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. ടിബറ്റന്‍ ബുദ്ധമതത്തിന്റെയും ബോണ്‍ പാരമ്പര്യങ്ങളുടെയും (Bon traditions) തലവന്മാര്‍, സന്യാസിമാര്‍, യോഗിനിമാര്‍, ഹിമാലയന്‍ പ്രദേശങ്ങളില്‍നിന്നുള്ള ബുദ്ധമത നേതാക്കളുടെ പ്രതിനിധികള്‍ എന്നിവര്‍ 14 ാമത് മത സമ്മേളനത്തിനായി വിവിധ സന്യാസ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ധര്‍മശാലയില്‍ ഒത്തുകൂടുകയുണ്ടായി. എങ്കിലും ദലൈലാമയുടെ പുനര്‍ജന്മത്തിന്റെ കാര്യത്തിനാണു മുന്‍ഗണന നല്‍കിയത്.

കാല്‍മുട്ടിന് ചില പ്രശ്‌നങ്ങളുണ്ടെന്നതൊഴിച്ചാല്‍ 84 വയസുള്ള ദലൈലാമ ആരോഗ്യവാനാണ്. എങ്കിലും പ്രായം കൂടിവരുന്നതിനാല്‍ അദ്ദേഹത്തിന്റെ പുനര്‍ജന്മത്തെ കുറിച്ചു ചര്‍ച്ച സജീവമാവുകയാണ്. (ദലൈലാമയ്ക്കു പിന്‍ഗാമിയല്ല, പുനര്‍ജന്മമാണുള്ളത്). ഇപ്പോഴുള്ളത് 14 ാമത് ദലൈലാമയാണ്. 15 ാമത് ദലൈലാമയെ നിര്‍ദേശിക്കാന്‍ ചൈന ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒക്ടോബര്‍ 29ന് നടന്ന പതിവ് പത്രസമ്മേളനത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗെങ് ഷുവാങ് നടത്തിയ പ്രസ്താവനയില്‍ ദലൈലാമയുടെ പുനര്‍ജന്മത്തിനു ചൈനീസ് സര്‍ക്കാരാണ് അംഗീകാരം നല്‍കേണ്ടതെന്നും നൂറു വര്‍ഷത്തെ ചരിത്ര സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പ് ചൈനയ്ക്കുള്ളില്‍ നടക്കണമെന്നും പറയുകയുണ്ടായി. ചൈനയുടെ മതകാര്യങ്ങള്‍ക്കായുള്ള സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ 2007 ല്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ടിബറ്റന്‍ ലാമകളുടെ എല്ലാ പുനര്‍ജന്മങ്ങള്‍ക്കും സര്‍ക്കാര്‍ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നാണ് അതില്‍ സൂചിപ്പിച്ചത്. അല്ലാത്തപക്ഷം അവ ‘നിയമവിരുദ്ധമോ അസാധുവോ’ ആയി കണക്കാക്കപ്പെടുമെന്നും അതില്‍ പറയുന്നു. എന്നാല്‍ ചൈനയുടെ നിലപാടിനെ എതിര്‍ത്തു കൊണ്ടാണ് അമേരിക്ക രംഗത്തവന്നിട്ടുള്ളത്.

ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിനു വേണ്ടിയുള്ള യുഎസ് അംബാസഡര്‍ സാം ബ്രൗണ്‍ബാക്ക് ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ധര്‍മശാലയ്ക്കു സമീപമുള്ള മക്ലിയോഡ് ഗഞ്ചില്‍ ടിബറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സിന്റെ 60-ാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു സാം ബ്രൗണ്‍ബാക്ക്. ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം പറഞ്ഞത്, യുഎസ്, ടിബറ്റന്‍ ജനതയ്ക്കും ദലൈലാമയ്ക്കുമൊപ്പമാണെന്നായിരുന്നു. ദലൈലാമയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ടിബറ്റന്‍ ബുദ്ധമത സംവിധാനത്തിനും, ദലൈലാമ, മറ്റ് ടിബറ്റന്‍ ബുദ്ധമത നേതാക്കള്‍ എന്നിവര്‍ക്കാണെന്നും ഇത് ഏതെങ്കിലും സര്‍ക്കാരിനോ, സ്ഥാപനത്തിനോ, മറ്റാര്‍ക്കെങ്കിലുമോ അവകാശപ്പെട്ടതല്ലെന്നും സാം ബ്രൗണ്‍ബാക്ക് പറയുകയുണ്ടായി. എന്നാല്‍ ബ്രൗണ്‍ ബാക്കിനെ എതിര്‍ത്ത് ചൈന രംഗത്തുവരികയുണ്ടായി. മതത്തെ ഒരു മറയായി ഉപയോഗിച്ചുകൊണ്ടു ചൈനാ വിരുദ്ധ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏറെക്കാലമായി ഏര്‍പ്പെട്ടിരുന്ന ഒരു രാഷ്ട്രീയ പ്രവാസിയാണ് പതിനാലാമത്തെ ദലൈലാമ. വിദേശ ഉദ്യോഗസ്ഥരും അദ്ദേഹവും തമ്മിലുള്ള ഏതെങ്കിലും തരത്തിലുള്ള ബന്ധത്തെ ചൈന ശക്തമായി എതിര്‍ക്കുന്നു. ടിബറ്റിനെ ചൈനയുടെ ഭാഗമായി അംഗീകരിക്കുന്നുണ്ടെന്നു യുഎസ് അറിയിച്ചിട്ടുള്ളതാണ്. ‘ടിബറ്റന്‍ സ്വാതന്ത്ര്യത്തെ’ പിന്തുണയ്ക്കില്ലെന്നും യുഎസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സാം ബ്രൗണ്‍ ബാക്കിന്റെ പ്രസ്ഥാവന ഇവയെല്ലാം ലംഘിക്കുന്നതാണ്. ചൈന അതിനെ ശക്തമായി എതിര്‍ക്കുന്നതായും വിദേശകാര്യ മന്ത്രാലയം വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.

ആരാണ് ദലൈലാമ ?

ടിബറ്റുകാരുടെ ആത്മീയ നേതാവായാണ് ദലൈലാമ അറിയപ്പെടുന്നത്. ദലൈലാമ, അവലോകിതേശ്വരന്റെ അവതാരമാണെന്നും പറയപ്പെടുന്നു. ലോകേശ്വരന്‍, ലോകനാര്‍ ഈശ്വരന്‍ എന്നും അറിയപ്പെടുന്നു. കാരുണ്യത്തിന്റെ അനുകമ്പയുടെ മൂര്‍ത്തിമദ്ഭാവമാണ് അവലോകിതേശ്വരന്‍. ബുദ്ധമതവിശ്വാസികള്‍ ഏറ്റവും കൂടുതല്‍ ആദരിക്കുന്നതും ലോകേശ്വരനെയാണ്. ഇന്ത്യയില്‍ പുരുഷ രൂപത്തിലും ചൈനയില്‍ സ്ത്രീ രൂപത്തിലുമാണ് അവലോകിതേശ്വരനെ ആരാധിക്കുന്നത്. ബുദ്ധമതക്കാരെ സംബന്ധിച്ചിടത്തോളം ആത്യന്തിക ലക്ഷ്യം ജ്ഞാനോദയമാണ് അഥവാ ”നിര്‍വാണം” ആണ്. അതായത്, ജനന-മരണ ചക്രത്തില്‍ നിന്നുള്ള മോചനം.

നിലവിലെ ദലൈലാമ പതിനാലാമത്തെ പുനര്‍ജന്മമാണ്. 1950 നവംബറില്‍ 15 ാം വയസിലാണ് 14 ാമത് ദലൈലാമ ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തത്. 1959 ലെ ടിബറ്റന്‍ പ്രക്ഷോഭത്തില്‍ ദലൈലാമ ഇന്ത്യയിലേക്കു പലായനം ചെയ്യുകയും ഇവിടെ അഭയം തേടുകയും ചെയ്തു. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രധാന ഉഭയകക്ഷി തര്‍ക്കങ്ങളിലൊന്നു ദലൈലാമ ഇന്ത്യയില്‍ താമസിക്കുന്നതാണ്. ആത്മീയ നേതാവിന് അഭയം നല്‍കാനുള്ള തീരുമാനത്തില്‍ ഇന്ത്യ എല്ലായ്പ്പോഴും ഉറച്ചുനില്‍ക്കുന്നത് ചൈനയെ പ്രകോപിപ്പിക്കുന്നുമുണ്ട്. സമാധാനവും അഹിംസയും പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെ മാനിച്ചു കൊണ്ടു ദലൈലാമയ്ക്കു സമാധാന നൊബേല്‍ 1989 ല്‍ സമ്മാനിച്ചു.

ദലൈലാമയുടെ പിന്‍ഗാമിയെ എങ്ങനെ തിരഞ്ഞെടുക്കും ?

ടിബറ്റുകാരുടെ വിശ്വാസപ്രകാരം, അവരുടെ ആത്മീയ നേതാവായ ദലൈലാമ മരിച്ചാല്‍ ആത്മാവ് മറ്റൊരു ശരീരം സ്വീകരിച്ചു വീണ്ടും ജനിക്കുമെന്നാണ്. പുതിയ ലാമയെ കണ്ടെത്തുന്ന പ്രക്രിയ ദൈര്‍ഘ്യമേറിയതും വര്‍ഷങ്ങളേറെയെടുക്കുന്നതുമാണ്. ആത്മീയ അടയാളങ്ങളും ദര്‍ശനങ്ങളും അടിസ്ഥാനമാക്കിയാണ് ദലൈലാമയെ പരമ്പരാഗതമായി കണ്ടെത്തുന്നത്.

പതിനാലാമത്തെ ദലൈലാമയെ കണ്ടെത്താന്‍ നാല് വര്‍ഷമെടുത്തിരുന്നു. നേരത്തേ ലാമയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ ടിബറ്റില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോഴത്തെ ദലൈലാമ പറയുന്നത്, അദ്ദേഹത്തിനു പുനര്‍ജന്മം ലഭിക്കാന്‍ സാധ്യതയില്ലെന്നും, ഇനി അങ്ങനെ സംഭവിച്ചാല്‍ പോലും അത് ചൈനീസ് ഭരണത്തിന്‍ കീഴിലുള്ള ഒരു പ്രദേശത്ത് ഉണ്ടാകില്ലെന്നുമാണ്. കാരണം അദ്ദേഹം ടിബറ്റിനു പുറത്തുള്ള പ്രദേശത്താണ് വര്‍ഷങ്ങളായി കഴിയുന്നത്. ‘ തന്റെ ജീവിതം ടിബറ്റിനു പുറത്താണ്, അതിനാല്‍ ലാമയുടെ പുനര്‍ജന്മം യുക്തിപരമായി നോക്കുമ്പോള്‍ ടിബറ്റിനു പുറത്താണ് കണ്ടെത്തേണ്ടത് ‘ ലാമ പറഞ്ഞു.

മുന്‍കാലങ്ങളില്‍, വിശ്വസിച്ചിരുന്നത് ദലൈലാമ മരിച്ചു കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തില്‍നിന്നും ഉയരുന്ന പുകയുടെ ദിശ, ലാമയുടെ പുനര്‍ജന്മം നടക്കുന്ന സ്ഥലത്തെ കുറിച്ചു സൂചന നല്‍കിയിരുന്നെന്നാണ്. പിന്‍ഗാമിയെ കണ്ടെത്തിക്കഴിഞ്ഞാല്‍, ആചാരമനുസരിച്ചു വീണ്ടും പരിശോധനയ്ക്കു വിധേയമാക്കും. പിന്‍ഗാമിയായി കണ്ടെത്തിയയാളെ യഥാര്‍ത്ഥ ലാമയുടെ പുനര്‍ജന്മമാണെന്ന് ഉറപ്പാക്കുകയും ചെയ്യും. ഇനി ഒന്നിലധികം പേരെ ലാമയുടെ പിന്‍ഗാമിയായി തിരിച്ചറിഞ്ഞാല്‍, പൊതുജനങ്ങള്‍ക്കു മുന്നില്‍ നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് അന്തിമ പിന്‍ഗാമിയെ തീരുമാനിക്കുന്നത്. പിന്‍ഗാമിയെ തിരിച്ചറിഞ്ഞാല്‍, ആ കുട്ടിയെ കുടുംബത്തോടൊപ്പം ലാമയുടെ താമസസ്ഥലത്തേക്കു കൊണ്ടുപോകുകയും ആത്മീയ നേതൃത്വം ഏറ്റെടുക്കാന്‍ അവനെ സജ്ജമാക്കാന്‍ ബുദ്ധമതഗ്രന്ഥങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു.

ദലൈലാമ ഒരു ദിവസം ചെലവഴിക്കുന്നത് എങ്ങനെ ?

രാവിലെ 3.30ന് ഉണരും. പിന്നെ പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ചതിനു ശേഷം ധ്യാനിക്കും. വ്യായാമം ചെയ്യും. പിന്നെ കുളിക്കും. അതിനു ശേഷം അല്‍പ സമയം ആശ്രമത്തിനു പുറത്ത് നടക്കും. ഈ സമയങ്ങളിലൊക്കെ മന്ത്രം ചൊല്ലുകയോ ധ്യാനിക്കുകയോ ചെയ്യും. 5.15 ന് പ്രഭാത ഭക്ഷണം കഴിക്കും. 5.30ന് വോയ്സ് ഓഫ് അമേരിക്കയുടെ ബ്രോഡ്കാസ്റ്റിംഗ്, ടിബറ്റന്‍ ഭാഷയില്‍ ശ്രവിക്കും.

ബിബിസി ഈസ്റ്റ് ഏഷ്യ പ്രക്ഷേപണം പലപ്പോഴും ടിബറ്റിനെക്കുറിച്ചോ ചൈനയെക്കുറിച്ചോ എന്തെങ്കിലും പരാമര്‍ശിക്കാറുണ്ട്. അതിനാല്‍ സാധാരണയായി അതും ശ്രദ്ധിക്കുന്നു. പിന്നീട് ധ്യാനിക്കുകയോ ടിബറ്റന്‍ തത്വചിന്തകളോ അതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പാഠങ്ങളോ പഠിക്കാനും സമയം ചെലവഴിക്കും. എന്തെങ്കിലും അടിയന്തരമായി ചെയ്തു തീര്‍ക്കേണ്ട മറ്റ് കാര്യങ്ങളുണ്ടെങ്കില്‍ ഓഫീസിലേക്കു പോകും. തുടര്‍ന്ന് അക്കാര്യങ്ങള്‍ ചെയ്തു തീര്‍ക്കും. ഉച്ച ഭക്ഷണത്തിനു മുന്‍പ് പത്രങ്ങളും മാസികകളും വായിക്കും. ടൈം മാസിക, ഇന്ത്യന്‍ ഭാഷാ പത്രങ്ങള്‍ ഇവയൊക്കെ വായിക്കാറുണ്ട്. ബിബിസി വേള്‍ഡ് ന്യൂസിന്റെ ആരാധകനാണ് ദലൈലാമ. അവ സ്ഥിരമായി ശ്രവിക്കാറുണ്ട്. ഏതു രാജ്യത്ത് ചെന്നാലും ഈ പതിവ് മുടക്കാറുമില്ല. ഉച്ചഭക്ഷണത്തിനു ശേഷം വൈകുന്നേരം 5.30 ഓടെ ഓഫീസിലെത്തും. 6.00ന് ബുദ്ധസന്ന്യാസികളുമൊത്ത് ചായ. ഉച്ചഭക്ഷണം സാധാരണയായി ബിസ്‌ക്കറ്റിലോ ബ്രെഡിലോ ഒതുക്കുകയാണു പതിവ്. ഉച്ചഭക്ഷണ സമയത്തും ബിബിസി ടെലിവിഷന്‍ വീക്ഷിക്കാറുണ്ട്. വൈകുന്നേരം ഒരു മണിക്കൂര്‍ ധ്യാനത്തിനു സമയം കണ്ടെത്താറുണ്ട്. 8.30 മണിക്ക് ഉറങ്ങാന്‍ കിടക്കും.

14-ാമത് ദലൈലാമ

ടെന്‍സിംഗ് ഗ്യാറ്റ്സോ എന്നാണ് ഇപ്പോഴത്തെ ദലൈലാമയുടെ പേര്. 1935 ജുലൈ ആറിന് വടക്ക്കിഴക്കന്‍ ടിബറ്റിലുള്ള തക്സറില്‍ ജനിച്ചു. രണ്ടാം വയസിലാണ് ദലൈലാമയുടെ പുനര്‍ജന്മമാണെന്നു തിരിച്ചറിഞ്ഞത്. ആറാം വയസില്‍ സന്യാസ വിദ്യാഭ്യാസം ആരംഭിച്ചു. സംസ്‌കൃത വ്യാകരണം, ഫൈന്‍ ആര്‍ട്സ്, ലോജിക്, മെഡിസിന്‍ എന്നിവയാണ് സന്യാസ വിദ്യാഭ്യാസത്തിലുള്ളത്. ഇതോടൊപ്പം ബുദ്ധമത തത്വചിന്തയ്ക്കും (Buddhist philosophy) പ്രാധാന്യം നല്‍കുന്നു. ബുദ്ധമത തത്വചിന്ത അഞ്ച് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 1959-ല്‍ 23-ാം വയസില്‍ ഇപ്പോഴത്തെ ലാമ സന്യാസ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. ബുദ്ധമത തത്വചിന്തയില്‍ ഉയര്‍ന്ന ഡോക്ടറേറ്റായ ഗെഷെ ലാരമ്പ (Geshe Lharampa) ലഭിച്ചു.

ചൈനയും ദലൈലാമയും

1950 ല്‍ ചൈനയുടെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ടിബറ്റ് കൈയ്യടക്കി. ഇതേത്തുടര്‍ന്നു ദലൈലാമ 1959 ല്‍ ഇന്ത്യയില്‍ അഭയം തേടി. ടിബറ്റന്‍ ജനത ഏറ്റവുമധികം ആരാധിക്കുന്ന വ്യക്തിയാണ് ദലൈലാമ. പക്ഷേ, 1959 ല്‍ അദ്ദേഹത്തിനു നാട് വിടേണ്ടി വന്നത് ടിബറ്റന്‍ ജനതയുടെ രോഷം ചൈനീസ് ഭരണകൂടത്തിനെതിരേ ഉയരാന്‍ കാരണമായി. 15 ാമത് ദലൈലാമയെ അവരോധിക്കാന്‍ ചൈന അവകാശമുന്നയിക്കുമെന്നു മുന്‍കൂട്ടി കണ്ടിരുന്നു ഇപ്പോഴത്തെ ദലൈലാമ. ഈ സാഹചര്യം മുന്‍കൂട്ടി മനസിലാക്കിയ അദ്ദേഹം ചൈനയ്ക്ക് അത്തരം സാഹചര്യം ഉണ്ടാകുന്നത് തടയാന്‍ വേണ്ടി 15 ാമത് ദലൈലാമയെ കണ്ടെത്താനുള്ള നടപടിക്രമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മരിക്കുന്നതിനു മുന്‍പ് തന്റെ പുനര്‍ജന്മത്തെ കണ്ടെത്തി സ്ഥാനത്ത് അവരോധിക്കുക എന്നതാണ് അവയില്‍ ഒരു ഓപ്ഷന്‍. ഇതുപ്രകാരം തന്റെ ആത്മീയ തിരിച്ചറിവ് (spiritual realization) പിന്‍ഗാമിക്ക് കൈമാറും. ഇനി മറ്റൊരു ഓപ്ഷന്‍, ടിബറ്റിനു പുറത്ത് 14 ാമത് ദലൈലാമ മരിക്കുകയാണെങ്കില്‍, അദ്ദേഹത്തിന്റെ പുനര്‍ജന്മം വിദേശത്ത് ആയിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അത് മിക്കവാറും ഇന്ത്യയിലുമായിരിക്കും.

Categories: Top Stories
Tags: Dalai Lama