മികച്ച അധ്യാപനവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും

മികച്ച അധ്യാപനവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും

തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍ ജില്ലയില്‍ പശ്ചിമഘട്ടത്തിലെ ബൊലുവന്‍പട്ടി നിരകളുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന എട്ടിമാഡൈ എന്ന ഗ്രാമത്തില്‍ 1994ല്‍ ഒരു സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആരംഭിച്ചു കൊണ്ടാണ് അമൃത വിശ്വവിദ്യാപീഠം പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്ന് 120 വിദ്യാര്‍ത്ഥികളും 13 ഫാക്കല്‍റ്റി അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇന്ന് അമൃത വിശ്വവിദ്യാപീഠത്തിന് ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ അഞ്ച് ക്യാംപസുകളും 12,000 ത്തിലധികം വിദ്യാര്‍ത്ഥികളും 1500 ഓളം ഫാക്കല്‍റ്റി അംഗങ്ങളും ഉണ്ട്. 120ലേറെ യുജി, പിജി, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ എന്നിവ വിവിധ ക്യാമ്പസുകളിലായി നല്‍കി വരുന്നു

ശ്രീ മാതാ അമൃതാനന്ദമയി ദേവി അമ്മയാണ് അമൃത വിശ്വവിദ്യപീഠം സ്ഥാപിച്ചത്. അമൃത വിശ്വവിദ്യാപീഠത്തിന്റെ ചാന്‍സലര്‍ എന്ന നിലയില്‍ സ്ഥാപനത്തിന്റെ ദൗത്യത്തിനും വളര്‍ച്ചയ്ക്കും അമ്മ വഴികാട്ടിയാകുന്നു. സേവനത്തിന്റെ ഗുണമേന്മ കൊണ്ടു പ്രശസ്തമാണ് അമൃത വിശ്വവിദ്യാപീഠം. ഒരു വിദ്യാര്‍ത്ഥിയുടെ മാനസികവും ഭൗതികവുമായ സമഗ്ര വ്യക്തിത്വ വികസനത്തിലും സ്വഭാവരൂപീകരണത്തിനും അമൃത ഊന്നല്‍ നല്‍കുന്നു. 2003 ജനുവരിയിലാണ് അമൃതയ്ക്ക് ”കല്‍പിത സര്‍വ്വകലാശാല’ പദവി ലഭിച്ചത്. അമൃതയുടെ ആദ്യത്തെ ക്യാംപസ് എന്ന നിലയില്‍ കോയമ്പത്തൂരിലാണ് അമൃത വിശ്വവിദ്യാപീഠത്തിന്റെ ഭരണ ആസ്ഥാനം. ബ്രഹ്മചാരി അഭയമിത്ര ചൈതന്യയാണ് അമൃത വിശ്വവിദ്യാപീഠത്തിന്റെ പ്രൊ ചാന്‍സലര്‍. ഡോ. പി. വെങ്കട്ട് രംഗനാണ് വൈസ് ചാന്‍സലര്‍. കൊച്ചി, അമൃതപുരി, മൈസൂര്‍ എന്നിവിടങ്ങളില്‍ അമൃത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രവര്‍ത്തിക്കുന്നു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് ബിസിനസ് എന്നിവ കൊച്ചി ഇടപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്നു.

കൊച്ചിയിലെ അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ്

ഇടപ്പളിയിലെ ബ്രഹ്മസ്ഥാനം ക്ഷേത്ര സമുച്ചയത്തിലാണ് അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് സ്ഥിതി ചെയ്യുന്നത്. കോളജിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനവും അച്ചടക്കത്തോടു കൂടിയ പ്രവര്‍ത്തനങ്ങളും പഠനസൗകര്യങ്ങളും അതുല്യമാണ്. അക്കാദമിക് രംഗത്തെ നൂതന മാര്‍ഗങ്ങള്‍ക്കൊപ്പം പാഠ്യേതര രംഗത്തും വിദ്യാര്‍ഥികളെ പരിപോഷിപ്പിക്കുന്നു. അമൃത വിശ്വവിദ്യാപീഠത്തിന്റെ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് കൊച്ചി ക്യാമ്പസില്‍ 1358 വിദ്യാര്‍ഥികളും 79 ഫാക്കല്‍റ്റികളും ഉണ്ട്. ഡോക്ടറേറ്റ് യോഗ്യതയുള്ള നിരവധി ഫാക്കല്‍റ്റികളും ഉണ്ട്. പിഎച്ച്ഡി, എം.ഫില്‍., പിജി പ്രോഗ്രാം, ഇന്റഗ്രേറ്റഡ് യുജി-പിജി പ്രോഗ്രാം, യുജി പ്രോഗ്രാം എന്നിവ ഇവിടെ നല്‍കി വരുന്നു.

നിപുണരായ അധ്യാപകരും കാര്യക്ഷമമായ ഭരണസംവിധാനവും കോളജിന്റെ സവിശേഷതയാണ്. NAAC ന്റെ എ ഗ്രേഡ് കരസ്ഥമാക്കിയ അമൃത വിശ്വവിദ്യാപീഠം, മികച്ച വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കായി മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് ഡെവലപ്മെന്റിന്റെ National Institution Ranking Framework (NIRF) റാങ്കിങ്ങില്‍ രാജ്യത്തെ മികച്ച എട്ടാമത്തെ സര്‍വകലാശാലയായി തിരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ അമൃത വിശ്വവിദ്യാപീഠത്തിന്റെ പരിധിയില്‍ വരുന്നതിന് മുമ്പ്, ക്യാംപസ് കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുമായി (കുസാറ്റ്) അഫിലിയേറ്റ് ചെയ്തിരുന്നു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ്, സൈക്കോളജിസ്റ്റുകള്‍, മാനേജ്മെന്റ് പ്രാക്ടീഷണര്‍മാര്‍, ഐടി പ്രൊഫഷണലുകള്‍, ഭാഷാ വിദഗ്ധര്‍, മീഡിയ, ഫിലിം പ്രൊഫഷണല്‍സ്, ആര്‍ട്ടിസ്റ്റുകള്‍, കണ്‍സള്‍ട്ടന്റ്സ്, എന്റര്‍പ്രണേഴ്സ് തുടങ്ങി നിരവധി പേര്‍ ഇവിടത്തെ വിസിറ്റിങ് ഫാക്കല്‍റ്റിയാണ്. ക്യാംപസ് പ്ലേസ്മെന്റ് ഉറപ്പു നല്‍കുന്ന കൊച്ചി അമൃത കോളജില്‍, അതിന് തയ്യാറെടുക്കുന്നതിനും സോഫ്റ്റ് സ്‌കില്‍ പരിപോഷിപ്പിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് കോളജിന്റെ സവിശേഷതയാണ്. അധ്യാപന രംഗത്തും ഇന്‍ഡസ്ട്രിയിലും നിരവധി വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഫാക്കല്‍റ്റിയാണ് ഡിപ്പാര്‍ട്മെന്റിന്റെ പ്രത്യേകത. എല്ലാ വര്‍ഷവും എണ്‍പതോളം കമ്പനികള്‍ ഇവിടുത്തെ പ്ലേസ്മെന്റ് സെല്ലുമായി സഹകരിക്കുന്നുണ്ട്.

‘പ്ലേസ്മെന്റ് കൈകാര്യം ചെയ്യാന്‍ പ്രത്യേക ഡിപ്പാര്‍ട്മെന്റ് കോളജില്‍ ഉണ്ട്. പരിചയസമ്പന്നരായ വ്യക്തികളാണ് ഈ വകുപ്പിന് നേതൃത്വം നല്‍കുന്നത്. മൂന്നാം സെമസ്റ്റര്‍ മുതല്‍ പ്ലേസ്മെന്റ് പരിശീലനം എല്ലാ കോഴ്‌സുകള്‍ക്കും നിര്‍ബന്ധമാണ്. മറ്റു കോഴ്സ് പോലെ ഇതിലും പരീക്ഷ നടത്തുന്നു. അതുപോലെ നെറ്റ് (NET) പരിശീലനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ മൊത്തം ഫാക്കല്‍റ്റികളില്‍ 40 ശതമാനം പേരും ഡോക്ടറേറ്റ് നേടിയവരാണ്. അഞ്ചു ഡിപ്പാര്‍ട്മെന്റിലായി 80 പിഎച്ച്ഡി സ്‌കോളേര്‍സ് ഇവിടെയുണ്ട്,’ കോളജ് ഡയറക്ടര്‍ ഡോ. യു. കൃഷ്ണകുമാര്‍ പറയുന്നു.

ഡോ. യു. കൃഷ്ണകുമാര്‍

ഫാക്കല്‍റ്റി ഓഫ് ആര്‍ട്സ്, മീഡിയ ആന്‍ഡ് കോമേഴ്‌സ് ഡീന്‍ കൂടിയാണ് ഡോ. യു. കൃഷ്ണകുമാര്‍. ഐഐടി-മുംബൈയില്‍ നിന്ന് പിഎച്ച്ഡി, ബാംഗ്ലൂര്‍ ഐ.ഐ.എസ്.സിയില്‍ നിന്ന് സി.എസില്‍ എം.ഇ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് ഇന്ത്യയിലും വിദേശത്തും 39 വര്‍ഷത്തെ അക്കാദമിക് പരിചയവും 21 വര്‍ഷത്തെ ഗവേഷണ പരിചയവുമുണ്ട്. ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ്, മെഡിക്കല്‍ ഇന്‍ഫോര്‍മാറ്റിക്സ്, മെന്ററിംഗ്, കള്‍ച്ചര്‍, മീഡിയ സ്റ്റഡീസ് എന്നിവ അദ്ദേഹത്തിന്റെ ഗവേഷണ മേഖലകളാണ്.

‘അടുത്ത വര്‍ഷം ഫിസിക്സ് ഡിപ്പാര്‍ട്മെന്റ് ആരംഭിക്കും. നാഗര്‍കോവില്‍, അമരാവതി, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ പുതിയ ക്യാംപസ് ഉടന്‍ ആരംഭിക്കും,’ ഡോ.യു കൃഷ്ണകുമാര്‍ പറയുന്നു.

നൂതന പ്രവണതകളെ നിരീക്ഷിച്ച്, സിലബസ്സില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടു വരുന്നതിലൂടെ എല്ലാ കോഴ്സുകളുടെയും പാഠ്യപദ്ധതി അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നു. ഗുണനിലവാരമുള്ള അദ്ധ്യാപനം, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ്, നൈതിക ദിശാബോധം എന്നിവയ്ക്ക് ക്യാമ്പസ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. അധ്യാപന സമൂഹത്തിന്റെ സമര്‍പ്പിത ശ്രമങ്ങള്‍ ഇത് യാഥാര്‍ത്ഥ്യമാക്കുന്നു. ബയോഇന്‍ഫോമാറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ മൈനിംഗ്, അപ്ലൈഡ് ആര്‍ട്ട്, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ, പരിസ്ഥിതി, ഭാഷ, സാഹിത്യം, ഫിനാന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ ഗവേഷണം നടക്കുന്നു.

അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് പെണ്‍കുട്ടികള്‍ക്ക് ആശ്രമം ഹോസ്റ്റലും അതുപോലെ കൊച്ചി നഗരത്തില്‍ നിന്നും പ്രാന്തപ്രദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് ബസ് സൗകര്യവും നല്‍കുന്നു.

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി, കോമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ്, വിഷ്വല്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് ആന്‍ഡ് ലാംഗ്വേജസ്, കോര്‍പ്പറേറ്റ് ആന്‍ഡ് ഇന്‍ഡസ്ട്രി റിലേഷന്‍സ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് തുടങ്ങിയ ഡിപ്പാര്‍ട്മെന്റുകളാണ് ഇവിടെയുള്ളത്. ഡിപ്പാര്‍ട്മെന്റ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടിയില്‍ നിന്നുമുള്ള നിരവധി പൂര്‍വ വിദ്യാര്‍ഥികളാണ് വിവിധ മേഖലകളില്‍ രാജ്യത്തിനകത്തും പുറത്തുമായി ജോലി ചെയ്യുന്നത്. പ്രൊഫഷണല്‍ രംഗത്തെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കോഴ്സുകളുടെ രൂപകല്‍പനയാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റിന്റെ പ്രത്യേകത. ബി കോം, ബിബിഎ, എം കോം കോഴ്സുകള്‍ക്ക് പുറമെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി, എന്‍സിഎഫ്എം, എന്‍ഐഎസ്എം എന്നീ പരീക്ഷകള്‍ക്കായി സിപിടി, ഐപിസിസി എന്നിവ കൂടാതെ ടാലി എന്റര്‍പ്രൈസിങ് സോഫ്‌ട്വെയറിലും വിദഗ്ധ പരിശീലനം ഇവിടെ നല്‍കുന്നു.

ഡിപ്പാര്‍ട്മെന്റ് ഓഫ് വിഷ്വല്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ദൃശ്യശ്രാവ്യ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ഉതകുന്ന തരത്തിലുള്ള പഠനമാണ് ഒരുക്കിയിരിക്കുന്നത്. തിയറിക്കൊപ്പം പ്രായോഗിക പരിശീലനത്തിലൂടെയും ഇവിടെ വിദ്യാര്‍ഥികളെ രൂപപ്പെടുത്തിയെടുക്കുന്നു. ജേണലിസം, ഗ്രാഫിക് ഡിസൈനിംഗ്, അനിമേഷന്‍, വെബ് ഡിസൈനിംഗ്, മാസ് കമ്യൂണിക്കേഷന്‍, അഡൈ്വര്‍ടൈസിംഗ്, വിഷ്വല്‍ ആര്‍ട്സ്, പബ്ലിക് റിലേഷന്‍സ് എന്നീ മേഖലകളില്‍ വിദ്യാര്‍ഥികള്‍ മികവ് തെളിയിക്കുന്നു. ഇംഗ്ലീഷ് സാഹിത്യ രംഗത്തും ആശയവിനിമയ രംഗത്തും പുതിയ തലങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഡിപ്പാര്‍ട്ട് മെന്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചറിന്റെ ലക്ഷ്യം. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും പിഎച്ച്ഡി, എംഫില്‍, എംഎ, അഞ്ച് വര്‍ഷം ഇന്റഗ്രേറ്റഡ് ബിഎ, എംഎ. പ്രോഗ്രാം എന്നിവ ഡിപ്പാര്‍ട്മെന്റ് നല്‍കുന്നു. സമകാലിക വിഷയങ്ങളായ അപ്ലൈഡ് ലിംഗ്വിസ്റ്റിക്, ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ്, ബ്ലാക്ക് ലിറ്ററേച്ചര്‍, ട്രാന്‍സാക്ഷന്‍ സ്റ്റഡീസ്, പോസ്റ്റ് കൊളോണിയല്‍ സാഹിത്യം എന്നിവയില്‍ ഗവേഷണം ചെയ്യുന്ന നിരവധി വിദ്യാര്‍ഥികള്‍ ഡിപ്പാര്‍ട്മെന്റിലുണ്ട്. ഭാഷാ പരിജ്ഞാനത്തിനും ഗവേഷണത്തിനും ഊന്നല്‍ നല്‍കി കുട്ടികളെ തൊഴിലിനു പ്രാപ്തമാക്കുകയാണ് ഇവിടുത്തെ അധ്യാപകര്‍.

ഡിജിറ്റല്‍ ലൈബ്രറിയും, 2000 ജിബിയില്‍ അധികം വരുന്ന ഇബുക്കുകളും ഇവിടെ ലഭ്യമാണ്. IEEE ജേണലുകളുള്‍പ്പെടെയുള്ള അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കും. അഞ്ചു വകുപ്പുകളിലും Ph.D, M.Phil പ്രോഗ്രാമുകള്‍, പത്തു ബിരുദാനന്തര കോഴ്സുകള്‍, മൂന്ന് ഇന്റഗ്രേറ്റഡ് കോഴ്സുകള്‍, ആറ് ബിരുദ കോഴ്സുകള്‍ എന്നിവയാണ് കോളജിലുള്ളത്. ദേശീയ അന്തര്‍ദേശീയ ജേണലുകളില്‍ നിരവധി പ്രബന്ധങ്ങളാണ് ഇവിടത്തെ ഗവേഷണ വിദ്യാര്‍ഥികളും അധ്യാപകരും പ്രസിദ്ധീകരിച്ചിട്ടുള്ളത്. കൂടാതെ കോണ്‍ഫെറന്‍സുകളിലും മറ്റും പങ്കെടുക്കുവാനും സാധിക്കുന്നു.

‘ഞങ്ങളുടെ ക്യാമ്പസ് എന്റെ കരിയറിലെ ഒരു ചവിട്ടുപടിയായിരുന്നു. സൗഹൃദത്തിലൂടെയും അച്ചടക്കമുള്ള പരിശീലനത്തിലൂടെയും പഠിപ്പിച്ച അധ്യാപകര്‍ കാരണമാണ് എനിക്ക് എന്റെ വ്യക്തിഗത കഴിവുകള്‍ വികസിപ്പിക്കാന്‍ സാധിച്ചത്. ബിഎസ്സി (വിഷ്വല്‍ മീഡിയ) യില്‍ മൂന്ന് വര്‍ഷത്തെ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഗ്രാഫിക് വെബ് ഡിസൈനറായി ടിസിഎസ് പോലുള്ള ഒരു പ്രശസ്ത കമ്പനിയില്‍ ചേരാന്‍ സാധിച്ചു,’ പൂര്‍വ വിദ്യാര്‍ത്ഥിനി കാവ്യാ ആര്‍ എസ് പറയുന്നു.

”ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്ന കേരളത്തിലെ ഏറ്റവും മികച്ച ഒന്നാണ് ഞങ്ങളുടെ കോളേജ് എന്ന് പറയാന്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. ഇവിടുത്തെ സോഫ്റ്റ് സ്‌കില്‍ പരിശീലനത്തിലൂടെ ക്യാംപസ് പ്ലേസ്മെന്റിലാണ് എനിക്ക് ടാലി സൊല്യൂഷനില്‍ ജോലി ലഭിച്ചത്. ഇവിടെ നിന്ന് ലഭിച്ച മൂല്യങ്ങളും സംസ്‌ക്കാരവും ഭാവി ജീവിതത്തിനും മുതല്‍ക്കൂട്ടാണ്,” പൂര്‍വ വിദ്യാര്‍ത്ഥിനി ദുര്‍ഗ എസ് പറയുന്നു.

അമൃതയില്‍ പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും കരിയര്‍ ആരംഭിക്കുന്നതിനു മുമ്പ് നിരവധി പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നു. വ്യത്യസ്ത ഇവന്റുകള്‍ എല്ലാ വര്‍ഷവും ഇവിടെ സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളിലെ മറഞ്ഞിരിക്കുന്നതും സ്വതസിദ്ധവുമായ കഴിവുകള്‍ ഇതിലൂടെ പുറത്തു വരുന്നു. സമഗ്രവികസനത്തിന്റെ അവിഭാജ്യ ഘടകമായി സംസ്‌കാരവും മൂല്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിന് അമൃത പ്രാധാന്യം നല്‍കുന്നു. സമൂഹത്തിനും സഹജീവികള്‍ക്കും സേവനം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നു. ഇതിന്റെ ഫലമായി വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തെക്കുറിച്ച് വിശാലമായ വീക്ഷണം ഉണ്ടായിരിക്കും.

Categories: FK Special, Slider