ഡിസംബര്‍ ആദ്യ വാരത്തില്‍ ഹസ്‌ക്‌വര്‍ണ ബ്രാന്‍ഡ് ഇന്ത്യയില്‍

ഡിസംബര്‍ ആദ്യ വാരത്തില്‍ ഹസ്‌ക്‌വര്‍ണ ബ്രാന്‍ഡ് ഇന്ത്യയില്‍

സ്വാര്‍ട്ട്പിലന്‍ 401, വിറ്റ്പിലന്‍ 401 എന്നിവയായിരിക്കും ഇന്ത്യയിലെ ആദ്യ രണ്ട് മോഡലുകള്‍

ന്യൂഡെല്‍ഹി: ഡിസംബര്‍ ആദ്യ വാരത്തില്‍ ഹസ്‌ക്‌വര്‍ണ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കും. ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ രാകേഷ് ശര്‍മ ഇക്കാര്യം സ്ഥിരീകരിച്ചു. ഡിസംബര്‍ 6,7 തീയതികളില്‍ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കില്‍ സ്വീഡിഷ് ബ്രാന്‍ഡ് ഇന്ത്യയില്‍ അരങ്ങേറുമെന്നാണ് വ്യക്തമാകുന്നത്. ബജാജ് ഓട്ടോയുടെ മഹാരാഷ്ട്രയിലെ ചാകണ്‍ പ്ലാന്റിലായിരിക്കും ഹസ്‌ക്‌വര്‍ണ ബൈക്കുകള്‍ നിര്‍മിക്കുന്നത്. നിലവില്‍ കെടിഎമ്മിന് കീഴിലെ ബ്രാന്‍ഡാണ് ഹസ്‌ക്‌വര്‍ണ മോട്ടോര്‍സൈക്കിള്‍സ്. കെടിഎമ്മിന്റെ 49 ശതമാനം ഓഹരി കയ്യാളുന്നത് ഇന്ത്യയുടെ ബജാജ് ഓട്ടോയാണ്.

സ്വാര്‍ട്ട്പിലന്‍ 401, വിറ്റ്പിലന്‍ 401 എന്നിവയായിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ രണ്ട് ഹസ്‌ക്‌വര്‍ണ മോഡലുകള്‍. രണ്ട് ബൈക്കുകളും കെടിഎം ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കുമെന്നാണ് ലഭിക്കുന്ന വിവരം. 2020 ജനുവരിയിലോ ഫെബ്രുവരിയിലോ ഡെലിവറി ആരംഭിക്കും. 2.8 ലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെയായിരിക്കും രണ്ട് ഹസ്‌ക്‌വര്‍ണ ബൈക്കുകളുടെയും വില. ഔദ്യോഗികമായി വിപണിയില്‍ അവതരിപ്പിക്കുന്നതിനുമുന്നേ, ചില ഡീലര്‍മാര്‍ ഹസ്‌ക്‌വര്‍ണ ബൈക്കുകളുടെ പ്രീ-ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങി. 5,000 രൂപയാണ് ബുക്കിംഗ് തുക.

നിയോ-റെട്രോ കഫേ റേസറാണ് വിറ്റ്പിലന്‍ 401 എങ്കില്‍ സ്‌ക്രാംബ്ലര്‍ സ്റ്റൈല്‍ മോട്ടോര്‍സൈക്കിളാണ് സ്വാര്‍ട്ട്പിലന്‍ 401. കെടിഎം 390 ഡ്യൂക്ക് ഉപയോഗിക്കുന്ന 373.2 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ രണ്ട് ബൈക്കുകള്‍ക്കും കരുത്തേകും. ഈ മോട്ടോര്‍ 43 ബിഎച്ച്പി കരുത്തും 37 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു.

വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാംപ്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, സിംഗിള്‍ പീസ് സീറ്റ്, ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍ എന്നിവ ഹസ്‌ക്‌വര്‍ണ വിറ്റ്പിലന്‍ 401 മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നു. എല്‍സിഡി ഡിസ്‌പ്ലേയോടുകൂടിയ മള്‍ട്ടിഫംഗ്ഷണല്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സവിശേഷതയാണ്.

Comments

comments

Categories: Auto
Tags: Husqvarna