അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം

അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം

ഡെല്‍ഹിയില്‍ ചേര്‍ന്ന പുരസ്‌കാര സമിതി അക്കിത്തത്തെ തെരഞ്ഞെടുത്തത് ഏകകണ്ഠമായി

ന്യൂഡെല്‍ഹി: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം. സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അദ്ദേഹം. ലാളിത്യത്തെയും ഉന്നത തത്വചിന്തയെയും സമഞ്ജസിപ്പിച്ച ശൈലിയിലൂടെ മലയാണ്‍മയെ കൂടുതല്‍ പരിശോഭിപ്പിച്ച കാവ്യസപര്യയെ അര്‍ഹതയുടെ അംഗീകാരം തേടിയെത്തിയിരിക്കുന്നത് 93 ാം വയസിലാണ്. പത്രപ്രവര്‍ത്തകന്‍ കൂടിയായ അക്കിത്തത്തിന്റെ സ്വദേശം പാലക്കാട് ജില്ലയിലെ കുമരനല്ലൂരാണ്. 2017 ല്‍ പത്മശ്രീയും 2008 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ചു. മലയാളത്തിലെ ഒട്ടുമിക്ക സാഹിത്യ പുരസ്‌കാരങ്ങളും കാവ്യത്തറവാട്ടിലെ ഈ വന്ദ്യ വയോധികനെ തേടിയെത്തിയിട്ടുണ്ട്.

വിടി ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യഞ്ജത്തിന്റെ ഭാഗമായ അക്കിത്തം, അയിത്തത്തിനെതിരായ 1947 ലെ പാലിയം സത്യാഗ്രഹത്തില്‍ പങ്കെടുത്തിട്ടുണ്ട്. ബലിദര്‍ശനം (കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്), ഇടിഞ്ഞു പൊളിഞ്ഞ ലോകം, ഒരു കുടന്ന നിലാവ്, മനസാക്ഷിയുടെ പൂക്കള്‍, അരങ്ങേറ്റം, വെണ്ണക്കല്ലിന്റെ കഥ, സഞ്ചാരികള്‍, മാനസപൂജ, പഞ്ചവര്‍ണക്കിളികള്‍ (കവിതാ സമാഹാരം), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ദേശസേവിക (ഗ്രന്ഥ കാവ്യം), ഈ ഏട്ടത്തിയോട് നുണയേ പറയൂ (നാടകം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

Categories: FK News, Slider