മറവിരോഗത്തെയകറ്റാന്‍ ബോര്‍ഡ് ഗെയിമുകള്‍

മറവിരോഗത്തെയകറ്റാന്‍ ബോര്‍ഡ് ഗെയിമുകള്‍

ചെസ്സ് കളി, പദപ്രശ്‌നം പൂരിപ്പിക്കല്‍ പോലുള്ളവ വാര്‍ധക്യജന്യ മറവിരോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു

കംപ്യൂട്ടര്‍ ഗെയിംസ് പ്രചുരപ്രചാരമാകുന്നതുവരെ മുതിര്‍ന്നവരുടെയും കുട്ടികളുടെയും പ്രധാന വിനോദമായിരുന്നു ബോര്‍ഡ് ഗെയിം ഇനത്തില്‍പ്പെട്ട പകിട, ചൂത്, ചതുരംഗം തുടങ്ങിയവ.
ബോര്‍ഡ് ഗെയിമുകള്‍ കളിക്കുന്നത് പ്രായമായവരെ ഓര്‍മ്മകള്‍ മിനുക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനം അവകാശപ്പെടുന്നു. ചെസ്സ്, ബിങ്കോ തുടങ്ങിയ ഗെയിമുകള്‍ പതിവായി കളിക്കുന്നവര്‍ക്ക് അവരുടെ ചിന്താശേഷി നിലനിര്‍ത്താന്‍ കഴിവുണ്ടാകുമെന്ന് ഗവേഷകര്‍ കണ്ടെത്തി.

പഠനത്തിനായി, എഡിന്‍ബറോ സര്‍വകലാശാലയിലെ അക്കാദമിക് വിദഗ്ധര്‍ 1,091 വ്യക്തികളെ വിലയിരുത്തി, ഇവരെല്ലാം 1939 ല്‍ ജനിച്ചവരാണ്. ഇവരുടെ 11 മുതല്‍ 70 വയസ്സു വരെയുള്ള പൊതുവായ വൈജ്ഞാനിക പ്രവര്‍ത്തനം രേഖപ്പെടുത്തി. തുടര്‍ന്ന് 70, 73, 76, 79 വയസ്സുകളില്‍ ഓര്‍മ്മ സംബന്ധിയായ പരിശോധനകള്‍ നടത്തി. 70-76 വയസ്സിനിടയില്‍, ചീട്ടുകളി, ചെസ്സ്, ബിങ്കോ, പദപ്രശ്‌നം എന്നിവ പോലുള്ള കളികളില്‍ എത്ര തവണ പങ്കെടുത്തുവെന്ന് പ്രതികരിച്ചവരോട് ചോദിച്ചു.

ഇതിനെ അടിസ്ഥാനമാക്കി അവര്‍ ഏര്‍പ്പെട്ട കളികള്‍ക്ക് മാനസികമായ കഴിവുകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ ശ്രമിച്ചു. ദി ജേണല്‍സ് ഓഫ് ജെറോന്റോളജി സീരീസ് ബി: സൈക്കോളജിക്കല്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, പിന്നീടുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ ഗെയിമുകള്‍ കളിക്കാന്‍ തുടങ്ങിയവര്‍ ചിന്താശേഷി കുറയാന്‍ സാധ്യത കുറവാണെന്ന് കണ്ടെത്തി. പങ്കെടുക്കുന്നയാളുടെ മസ്തിഷ്‌കപ്രവര്‍ത്തനവും ചിന്താ വേഗതയും സംബന്ധിച്ച് ഇത് വ്യക്തമായ ചിത്രം നല്‍കി.

വാര്‍ദ്ധക്യത്തിലെ നമ്മുടെ വൈജ്ഞാനിക കഴിവുകള്‍ക്ക് എന്ത് തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്താമെന്ന് കണ്ടെത്തുന്നതിന് ഇത് സഹായിക്കുമെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തി. എഴുപതുവയസ് തികഞ്ഞവര്‍ ഡിജിറ്റല്‍ ഇതര ഗെയിമുകള്‍ കളിക്കുന്നത് ചിന്താശേഷി കുറയ്ക്കുന്നതില്‍ ഒരു നല്ല പങ്കുവഹിക്കുമെന്ന് എഡിന്‍ബറോ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഫിലോസഫി, സൈക്കോളജി, ലാംഗ്വേജ് സയന്‍സസിലെ ഡോ. ഡ്രൂ ആല്‍റ്റ്ഷുല്‍ വിശദീകരിക്കുന്നു.

പ്രായമാകുന്നവരുടെ ഓര്‍മ്മശേഷി മൂര്‍ച്ചയുള്ളതാക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനാണ് ഗവേഷണമെന്നു എഡിന്‍ബറോ സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ കോഗ്‌നിറ്റീവ് ഏജിംഗ് ആന്റ് കോഗ്‌നിറ്റീവ് എപ്പിഡെമിയോളജി ഡയറക്ടര്‍ പ്രൊഫസര്‍ ഇയാന്‍ ഡിയറി പറഞ്ഞു.  ഈ ഗെയിമുകളില്‍ ചിലത് മറ്റുള്ളവയേക്കാള്‍ ശക്തമാണോയെന്ന് കണ്ടെത്തുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായികാരോഗ്യം, പുകവലിശീലമില്ലാതിരിക്കുക തുടങ്ങിയ ധിഷണാനുകൂല ഘടകങ്ങളും വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട മറ്റ് പല കാര്യങ്ങളും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

വാര്‍ദ്ധക്യത്തില്‍ ചിന്താശേഷി കുറയുന്നത് അനിവാര്യമായിരിക്കുമെന്നതിന്റെ കൂടുതല്‍ തെളിവുകളാണ് പഠനത്തിന്റെ കണ്ടെത്തലുകള്‍ എന്ന് ഏജ് യുകെയിലെ ചാരിറ്റി ഡയറക്ടര്‍ കരോലിന്‍ അബ്രഹാംസ് പറഞ്ഞു.

ബോര്‍ഡ് ഗെയിമുകളും മറ്റ് ഡിജിറ്റല്‍ ഇതര ഗെയിമുകളും കളിക്കുന്നതു ഭാവിജീവിതത്തില്‍ ചിന്താശേഷിയെയും ഓര്‍മ്മയെയും ശക്തമാക്കാന്‍ സഹായിക്കുന്നു. ഇതോടൊപ്പം അമിതമദ്യപാനം ഒഴിവാക്കുന്നതും കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതുമെല്ലാം വൈജ്ഞാനിക ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുമെന്നും ഗവേഷണം ചൂണ്ടിക്കാട്ടുന്നു.

ബോര്‍ഡ് ഗെയിമുകള്‍ പ്രായഭേദമെന്യേ ആസ്വാദ്യകരവും ഉപയോഗപ്രദവുമാണ്. മികച്ച ആശയവിനിമയത്തിനും മസ്തിഷ്‌കപ്രവര്‍ത്തനങ്ങള്‍ക്കും ഇവ സഹായിക്കുന്നു. പ്രവേശനക്ഷമതയാണ് ബോര്‍ഡ് ഗെയിമുകളുടെ ഒരു അധിക നേട്ടം. വലിയ കായികശേഷി വേണ്ടാതെ തന്നെ വിനോദവും വൈജ്ഞാനിക നേട്ടങ്ങളും കരസ്ഥമാക്കാന്‍ ഇത് സഹായിക്കുന്നു. കംപ്യൂട്ടര്‍ വിനോദങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന വിപത്തുകളുടെ വ്യാപ്തി മൂലം മാതാപിതാക്കള്‍, പഴയ കാലത്തെ ബോര്‍ഡ് കളികളിലേക്ക് കുട്ടികളെ തിരികെ കൊണ്ടുവരുവാന്‍ ശ്രമിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോഴാണ് മുതിര്‍ന്നവരില്‍ ഇത്തരം വിനോദങ്ങള്‍ ഉണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് ഇത്തരമൊരു പഠനറിപ്പോര്‍ട്ട് വരുന്നത്.

Comments

comments

Categories: Health