ലോക സമ്പന്നരില്‍ അംബാനി ഒന്‍പതാമന്‍

ലോക സമ്പന്നരില്‍ അംബാനി ഒന്‍പതാമന്‍

റിലയന്‍സ് ചെയര്‍മാന്റെ ഇന്നലത്തെ തല്‍സമയ ആസ്തി 59.7 ബില്യണ്‍ ഡോളര്‍

മുംബൈ: ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേക്ക് കുതിച്ചുകയറി റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ചെയര്‍മാന്‍ മുകേഷ് അംബാനി. തല്‍സമയ ആസ്തി അളക്കുന്ന ഫോബ്‌സിന്റെ റിയല്‍ ടൈം ബില്യണയര്‍ പട്ടികയിലാണ് അംബാനി നേട്ടമുണ്ടാക്കിയത്. വ്യാഴാഴ്ചത്തെ ഓഹരി മൂല്യമനുസരിച്ച് 60.8 ബില്യണ്‍ ഡോളറായിരുന്നു മുകേഷിന്റെ തല്‍സമയ ആസ്തി. ഇന്നലെ ഇത് 59.7 ബില്യണിലേക്ക് കുറഞ്ഞെങ്കിലും അദ്ദേഹം സ്ഥാനം നിലനിര്‍ത്തി. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഫോബ്‌സിന്റെ സമ്പന്ന പട്ടികയില്‍ ആഗോളതലത്തില്‍ മുകേഷ് അംബാനിക്ക് 13 ാം സ്ഥാനമായിരുന്നു.

ആര്‍ഐഎലിന്റെ വിപണി മൂലധനത്തിലുണ്ടായ റെക്കോഡ് വര്‍ധനവാണ് മുകേഷിന്റെ സ്വകാര്യ സ്വത്ത് വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വിപണി മൂലധനം 10 ലക്ഷം കോടി രൂപ കടത്തിയ ആര്‍ഐഎല്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കമ്പനിയായി ചരിത്രം കുറിച്ചിരുന്നു. പ്രതി ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,581.25 ല്‍ എത്തുകയുമുണ്ടായി.

ഒന്നാമന്‍ ബെസോസ്

ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് തന്നെയാണ് തല്‍സമയ ആസ്തിയില്‍ മുമ്പന്‍. അദ്ദേഹത്തിന്റെ വ്യാഴാഴ്ചത്തെ തല്‍സമയ ആസ്തി 113 ബില്യണ്‍ ഡോളറാണ്. 107.9 ബില്യണ്‍ ഡോളറുമായി ഫ്രഞ്ച് ബഹുരാഷ്ട്ര പ്രീമിയം ഉല്‍പ്പന്ന ബ്രാന്‍ഡായ എല്‍വിഎംഎച്ചിന്റെ ഉടമകളായ ബെര്‍ണാഡ് അര്‍നോള്‍ട്ടും കുടുംബവുമാണ് രണ്ടാമത്. 107.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ബില്‍ ഗേറ്റ്‌സ് മൂന്നാമതുണ്ട്. വാറന്‍ ബഫറ്റ് (86.9), മാര്‍ക്ക് സക്കര്‍ബര്‍ഗ് (74.9) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍

Categories: FK News, Slider