ഹോങ്കോംഗില്‍ പ്രതീക്ഷയുടെ ശുഭകിരണം

ഹോങ്കോംഗില്‍ പ്രതീക്ഷയുടെ ശുഭകിരണം

ജനാധിപത്യത്തിന്റെ പുതിയ പ്രതീക്ഷയാണ് ഹോങ്കോംഗില്‍ തളിരിട്ടിരിക്കുന്നത്. അത് വാടിക്കൊഴിയാതിരിക്കട്ടെ

ആയിരക്കണക്കിന് പേര്‍ കഴിഞ്ഞ ദിവസം ഒരു നന്ദി പ്രകടനത്തിനായി ഹോങ്കോംഗ് തെരുവുകളിലിറങ്ങി. തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായി അമേരിക്കയില്‍ പുതിയ നിയമം പാസാക്കിയതിനുള്ള സ്‌നേഹം പ്രകടിപ്പിക്കാനായിരുന്നു അത്. ആറ് മാസങ്ങളായി ഹോങ്കോംഗില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്ന രണ്ട് സംഭവങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ചത്.

ഒന്ന് ഹോങ്കോംഗ് നഗരത്തിലെ ജില്ലാ കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജനാധിപത്യ അനുകൂലികള്‍ നേടിയ വന്‍വിജയമാണ്. രണ്ടാമത്തേത് യുഎസില്‍ നിന്നുള്ള പിന്തുണയും. ലോകത്തിന്റെ സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ തിളങ്ങി നിന്നിരുന്ന ഹോങ്കോംഗിനെ തങ്ങളുടെ കാല്‍ക്കീഴിലാക്കാനുള്ള കമ്യൂണിസ്റ്റ് ഏകാധിപത്യരാജ്യത്തിന്റെ കുടിലതന്ത്രങ്ങള്‍ക്കേറ്റ വന്‍ അടിയായിരുന്നു ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം. 18ല്‍ 17 സമിതികളും ഇപ്പോള്‍ ജനാധിപത്യവാദികളുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു.

ജനാധിപത്യപ്രക്ഷോഭങ്ങള്‍ക്ക് എത്രമാത്രം പിന്തുണയാണ് സാധാരണക്കാരായ ജനങ്ങള്‍ നല്‍കുതെന്ന സുവ്യക്തവും ശക്കതവുമായ സന്ദേശമായിരുന്നു തെരഞ്ഞെടുപ്പ് ഫലം. ഇതിനെ തുടര്‍ന്ന് ചൈന ആകെ വിറളിപിടിച്ചിരിക്കുകയാണ്.

ഹോങ്കോംഗിലെ കുറ്റവാളികളെ വിചാരണ ചെയ്യാന്‍ ചൈനയ്ക്ക് കൈമാറുന്ന നിയമവുമായി നഗരത്തിന്റെ ചീഫ് എക്‌സിക്യൂട്ടിവ് കാരി ലാം രംഗത്തെത്തിയതാണ് ഷി ജിന്‍പിംഗിനെ പോലും ഞെട്ടിച്ച പുതിയ പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. ജൂണ്‍ ആദ്യവാരം തുടങ്ങിയ സമരം കത്തിപ്പടര്‍ന്നു. കാരി ലാമിന് ഒടുവില്‍ ബില്‍ തല്‍ക്കാലത്തേക്ക് പിന്‍വലിക്കുകയാണെന്ന് പറയേണ്ടി വന്നു. പ്രക്ഷോഭകര്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് ബില്‍ പിന്‍വലിക്കുകയാണെന്ന് ഔദ്യോഗികമായി ചൈനയുടെ പാവയായ ഹോങ്കോംഗ് ഭരണകൂടം പ്രസ്താവനയിറക്കി.

കുറ്റവാളികളെ കൈമാറുന്ന നിയമത്തിനെതിരെയെന്ന തലത്തിലാണ് കുടവിപ്ലവം ശക്തി പ്രാപിച്ചതെങ്കിലും അത് ഹോങ്കോംഗിന്റെ അസ്തിത്വം നിലനിര്‍ത്താന്‍ വേണ്ടിയുള്ള ബൃഹത്തായ പോരാട്ടം തന്നെയായിരുന്നു. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലയെന്ന നിലയിലാണ് ഹോങ്കോംഗ് നിലകൊള്ളുന്നത്. 1842 മുതല്‍ ബ്രിട്ടീഷ് കോളനി ആയിരുന്ന നഗരം 1997-ലാണ് ചൈനയ്ക്ക് തിരികെ കിട്ടിയത്.

ഹോങ്കോംഗ് ബേസിക്ക് നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ഭരണമേഖലയാണിത്. ചൈനയും ബ്രിട്ടനും തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ച് 2047 വരെ ഹോങ്കോംഗിന് സ്വയം ഭരണാവകാശം ഉണ്ടാകും. ‘ഒറ്റരാജ്യം – രണ്ട് വ്യവസ്ഥ’ സമ്പ്രദായമനുസരിച്ച് നഗരത്തിന് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്്കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവയെല്ലാമുണ്ട്. 2047ന് ശേഷം ചൈനയുടെ കീഴിലുള്ള സാധാരണ കോളനിയായി നഗരം മാറും. ഇതിനെതിരെയാണ് ജനാധിപത്യ പ്രക്ഷോഭം നടക്കുന്നത്.

ചൈനയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കഴിയുന്ന പ്രദേശങ്ങളില്‍ നിന്ന് വിഭിന്നമായി തുറന്ന സമ്പദ് വ്യവസ്ഥയും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവുമെല്ലാം ഹോങ്കോംഗിലുണ്ട്. അത് നഷ്ടപ്പെടാതിരിക്കാനുള്ള പോരാട്ടമാണ് ഇപ്പോള്‍ പുതിയ തലത്തിലെത്തി നില്‍ക്കുന്നത്.

ഹോങ്കോംഗ് പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതിന് യുഎസ് തീരുമാനിച്ചതോടെ പുതിയ രീതിയിലേക്ക് അതെത്തിപ്പെടുമെന്നത് തീര്‍ച്ച. ചൈനയും യുഎസും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനമായിട്ടില്ല. അതിന് പിന്നാലെ ഹോങ്കോംഗ് പിന്തുണ കൂടി യുഎസ് വ്യക്തമാക്കിയത് ചൈനയെ കാര്യമായി പ്രകോപിപ്പിച്ചിട്ടുണ്ട്. ഹോങ്കോംഗിനെ തോളിലേറ്റിയാല്‍ പ്രത്യാഘാതങ്ങള്‍ അമേരിക്ക നേരിടേണ്ടി വരുമെന്ന് ചൈന ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് ജയത്തോടൊപ്പം അമേരിക്കന്‍ പിന്തുണയും കൂടി എത്തിയതോടെ ജനാധിപത്യത്തിന്റെ നല്ല നാളുകള്‍ സ്വപ്‌നം കണ്ടുള്ള കുടവിപ്ലവത്തിന് നവ ഊര്‍ജം കൈവന്നിരിക്കുകയാണ്.

Categories: Editorial, Slider
Tags: Hongkong