ഉല്‍പ്പാദനരംഗത്തെ അവഗണിച്ചതിന്റെ പ്രത്യാഘാതം കേരളത്തിലുണ്ട്

ഉല്‍പ്പാദനരംഗത്തെ അവഗണിച്ചതിന്റെ പ്രത്യാഘാതം കേരളത്തിലുണ്ട്

കേരളത്തിന്റെ സാമ്പത്തികസ്രോതസുകള്‍ വളരെ പരിമിതമാണെന്നും മലയോര പ്രദേശങ്ങളില്‍ കൃഷിചെയ്യുന്ന ഗ്രാമ്പുവും കുരുമുളകും ഏലവും അല്ലാതെ ഇവിടെ കാര്യമായി ഒന്നും ഉല്‍പ്പാദിപ്പിക്കുന്നില്ലെന്നും സിപിഐ നേതാവും മുന്‍മന്ത്രിയുമായ സി ദിവാകരന്‍ എംഎല്‍എ. അമേരിക്കയില്‍ നിന്നും ഔട്ട്‌സോഴ്‌സ് ചെയ്യുന്ന കുറേ വ്യവസായങ്ങളാണ് ടെക്‌നോപാര്‍ക്കില്‍ നടക്കുന്നത്. നമ്മുടെ തനതായ ഒരു സംഭാവനയും അതിലുമില്ല-അദ്ദേഹം ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

  • പണവും മതവും രാഷ്ട്രീയത്തില്‍ നിയന്ത്രിക്കപ്പെടണം
  • എല്ലാം ഇപ്പോള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയാണ്
  • പാവപ്പെട്ടവരോട് നീതി കാണിക്കുക എന്നതാണ് രാഷ്ട്രീയത്തിന്റെ പ്രധാന ലക്ഷ്യം

സുല്‍ത്താന്‍ ബത്തേരിയിലെ ഷഹ്ല ഷെറിന്‍ എന്ന പെണ്‍കുട്ടി ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ചതാണല്ലോ ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണമെന്നത് അവകാശവാദങ്ങള്‍ക്കപ്പുറം എത്രത്തോളം യാഥാര്‍ത്ഥ്യമായിട്ടുണ്ട്?

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പ്രധാനലക്ഷ്യം വിദ്യാഭ്യാസ ഉള്ളടക്കത്തിന്റെ നിലവാരം ഉയര്‍ത്തുക എന്നതാണ്. മറ്റൊന്ന് വിദ്യാഭ്യാസരംഗത്ത് അടിസ്ഥാനസൗകര്യം സാധ്യമാക്കുക എന്നതും. ഇതില്‍ കരിക്കുലത്തില്‍ മാറ്റം വരുത്തേണ്ടത് അക്കാദമിക് രംഗത്തെ പ്രഗല്‍ഭരും വിദ്യാഭ്യാസവകുപ്പിലെ ഉന്നതഉദ്യോഗസ്ഥരും ചേര്‍ന്നാണ്. അതിന് വേണ്ടി കരിക്കുലം കമ്മിറ്റി ഉണ്ട്. സ്‌കൂളുകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പിഡബ്ലുഡി ആണ് ചെയ്തുകൊണ്ടിരുന്നത്. ഇപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ട്. കേരളത്തിലെ 140 മണ്ഡലങ്ങളിലും ഓരോ ഹൈസ്‌കൂളിന് അഞ്ച് കോടി രൂപയും മൂന്നോ നാലോ യുപി സ്‌കൂളിന് മൂന്ന് കോടിയും എല്‍പി സ്‌കൂളിന് ഒരു കോടിയും വീതം അടിസ്ഥാനസൗകര്യവികസനത്തിന് നല്‍കാന്‍ നിയമസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തായി എന്നാണ് വയനാട്ടിലെ സംഭവം തെളിയിക്കുന്നത്. സര്‍ക്കാര്‍ ഒരുകോടി രൂപ അനുവദിച്ച സ്‌കൂളിലാണ് പാമ്പിന്റെ മാളങ്ങള്‍ ഉണ്ടായിരുന്നത്. കുട്ടികള്‍ എവിടെയാണ് പോകുന്നത്, എന്താണ് അവരുടെ ക്ലാസിലെ സൗകര്യം, അവരുടെ പ്രാഥമികആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമുണ്ടോ എന്നിവയൊക്കെ ശ്രദ്ധിക്കേണ്ടത് അതാത് സ്‌കൂളുകളിലെ ഹെഡ്മാസ്റ്ററും പിടിഎയും രക്ഷകര്‍ത്താക്കളുമൊക്കെയാണ്. ഇതെല്ലാം ഗവണ്‍മെന്റിന് ശ്രദ്ധിക്കാന്‍ കഴിയില്ല. പ്രാദേശികമായ ആളുകള്‍ ഇവയെല്ലാം പരിശോധിച്ച് ഗവണ്‍മെന്റിന് പരാതി നല്‍കണമായിരുന്നു, കളക്ടര്‍ക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ പരാതി നല്‍കാം. അക്കാര്യത്തില്‍ ഒരു ബോധവല്‍ക്കരണം നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് അനിവാര്യമായി തീര്‍ന്നിരിക്കുന്നു.

ഗവണ്‍മെന്റിന് ഓരോ സ്‌കൂളിലേയും അവസ്ഥകള്‍ പരിശോധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ അവിടത്തെ പ്രാദേശിക ഭരണകൂടത്തിന് ഇത് ശ്രദ്ധിക്കാന്‍ കഴിയില്ലേ?

തീര്‍ച്ചയായും. അതിനാണല്ലോ അധികാരവികേന്ദ്രികരണം നടത്തിയിരിക്കുന്നത്. ഈ സ്‌കൂള്‍ അവിടത്തെ ലോക്കല്‍ ബോഡിയുടെ നിയന്ത്രണത്തിലാണ്. കേരളത്തിലെ എല്ലാ ഹയര്‍സെക്കന്‍ഡറി- ഹൈസ്‌കൂളുകള്‍ ജില്ലാ പഞ്ചായത്തിന്റേയും യുപി സ്‌കൂളുകള്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും എല്‍പി സ്‌കൂളുകള്‍ ഗ്രാമപഞ്ചായത്തുകളുടെയും കീഴിലാണ്. അവരും ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്.

സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്നും ഖജനാവില്‍ പണമില്ലെന്നുമൊക്കെ പറയുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനാവശ്യചെലവുകള്‍ കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന ആരോപണം മാധ്യമങ്ങളും പ്രതിപക്ഷവും ഉന്നയിക്കുന്നുണ്ട്

അത് പൂര്‍ണമായും വസ്തുതയല്ല, അര്‍ധസത്യങ്ങളാണ്. ഒരു പോസ്റ്റ് സൃഷ്ടിക്കുന്നതോ ഒരാളെ നിയമിക്കുന്നതോ അല്ല ധൂര്‍ത്ത്. പൂര്‍ണമായും പരിശോധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തികസ്രോതസുകള്‍ വളരെ പരിമിതമാണ്. മലയോര പ്രദേശങ്ങളില്‍ കൃഷിചെയ്യുന്ന ഗ്രാമ്പുവും കുരുമുളകും ഏലവും അല്ലാതെ ഇവിടെ ഒന്നും ഉല്‍പ്പാദിപ്പിക്കുന്നില്ല. അമേരിക്കയില്‍ നിന്നും ഔട്ട്‌സോഴ്‌സ് ചെയ്യുന്ന കുറേ വ്യവസായങ്ങളാണ് ടെക്‌നോപാര്‍ക്കില്‍ നടക്കുന്നത്. നമ്മുടെതായ ഒരു സംഭാവനയും അതിലുമില്ല. കുറച്ചുകാലം മുമ്പ് നമ്മുടെ ചില ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ഉണ്ടായിരുന്നു. കെല്‍ട്രോണിന്റെ ടിവി ആണ് ആദ്യമായി ഇവിടത്തെ ജനങ്ങള്‍ കണ്ടത്. എന്നാല്‍ ഇന്ന് കെല്‍ട്രോണ്‍ വെറുമൊരു ട്രേഡിംഗ് ഏജന്‍സി മാത്രമായി മാറിയിരിക്കുകയാണ്. കേരളത്തില്‍ സ്വന്തമായി ഉല്‍പ്പാദനം ഇല്ലാത്തതിന്റെ ഗുരുതരമായ അവസ്ഥ ഇന്ന് സാമ്പത്തികരംഗത്തുണ്ട്. കാര്‍ഷികമേഖലയിലും ഉല്‍പ്പാദനം വല്ലാതെ ക്ഷീണിച്ചുപോയിട്ടുണ്ട്. അതേസമയം വികസനം വേണം, ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണം, സാമൂഹ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിനൊക്കെ പണമെവിടെ. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ തന്നെ കോടാനുകോടി രൂപ പ്രതിവര്‍ഷം ചെലവാക്കുന്നുണ്ട്. അറുപത് വയസ് കഴിഞ്ഞ മുഴുവന്‍ ജനങ്ങള്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ അഞ്ച് വര്‍ഷങ്ങളിലും ശമ്പളപരിഷ്‌കരണം വേണമെന്ന് പറഞ്ഞാല്‍ അതിനി ഒരു ഗവണ്‍മെന്റിനും മാറ്റാനാകില്ല. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെങ്കില്‍ സാമ്പത്തികസ്രോതസുകള്‍ വേറെ കണ്ടെത്തണം. മുഖ്യമന്ത്രിയുടെ വിദേശ യാത്രകളുടെ ഉദ്ദേശ്യം തന്നെ കുത്തക കമ്പനികളുടെ മൂലധനനിക്ഷേപങ്ങള്‍ കേരളത്തിലേയ്ക്ക് ആകര്‍ഷിച്ച് നമ്മുടെ സമ്പദ്ഘടന നന്നാക്കുക എന്നതാണ്. അതിന് വേണ്ടിയാണ് കിഫ്ബി രൂപീകരിച്ചത്. അതിന്റെ ഫലമെന്താണെന്ന് കാത്തിരുന്ന് കാണാം.

ഒരാഴ്ച്ച മുമ്പ് ഒരു പ്രതിപക്ഷ എംഎല്‍എ നിയമസഭയ്ക്ക് മുന്നില്‍ പോലീസ് മര്‍ദ്ദനത്തിനിരയായത് നിയമസഭയെ പ്രക്ഷുബ്ദമാക്കിയിരുന്നു. കുറച്ചുനാള്‍ മുമ്പ് ഭരണകക്ഷിയില്‍പ്പെട്ട മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമും ഇത്തരത്തില്‍ പോലീസിന്റെ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നിരുന്നു. ഇക്കാര്യത്തില്‍ പൊലീസ് കുറെക്കൂടി ജാഗ്രത പാലിക്കേണ്ടതല്ലെ?

പൊലീസ് കുറേക്കൂടി നമ്മുടെ നാട്ടിലെ സാമൂഹ്യ പശ്ചാത്തലം മനസിലാക്കണം. എംഎല്‍എയും മന്ത്രിയും തമ്മില്‍ വലിയ ദൂരമില്ല. ഇന്ന് എംഎല്‍എ യെ അടിച്ചെങ്കില്‍ നാളെ മന്ത്രിയേയും അടിക്കാം. പക്ഷെ ഇതൊരു വലിയ പ്രശ്‌നമായിട്ടൊന്നും പ്രതിപക്ഷം സഭയില്‍ കൊണ്ടുവരേണ്ട കാര്യമില്ല. പ്രതിപക്ഷത്തെ നേതാക്കളോട് ഞാന്‍ പറഞ്ഞിരുന്നു, ഞാന്‍ പ്രതിപക്ഷ ഉപനേതാവും വിഎസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവും ആയിരുന്ന കാലത്ത് ഞങ്ങള്‍ രണ്ടുപേരെയും ഉമ്മന്‍ചാണ്ടിയുടെ പൊലീസ് കൈകാര്യം ചെയ്തിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുമ്പില്‍ ജലപീരങ്കിയും ടിയര്‍ ഗ്യാസും ഉപയോഗിച്ചതിനെ തുടര്‍ന്ന് അന്ന് എന്നെയും വിഎസിനേയും ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നു. നമ്മള്‍ പൊതുരംഗത്ത് നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വരുമെന്ന് സഭയില്‍ വച്ച് ഞാന്‍ പ്രതിപക്ഷത്തെ അംഗങ്ങളോട് പറഞ്ഞു. വലിയൊരു പ്രശ്‌നം നടക്കുമ്പോള്‍ എംഎല്‍എയ്ക്ക് മാത്രം പ്രത്യേകപരിഗണന നല്‍കാന്‍ കഴിയുമോ. അതേസമയം ചെയ്തത് ശരിയോ തെറ്റോ എന്ന് മാറിനിന്ന് ചിന്തിച്ചാല്‍ ഇത് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച്ചയാണ് എന്ന് തന്നെ പറയാം. ജനപ്രതിനിധികളെ എന്ന് മാത്രമല്ല, എല്ലാ നേതാക്കന്മാരെയും പൊലീസ് ബഹുമാനിക്കണം. നമ്മുടെ സംസ്‌കാരം അതാണ്.

മഹാരാഷ്ട്രയില്‍ അടക്കം നടക്കുന്ന രാഷ്ട്രീയസംഭവവികാസങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

നമ്മുടെ രാജ്യം ഇന്ന് എങ്ങോട്ട് പോകുന്നുവെന്ന് ദേശീയപാര്‍ട്ടികളുടെ നേതൃത്വത്തിന് പോലും പിടിയില്ല. രാഷ്ട്രീയമെന്നത് രാഷ്ട്രീയപാര്‍ട്ടികളുടെയും രാഷ്ട്രീയനേതാക്കളുടെയും കൈവിട്ടുപോകുകയാണ്. ദേശീയരാഷ്ട്രീയത്തെ ഇന്ന് സ്വാധീനിക്കുന്നത് പണവും മതവുമാണ്. ഇങ്ങനെപോയാല്‍ നമ്മുടെ രാജ്യവും അയല്‍പക്കത്തുള്ള ചില രാജ്യങ്ങളെ പോലെ ഒരു മതാധിഷ്ഠിത റിപ്പബ്ലിക്കായി മാറിക്കൂടാ എന്നില്ല. പാകിസ്ഥാന്‍ തങ്ങളൊരു ഇസ്ലാം റിപ്പബ്ലിക്കാണെന്നും ശരിഅത്താണ് തങ്ങളുടെ നിയമമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയെ ഒരു ഹിന്ദു റിപ്പബ്ലിക്ക് ആക്കാനുമാണ് ചിലര്‍ക്ക് ആഗ്രഹം. ഇപ്പോള്‍ സുപ്രീംകോടതി ജഡ്ജിമാരുടെ നാക്കിന്റെ തുമ്പത്താണ് ഭാവി ജനാധിപത്യം. നമ്മളതാണ് മഹാരാഷ്ട്രയില്‍ കണ്ടല്ലോ. മുമ്പ് കര്‍ണാടകയിലായിരുന്നു. അങ്ങനെ പോകുന്നത് വളരെ അപകടമാണ്. നമ്മുടെ ഭരണഘടന അനുസരിച്ച് കാര്യങ്ങള്‍ കൊണ്ടുപോകുന്നതിന് ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ആലോചിക്കേണ്ടതുണ്ട്. പണവും മതവും രാഷ്ട്രീയത്തില്‍ നിന്നും നിയന്ത്രിക്കപ്പെടണം. ജനാധിപത്യത്തിന് പകരം പണാധിപത്യം വരുകയാണ്. ഞാന്‍ പലരോടും പറഞ്ഞിട്ടുണ്ട്, തെരഞ്ഞെടുപ്പുകള്‍ ഗവണ്‍മെന്റ് നേരിട്ട് നടത്തണം എന്ന്. ദേശീയ അംഗീകാരമുള്ള പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് മല്‍സരിക്കാം. എല്ലാ പാര്‍ട്ടികള്‍ക്കും മല്‍സരിക്കാന്‍ പറ്റില്ല. ഓരോ പാര്‍ട്ടിയുടെയും ചെലവെന്താണെന്ന് ഗവണ്‍മെന്റ് തീരുമാനിച്ച് ഗവണ്‍മെന്റ് തന്നെ ചെലവാക്കണം. അതിന്റെയൊരു നിശ്ചിതശതമാനം തുക സ്ഥാനാര്‍ത്ഥി ട്രഷറിയില്‍ അടയ്ക്കണം. അത്തരത്തില്‍ രാഷ്ട്രീയത്തില്‍ പണത്തിന്റെ സ്വാധീനം നിയന്ത്രിക്കണം. രണ്ടാമത് മതം. രാഷ്ട്രീയത്തില്‍ പുരോഹിതന്മാര്‍ ഇടപെടുന്നില്ല എന്ന് പറയുന്നതൊക്കെ ശുദ്ധഅസംബന്ധമാണ്. ഞാന്‍ നാല് തെരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചയാളാണ്. മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ഞാന്‍ ജയിച്ചു. നാലാമത്തേത് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പാണ്. ആ തെരഞ്ഞെടുപ്പാണ് എന്റെ കണ്ണ് തുറപ്പിച്ചത്. മതങ്ങളുടെ നഗ്നമായ ഇടപെടലായിരുന്നു നടന്നത്. എല്ലാതരത്തിലും. കുറച്ചുനാള്‍ കൂടി കഴിഞ്ഞ് ഞാന്‍ കുറെക്കൂടി ഇക്കാര്യം വ്യക്തമാക്കാം.

സിപിഎമ്മിലും സിപിഐയിലും കടുത്ത് നേതൃദാരിദ്ര്യമുണ്ട്. സികെ ചന്ദ്രപ്പനെയും വിഎസ് അച്യുതാനന്ദനേയും പോലുള്ള നേതാക്കള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ല എന്ന് താങ്കള്‍ കുറച്ചുനാള്‍ മുമ്പ് പറഞ്ഞിരുന്നു. പുതുതലമുറ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ എത്തരത്തില്‍ മെച്ചപ്പെടണമെന്നാണ് താങ്കള്‍ കരുതുന്നത്?

ഞാനിപ്പോഴും ആ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു. കാരണം നേതാക്കന്മാരെ സൃഷ്ടിക്കുന്നത് ജനങ്ങളാണ്. പാര്‍ട്ടി ഓഫീസല്ല. അച്യുതാനന്ദനേയും ചന്ദ്രപ്പനേയുമൊക്കെ സൃഷ്ടിച്ചതും കേരളത്തിലെ ജനതയാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ജനങ്ങളുടെ വിശ്വാസംനേടി വരുന്ന നേതാക്കന്മാരുടെ കുറവ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലുമുണ്ട്. കോണ്‍ഗ്രസിലുമുണ്ട്. ബിജെപിയ്ക്ക് ഇതുവരെയ്ക്കും ഒരു സംസ്ഥാനപ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ സാധിച്ചിട്ടില്ലല്ലോ. കുമ്മനം രാജശേഖരന്‍ നന്നായിട്ട് കൊണ്ടുപോയിക്കൊണ്ടിരുന്നതാണ്. അദ്ദേഹം എന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ആളാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയം വെറെ. ഞങ്ങളുടെ രാഷ്ട്രീയം വേറെ. എന്നാല്‍ പോലും എനിക്ക് വളരെ ബഹുമാനമുള്ളയാളാണ് കുമ്മനം. അദ്ദേഹം വളരെ ജനസമ്മതനായ നേതാവാണ്. ഒ രാജഗോപാലും കുമ്മനവുമൊക്കെ ബിജെപിയിലെ തീവ്രവാദികളല്ല. നിയമസഭയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ രാജഗോപാല്‍ വളരെ ആര്‍ജവത്തോടെ എല്‍ഡിഎഫിന് വോട്ട് ചെയ്തല്ലോ. രാമനും കൃഷ്ണനും ഒന്നിച്ചുള്ളപ്പോള്‍ ഞാന്‍ വേറെ ആര്‍ക്ക് വോട്ട് ചെയ്യാന്‍ എന്നാണ് അദ്ദേഹം ചോദിച്ചത്. അത് അദ്ദേഹത്തിന്റെ വളരെ നിഷ്‌ക്കളങ്കമായ സമീപനമാണ്. പാവപ്പെട്ടവരോട് നീതി കാണിക്കുക എന്നതാണ് രാഷ്ട്രീയത്തിന്റെ പ്രധാന ലക്ഷ്യം. മഹാത്മഗാന്ധിയുടെ സന്ദേശവും അത് തന്നെയായിരുന്നു. ഗാന്ധിയ്ക്ക് മറ്റൊരു ബദല്‍ ഉണ്ടായിട്ടില്ല. കോണ്‍ഗ്രസില്‍ ഒട്ടേറെ നല്ല നേതാക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസും ഇന്ന് കടുത്ത നേതൃദാരിദ്യത്തിലാണ്. ഞങ്ങള്‍ക്ക് സുഗതന്‍ സാറിനേയും ചന്ദ്രപ്പനേയും വെളിയത്തേയും പോലുള്ള നേതാക്കന്മാരുണ്ടായിരുന്നു. സിപിഎമ്മില്‍ എനിക്കേറെ ബഹുമാനമുള്ള നേതാവാണ് എകെജി. എകെജി ഇല്ലെങ്കില്‍ സിപിഎം ഇല്ല. അത്ര ശക്തനായ നേതാവായിരുന്നു എകെജി.പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇഎംഎസ് പോലും ആദ്യം നിലപാട് എടുത്തിരുന്നില്ലല്ലോ. സെന്‍ട്രലിസറ്റ് എന്നല്ലെ അദ്ദേഹത്തെ പറഞ്ഞിരുന്നത്. എകെജി സിപിഎമ്മിലേയ്ക്ക് പോയി, കേരളത്തിന്റെ പിക്ച്ചര്‍ മാറിയപ്പോഴാണ് ഇഎംഎസ് പോലും അങ്ങോട്ട്് മാറുന്നത്. അതുവരെ ഇഎംഎസും ന്യൂട്രലായിരുന്നു. ഇന്ന് അതുപോലുള്ള നേതാക്കന്മാരുടെ അഭാവം എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും വേട്ടയാടുന്നുണ്ട്. ഞാന്‍ പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലിന്റെ അല്ലെങ്കില്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ ആളാണെന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ചുനടന്നിട്ട് ജനങ്ങള്‍ അംഗീകരിക്കണമെന്നില്ല. ജനങ്ങളുടെ പള്‍സ് അറിയണം. തട്ടുകടയില്‍ ചായ കുടിച്ചെന്ന് കരുതി ജനകീയനാവില്ല. രാഹുല്‍ ഗാന്ധി അതാണല്ലോ ചെയ്യുന്നത്. അതുപോലെ വളരെ ലളിതമായി നടന്നാലും ജനകീയനാവില്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കണം. അവരോടൊപ്പം സമരം ചെയ്യണം. അവര്‍ക്ക് നീതി ലഭ്യമാക്കണം. ഇപ്പോള്‍ കേരളത്തില്‍ എന്തൊക്കെ സംഭവങ്ങള്‍ നടന്നു. അവരുടെ നീതിയ്ക്ക് വേണ്ടി ആരാ ഇവിടെ സമരം ചെയ്യാനുള്ളത്. രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ് എല്ലാം, എല്ലാ മേഖലയും.

സംസ്ഥാന സര്‍ക്കാരിന്റെ ശബരിമലയിലെ നിലപാട് മാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു?

സര്‍ക്കാരിന്റെ നിലപാട് മാറിയിട്ടൊന്നുമില്ല.

ഇത്തവണ ശബരിമലയില്‍ കയറാന്‍ വന്ന സ്ത്രീകളെ തിരിച്ചയച്ചല്ലോ. എന്നാല്‍ കഴിഞ്ഞ തവണ പൊലീസ് സംരക്ഷണം നല്‍കി കയറ്റാന്‍ ശ്രമിച്ചിരുന്നു.

കയറണമെന്നോ കയറണ്ട എന്നോ ഒരു പാര്‍ട്ടിയും തീരുമാനിച്ചിട്ടില്ല. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ശബരിമലയെ സംബന്ധിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതൊരു തര്‍ക്കവിഷയമായി സുപ്രീംകോടതിയിലാണ്. അന്നും സര്‍ക്കാര്‍ പറഞ്ഞു സുപ്രീംകോടതി വിധി എന്താണോ അത് സര്‍ക്കാര്‍ അംഗീകരിക്കുമെന്ന്. ഞങ്ങളത് അനുസരിച്ചു. അനുസരിച്ചപ്പോള്‍ ചില പാകപ്പിഴകള്‍ വന്നു. അത് ഞങ്ങള്‍ തിരുത്തുന്നു. അതൊരു പുറംതിരിഞ്ഞുപോക്കല്ല. അത് മാത്രമാണ് കേരളത്തില്‍ ഇപ്പോള്‍ ഏക ശാന്തിമാര്‍ഗം.

പാകപ്പിഴകള്‍ എന്നുദ്ദേശിച്ചത് തെരഞ്ഞെടുപ്പ് പരാജയമാണോ?

അതല്ല. കുറച്ചൊരു എടുത്തുചാട്ടം ശബരിമല പ്രശ്‌നത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായി എന്നുള്ളതാണ്. ഏതുതരത്തിലുള്ള ജഡ്ജ്‌മെന്റ് ഉണ്ടായാലും ഒരു ഭരണാധികാരി പരിപക്വതയോടുകൂടി ജനങ്ങളുടെ പള്‍സ് കൂടി അറിഞ്ഞ് വേണം എങ്ങനെ നടപ്പിലാക്കണമെന്ന് തീരുമാനമെടുക്കണ്ടത്. അതില്‍വന്ന പരാജയമാണ്.

Categories: FK Special, Slider
Tags: C Divakaran