ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ മഹരാഷ്ട്രയില്‍ അധികാരത്തിലേറിയ ത്രകക്ഷി സര്‍ക്കാരിന് ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കപ്പുറം സുസ്ഥിരമായ ഭരണം കാഴ്ച്ചവെക്കാന്‍ സാധിക്കട്ടെ
വിവാദങ്ങളുടെയും ആരോപണ, പ്രത്യാരോപണങ്ങളുടെയും അകമ്പടിയോടെ നടന്ന മഹാ നാടകങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്രയില്‍ ഒരു സര്‍ക്കാര്‍ രൂപീകൃതമാവുകയാണ്. തെരഞ്ഞെടുപ്പില്‍ ജനവിധി ബിജെപിയും ശിവസേനയും ചേര്‍ന്ന എന്‍ഡിഎ സഖ്യത്തിനായിരുന്നെങ്കിലും മുഖ്യമന്ത്രി പദം പങ്കിടുന്നതിനെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അപ്രതീക്ഷിതമായ വഴിത്തിരിവുകളിലേക്കാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തെ എത്തിച്ചത്. ശിവസേന എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകുകയും എന്‍സിപി-കോണ്‍ഗ്രസ് സഖ്യവുമായി ചേര്‍ന്ന് ത്രികക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിലേക്കുമെത്തി കാര്യങ്ങള്‍. പരസ്പരം പോരടിച്ചിരുന്നവര്‍ ഭരണത്തില്‍ പങ്കാളികളാകുമ്പോള്‍ അതിന് അധികമായുസുണ്ടാകില്ലെന്നാണ് ഭരണം നഷ്ടമായ ബിജെപി വിമര്‍ശിക്കുന്നത്.
ശിവസേസനയെ സംബന്ധിച്ചിടത്തോളം അതിജീവനത്തിന്റെ കൂടി പ്രശ്നമാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം. താക്കറെ കുടുംബത്തില്‍ നിന്നും ആദ്യമായി ഒരു നേതാവ് മന്ത്രിപദത്തിലെത്തുന്നത് മുഖ്യനായി തന്നെയാണ്. എന്നാല്‍ ഈ ഭരണത്തിന്റെ പ്രകടനമികവിന്റെ അടിസ്ഥാനത്തിലാകും മറാത്ത മണ്ണിന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയയാത്രയിലെ അടുത്ത ഘട്ടം നിര്‍ണയിക്കപ്പെടുക. ഇതുവരെ രാഷ്ട്രീയപരമായി എതിര്‍ത്തിരുന്ന കക്ഷികളുമായി ചേര്‍ന്നാണ് ശിവസേന അധികാരമേറിയിരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ക്കുപരിയായി സ്ഥിരതയാര്‍ന്ന ഭരണം കാഴ്ച്ചവെക്കാന്‍ ത്രികക്ഷി സര്‍ക്കാരിന് സാധിക്കുമോയെന്നതാണ് രാഷ്ട്രീയ ലോകവും മഹാരാഷ്ട്രയിലെ ജനങ്ങളും ഉറ്റുനോക്കുന്നത്. അതില്‍ വിജയം വരിച്ചാല്‍ പുതിയൊരു തരത്തിലുള്ള രാഷ്ട്രീയ സമവാക്യം തന്നെ രാജ്യത്തെമ്പോടും രൂപമെടുക്കാനും സാധ്യതയുണ്ട്. പുതിയ ശിവസേനയും അതിനൊപ്പം തങ്ങളുടെ സ്വതന്ത്ര അസ്തിത്വം സ്ഥാപിച്ചെടുക്കും.
എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ദേവന്ദ്ര ഫഡ്നാവിസ് മുന്‍കൈയെടുത്ത് നടപ്പാക്കിയ, കേന്ദ്രത്തിന്റെ കൂടി പിന്തുണയുള്ള വികസന പദ്ധതികള്‍ മുഴുവന്‍ അട്ടിമറിക്കുന്ന തരത്തിലുള്ള നടപടികള്‍ ശിവസേന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുമോയെന്നതാണ്. ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിയില്‍ നിന്ന് മഹാരാഷ്ട്ര പിന്മാറുമെന്ന തരത്തില്‍ ഇതിനോടകം തന്നെ വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളില്‍ സവിശേഷമായതാണ് ജപ്പാന് പിന്തുണയോടെ നടപ്പാക്കുന്ന ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതി. ഇതില്‍ 25 ശതമാനം ഓഹരി ഉടമസ്ഥാവകാശം മഹാരാഷ്ട്ര സര്ക്കാരിനാകുമെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചിരുന്നത്. എന്നാല്‍ ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിയെക്കാളും കര്ഷകപ്രശ്നങ്ങള്ക്കാണ് തങ്ങളുടെ പരിഗണനയെന്ന് ശിവസേന ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. സമാനം തന്നെയാണ് രത്നഗിരിയിലെ റിഫൈനറി പദ്ധതിയുടെ കാര്യവും.
2015ല്‍ പ്രഖ്യാപിച്ച രത്നഗിരി റിഫൈനറി പദ്ധതി 2022ല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. ഭൂമി ഏറ്റെടുക്കലിലെ പ്രശ്നങ്ങള്‍ കാരണം പൂര്‍ത്തീകരണ സമയം 2025ലേക്ക് ദീര്‍ഘിപ്പിക്കുകയാണ് ചെയ്തത്. 70 ബില്യണ്‍ ഡോളറിന്റെ ഈ വമ്പന്‍ പദ്ധതി മഹാരാഷ്ട്രയുടെ വികസനത്തില്‍ വമ്പന്‍ കുതിപ്പുണ്ടാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിന് പദ്ധതിയില്‍ താല്പ്പര്യമുണ്ടാകാനിടയില്ലെന്നാണ് വാര്‍ത്ത. കര്‍ഷകരെ ബാധിക്കുന്നതാണ് പദ്ധതിയെന്ന് പറഞ്ഞ് ശിവസേന നേരത്തെ ഇതിനെതിരെ രംഗത്തുവന്നിരുന്നു. അതിനാല്‍ തന്നെ പുതിയ സര്‍ക്കാരിന്റെ കാലയളവില്‍ ഇത് നടപ്പാക്കാനുള്ള സാധ്യതയും കുറവാണ്.
കര്‍ഷക പ്രശ്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്നാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം വ്യക്തമാക്കിയിട്ടുള്ളത്. നല്ല കാര്യം തന്നെയാണത്. എന്നാല്‍ വ്യവസായ അധിഷ്ഠിത വന്‍ പദ്ധതികളോട് മുഖം തിരിക്കുന്ന സമീപനം കൈക്കൊള്ളരുത്. രണ്ടും ഒരുപോലെ കൊണ്ടുപോയാലേ സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ അത് പ്രതിഫലിക്കൂ.
you're currently offline