കേരളം നിക്ഷേപിക്കാന്‍ മികച്ചയിടമെന്ന് നിസ്സാന്‍

കേരളം നിക്ഷേപിക്കാന്‍ മികച്ചയിടമെന്ന് നിസ്സാന്‍

കേരളത്തിന്റെ നിക്ഷേപ സാധ്യതകളെ അനാവരണം ചെയ്യുന്ന സെമിനാര്‍ ടോക്കിയോയില്‍ നടന്നു

കേരളത്തിലെ റോഡ് ഗതാഗത സൗകര്യങ്ങളും ശുദ്ധവായുവും രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളേക്കാള്‍ മികച്ചത്. ജനങ്ങളുടെ സഹകരണവും ലഭിക്കുന്നു

-മിനോരു നൗര്‍മറൂ, നിസ്സാന്‍ വൈസ് പ്രസിഡന്റ്‌

ടോക്കിയോ: കേരളത്തില്‍ ഡിജിറ്റല്‍ ഹബ്ബ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്ന് നിസ്സാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്റ് മിനോരു നൗര്‍മറൂ പറഞ്ഞു. ജപ്പാനിലെ ടോക്കിയോയില്‍ വെച്ചു നടത്തിയ കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള സെമിനാറിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. മുഖ്യമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനവേളയിലാണ് കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ സെമിനാര്‍ സംഘടിപ്പിച്ചത്.

കേരളത്തിലെ റോഡ് ഗതാഗത സൗകര്യങ്ങളും ശുദ്ധവായുവും രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളേക്കാള്‍ മികച്ചതാണ്. ജനങ്ങളുടെ മെച്ചപ്പെട്ട സഹകരണവും ലഭിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 600 ഓളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. തിരുവനന്തപുരത്തെ തന്നെ മറ്റ് ഐടി കമ്പനികളിലെ 400 ഓളം പേരുടെ സേവനവും ഉപയോഗിക്കുന്നുണ്ടെന്ന് നൗര്‍മറൂ വ്യക്തമാക്കി. 1000 ത്തോളം കോണ്‍ട്രാക്റ്റര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും പരോക്ഷമായും തൊഴില്‍ നല്‍കുന്നു. 161 രാജ്യങ്ങളിലെ നിസാന്റെ എല്ലാ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്കും നല്‍കുന്ന ഡിജിറ്റല്‍ പിന്തുണയില്‍ പകുതിയും കേരളത്തില്‍ നിന്നുമാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷമാണ് നിസ്സാന്‍ ഡിജിറ്റല്‍ ഹബ്ബ് ആരംഭിച്ചത്.

Categories: Business & Economy, Slider
Tags: Nissan