യൂറോപ്യന്‍ പാര്‍ലമെന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

യൂറോപ്യന്‍ പാര്‍ലമെന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

500 ദശലക്ഷത്തിലധികം പൗരന്മാരെ പ്രതിനിധീകരിക്കുന്ന ഒരു പാര്‍ലമെന്റാണ് യൂറോപ്യന്‍ പാര്‍ലമെന്റ്. നവംബര്‍ 28ന് യൂറോപ്യന്‍ പാര്‍ലമെന്റ് ഒരു പ്രമേയം പാസാക്കി. കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായിരുന്നു ആ പ്രമേയം. ലോകമെമ്പാടും കഠിനമായ കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. ഓരോ വര്‍ഷവും താപനില സംബന്ധിച്ച റെക്കോഡുകള്‍ തകരുന്ന കാഴ്ചയ്ക്കും നമ്മള്‍ സാക്ഷ്യം വഹിക്കുന്നു. ഈ സാഹചര്യത്തില്‍ കാലാവസ്ഥ വ്യതിയാനം പലര്‍ക്കും അവഗണിക്കാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു.

യൂറോപ്യന്‍ പാര്‍ലമെന്റ് കാലാവസ്ഥ അടിയന്തരാവസ്ഥ (ക്ലൈമറ്റ് എമര്‍ജന്‍സി) പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണിയനില്‍ (ഇയു) കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന പ്രമേയം വ്യാഴാഴ്ചയാണ് (നവംബര്‍ 28) പാര്‍ലമെന്റ് അംഗീകരിച്ചത്. 225 നെതിരേ 429 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഡിസംബര്‍ രണ്ടിനു സ്‌പെയ്‌നിലെ മാഡ്രിഡില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള കാലാവസ്ഥ ഉച്ചകോടി നടക്കാനിരിക്കുകയാണ്. ഈ ഉച്ചകോടിയില്‍ ഉന്നയിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഫ്രാന്‍സിലെ സ്ട്രാസ്ബറോയിലുള്ള യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയത്. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആദ്യത്തെ ബഹുരാഷ്ട്ര കൂട്ടമായി മാറി. സ്‌പെയ്ന്‍, ഫ്രാന്‍സ്, യുകെ എന്നിവ ഉള്‍പ്പെടെ നിരവധി യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നേരത്തേ തന്നെ സമാനമായ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പിനു പുറത്ത് കാനഡ, അര്‍ജന്റീന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടു യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ പാസാക്കിയ പ്രമേയം പ്രായോഗിക തലത്തില്‍ സ്വാധീനമുണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതീകാത്മക തലത്തില്‍ സ്വാധീനമുണ്ടാക്കുമെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്. ഡിസംബര്‍ 12ന് ബ്രസല്‍സില്‍ ഇയു നേതാക്കള്‍ ഒത്തുചേരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഉദ്വമനം (എമിഷന്‍) ലഘൂകരിക്കുന്നതിന് ഇയു സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ സഹായിക്കും ഈ പ്രഖ്യാപനമെന്നും (ക്ലൈമറ്റ് എമര്‍ജന്‍സി പ്രഖ്യാപിച്ചത്) വിശ്വസിക്കുന്നുണ്ട്. യൂറോപ്യന്‍ കമ്മീഷന്റെ പുതിയ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌ന്റെ കീഴിലുള്ള പുതിയ സമിതിയെ യൂറോപ്യന്‍ പാര്‍ലമെന്റ് സ്ഥിരീകരിച്ചതിനു ശേഷം ഒരു ദിവസം കഴിഞ്ഞപ്പോഴാണു ക്ലൈമറ്റ് എമര്‍ജന്‍സി സംബന്ധിച്ച ചര്‍ച്ചയ്ക്കു യൂറോപ്യന്‍ പാര്‍ലമെന്റില്‍ തുടക്കമിട്ടത്. കാലാവസ്ഥ വ്യതിയാനം, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്നിവയിലായിരിക്കും തന്റെ പുതിയ ഭരണം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഉര്‍സുല നേരത്തേ പറഞ്ഞിരുന്നു. ഇപ്പോള്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ക്ലൈമറ്റ് എമര്‍ജന്‍സി പ്രഖ്യാപിച്ചതിലൂടെ, കാലാവസ്ഥ വ്യതിയാനത്തിനെതിരേയുള്ള പോരാട്ടം യൂറോപ്യന്‍ കമ്മീഷന്റെ പുതിയ അധ്യക്ഷയായ ഉര്‍സുലയ്ക്കു കൂടുതല്‍ ഉത്തരവാദിത്വങ്ങളാണു സമ്മാനിച്ചിരിക്കുന്നത്.

യൂറോപ്യന്‍ കമ്മീഷന്‍

യൂറോപ്യന്‍ യൂണിയന്റെ എക്‌സിക്യൂട്ടീവ് ബ്രാഞ്ചാണു യൂറോപ്യന്‍ കമ്മീഷന്‍. യൂറോപ്യന്‍ യൂണിയനില്‍ നിയമനിര്‍മാണം നിര്‍ദേശിക്കുന്നതും, തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതും യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടികള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും യൂറോപ്യന്‍ യൂണിയന്റെ ദൈനം ദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഉത്തരവാദിത്വപ്പെട്ട സമിതിയാണു യൂറോപ്യന്‍ കമ്മിഷന്‍. ഈ കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്തേയ്ക്കാണു ജര്‍മന്‍ വംശജയായ ഉര്‍സുലയെത്തിയിരിക്കുന്നത്. യൂറോപ്യന്‍ കമ്മീഷന്റെ അധ്യക്ഷസ്ഥാനത്തെത്തുന്ന ആദ്യ വനിത കൂടിയാണ് 61-കാരിയായ ഉര്‍സുല. കാലാവസ്ഥ വ്യതിയാനത്തിനെതിരേയുള്ള പോരാട്ടത്തെ ഉര്‍സുല യൂറോപ്യന്‍ ഗ്രീന്‍ ഡീല്‍ എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. 2050 ഓടെ എമിഷന്‍ നെറ്റ് സീറോയിലേക്ക് (കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാത്ത അവസ്ഥ) എത്തിക്കുന്ന ആദ്യ ഭൂഖണ്ഡമായിരിക്കും യൂറോപ്പ് എന്നാണ് ഉര്‍സുല അവകാശപ്പെട്ടിരിക്കുന്നത്. 2050 ആകുമ്പോഴേക്കും അന്തരീക്ഷത്തില്‍ അധികമായി ഹരിത ഗൃഹവാതകം കൂട്ടിച്ചേര്‍ക്കപ്പെടില്ല. ഇതിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ അറിയിച്ചിരിക്കുകയാണ്. ഉദ്വമനം ലഘൂകരിക്കുന്നതിനൊപ്പം യൂറോപ്യന്‍ ഗ്രീന്‍ ഡീലില്‍ കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. 2030 ഓടെ ഹരിതഗൃഹ വാതകം ഉദ്വമനം കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ കൂടുതല്‍ അഭിലഷണീയമാക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

യൂറോപ്യന്‍ ഗ്രീന്‍ ഡീല്‍

ഹരിതഗൃഹ വാതക ഉദ്വമനം (ഗ്രീന്‍ഹൗസ് ഗ്യാസ് എമിഷന്‍) ഇല്ലാത്ത അവസ്ഥയിലേക്ക് മാറുന്നതിനു വേണ്ടി തയാറാക്കിയിട്ടുള്ള പദ്ധതിയാണു യൂറോപ്യന്‍ ഗ്രീന്‍ ഡീല്‍. അടിസ്ഥാനസൗകര്യങ്ങള്‍, കൃഷി, വ്യവസായം എന്നിവയില്‍ ജിഡിപിയുടെ അഞ്ച് ശതമാനം വാര്‍ഷിക നിക്ഷേപം നടത്തിയും, ദശലക്ഷക്കണക്കിനു പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും അതും നികുതി ഉയര്‍ത്താതെയുള്ള പദ്ധതിയാണു യൂറോപ്യന്‍ ഗ്രീന്‍ ഡീല്‍. യൂറോപ്യന്‍ കമ്മീഷന്‍ ഡിസംബര്‍ 11ന് യൂറോപ്യന്‍ ഗ്രീന്‍ ഡീലിനെക്കുറിച്ചുള്ള ആദ്യ കരട് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്യന്‍ കമ്മീഷന്റെ പുതിയ അധ്യക്ഷയായി ഡിസംബര്‍ ഒന്നിനാണ് ഉര്‍സുല ചുമതലയേല്‍ക്കുന്നത്. യൂറോപ്യന്‍ ഗ്രീന്‍ ഡീലിന്റെ മുഖ്യഭാഗമെന്നു പറയുന്നത് ക്ലൈമറ്റ് ലോ അഥവാ കാലാവസ്ഥ നിയമമായിരിക്കും. അധികാരമേറ്റ് 100 ദിവസങ്ങള്‍ക്കുള്ളില്‍ കാലാവസ്ഥ നിയമം അവതരിപ്പിക്കുമെന്നാണ് ഉര്‍സുല അറിയിച്ചിരിക്കുന്നത്. ഏതൊരു പുതിയ യൂറോപ്യന്‍ യൂണിയന്‍ വ്യാപാര ഇടപാടിലും പരിസ്ഥിതിയെ സംരക്ഷിക്കുന്ന നിബന്ധനകള്‍ അഥവാ ക്ലോസുകള്‍ ഉള്‍പ്പെടുത്താനും പദ്ധതിയിടുന്നുണ്ട്.

2030 ആക്ഷന്‍ പ്ലാന്‍

2030 ഓടെ 55 ശതമാനം ഉദ്വമനം കുറയ്ക്കാനും 2050 ഓടെ ക്ലൈമറ്റ് ന്യൂട്രാലിറ്റി കൈവരിക്കാനും നടപടികള്‍ സ്വീകരിക്കാമെന്നു യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സമ്മതിക്കുകയുണ്ടായി. ഹരിതഗൃഹ വാതകങ്ങള്‍ ഇല്ലാത്ത അവസ്ഥയെയാണ് ക്ലൈമറ്റ് ന്യൂട്രാലിറ്റി എന്ന് ഉദ്ദേശിക്കുന്നത്. 2050 ല്‍ ക്ലൈമറ്റ് ന്യൂട്രാലിറ്റി ലക്ഷ്യമിടുന്നുണ്ടെങ്കിലും ഈ ലക്ഷ്യം പൂര്‍ത്തീകരിക്കണമെങ്കില്‍ 2030 ഓടെ ഉദ്വമനം 55 ശതമാനം കുറയ്‌ക്കേണ്ടതുണ്ട്. അതേസമയം 2050 ലെ ലക്ഷ്യം കൈവരിക്കണമെങ്കില്‍ 2030 ഓടെ ഉദ്വമനം 65 ശതമാനമെങ്കില്‍ കുറയ്‌ക്കേണ്ടതുണ്ടെന്നാണു ഗ്രീന്‍ അഡ്വക്കേറ്റ്‌സ് അഥവാ പരിസ്ഥിതിക്കു വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. 2020 നും 2030 നും ഇടയില്‍ ആഗോളതലത്തില്‍ ഹരിതഗൃഹ വാതക ഉദ്വമനം ഓരോ വര്‍ഷവും കുറഞ്ഞത് 7.6 ശതമാനം കുറയണമെന്ന് ഈ ആഴ്ച പുറത്തിറക്കിയ പുതിയ യുഎന്‍ പരിസ്ഥിതി പ്രോഗ്രാം നിര്‍ദേശിക്കുന്നു.

Categories: Top Stories