ഹരിത ഇന്റര്‍നെറ്റ് യാഥാര്‍ഥ്യമാകുമ്പോള്‍

ഹരിത ഇന്റര്‍നെറ്റ് യാഥാര്‍ഥ്യമാകുമ്പോള്‍

എക്കോസിയ എന്നത് ഗൂഗിള്‍ പോലെ ഒരു വെബ് സെര്‍ച്ച് എന്‍ജിനാണ്. പക്ഷേ, ലാഭം പങ്കിടുന്ന കാര്യത്തില്‍ അവര്‍ ഗൂഗിളില്‍നിന്നും വ്യത്യസ്തരാണ്. എക്കോസിയയ്ക്ക് പരസ്യവരുമാനത്തിലൂടെ ലഭിക്കുന്ന തുകയില്‍ വലിയൊരംശം അവര്‍ പരിസ്ഥിതി സംരക്ഷണത്തിനായി നീക്കിവയ്ക്കുന്നു. 2009 ല്‍ ബെര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച ഒരു ചെറിയ സ്റ്റാര്‍ട്ടപ്പ് ഇന്ന് ലോകം അറിയപ്പെടുന്ന നിലയിലേക്കു വളര്‍ന്നിരിക്കുന്നു. പരിസ്ഥിതി ബോധമുള്ള ഒരു സെര്‍ച്ച് എന്‍ജിനായിട്ടാണ് എക്കോസിയ അറിയപ്പെടുന്നത്.

പരിപാലനം അഥവാ സംരക്ഷണം ഏറ്റവും പ്രധാനപ്പെട്ട കാര്യമായി മാറുമ്പോള്‍, മിക്കപ്പോഴും ഒരു വിജയി മാത്രമേ ഉണ്ടാകൂ. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യമെടുത്താല്‍ ഇത് വളരെ ശരിയുമാണ്. എത്രയോ സംരംഭങ്ങളും പ്രസ്ഥാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിനായി രൂപമെടുത്തിരിക്കുന്നു. പക്ഷേ, അവയില്‍ എത്രയെണ്ണം വിജയകരമായി മുന്നേറുന്നുണ്ടെന്നു ചോദിച്ചാല്‍ അതിനുത്തരം പറയുക ബുദ്ധിമുട്ടേറിയ കാര്യം തന്നെയായിരിക്കും. എങ്കിലും പ്രത്യാശയുടെ കിരണം ചൊരിഞ്ഞ് ചെറിയ തോതിലെങ്കിലും പ്രവര്‍ത്തിക്കുന്നവരുണ്ടെന്നതും ആശ്വസിക്കാന്‍ വക നല്‍കുന്ന കാര്യം തന്നെയാണ്. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിലെ ഈ നിര്‍ണായക ഘട്ടത്തില്‍, ലോകമെമ്പാടും ഹരിത സങ്കല്‍പ്പത്തിന് പ്രാധാന്യമേറുകയാണ്. വ്യവസായശാലകളും, വാണിജ്യമേഖലകളും പരിസ്ഥിതിയെ സംരക്ഷിക്കാനായി മുന്‍പെങ്ങും കാണാത്ത വിധം കൂടുതല്‍ മുന്‍കരുതലെടുക്കുന്നുമുണ്ട്. ടെക് ലോകത്തും പരിസ്ഥിതി സംരക്ഷണത്തിനു വലിയ പ്രാധാന്യമാണു നല്‍കി വരുന്നത്. വൃക്ഷത്തൈകള്‍ നട്ടുപിടിക്കുകയെന്ന ലക്ഷ്യത്തോടെ പത്ത് വര്‍ഷം മുമ്പ് ക്രിസ്റ്റിയന്‍ ക്രോള്‍, ‘എക്കോസിയ’ എന്നൊരു ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന് രൂപം നല്‍കുകയുണ്ടായി. തനിക്ക് ലഭിക്കുന്ന ലാഭമാണു വൃക്ഷത്തൈകള്‍ നടാനായി അദ്ദേഹം മാറ്റിവച്ചത്. നമ്മളില്‍ ഭൂരിഭാഗം പേരും എക്കോസിയ എന്ന സെര്‍ച്ച് എന്‍ജിനെ കുറിച്ചു കേട്ടിരിക്കില്ല. പക്ഷേ, ഈ സെര്‍ച്ച് എന്‍ജിന്‍ സമൂഹത്തിന് ഒരു നല്ല മാതൃക കാണിച്ചുതരുന്നുണ്ട്. ഗൂഗിളിനെ പോലെ തന്നെ എക്കോസിയയും അതിന്റെ സെര്‍ച്ച് പേജുകളിലെ പരസ്യ ക്ലിക്കുകളില്‍നിന്നു (advert clicks) വരുമാനം സൃഷ്ടിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിന്റെ പകുതിയും വൃക്ഷത്തൈകള്‍ നട്ടുപിടിക്കാനായി വിനിയോഗിക്കുന്നു. എക്കോസിയയിലെ ഓരോ തിരയിലിനും ശരാശരി 0.005 യൂറോ വീതം വരുമാനമുണ്ടാക്കുന്നതായിട്ടാണ് അനുമാനിക്കുന്നത്. ഏകദേശം 45 സെര്‍ച്ച് നടക്കുമ്പോള്‍ ഒരു വൃക്ഷത്തൈ നടാനുള്ള പണം എക്കോസിയ നല്‍കുന്നുണ്ട്. ബ്രസീല്‍ മുതല്‍ ബുര്‍ക്കിന ഫാസോ വരെ 17 രാജ്യങ്ങളിലെ 22 പ്രൊജക്റ്റുകളിലായി 75 ദശലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള ധനസഹായം ഇതുവരെ എക്കോസിയ നല്‍കി. മൈക്രോസോഫ്റ്റിന്റെ വെബ് സെര്‍ച്ച് എന്‍ജിനാണു ബിംഗ്. എക്കോസിയ, ബാക്ക് എന്‍ഡ് അഥവാ സെര്‍വര്‍ സൈഡായി ഉപയോഗിക്കുന്നത് ബിംഗിനെയാണ്. ഒരു ദശകത്തിനുള്ളില്‍ ഒരു ബില്യന്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യം എക്കോസിയയ്ക്കുണ്ട്. 21-ാം നൂറ്റാണ്ടില്‍ ബിസിനസ് എന്നതിന്റെ അര്‍ഥം എന്തായിരിക്കണമെന്നു പുനര്‍നിര്‍വചിക്കാനൊരുങ്ങുകയാണ് എക്കോസിയ.

മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള കാരണം

എക്കോസിയ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം വ്യക്തമാണ്. അവ ഭൂമിക്കും നമ്മള്‍ക്കും നല്ലതാണ് അതു തന്നെയാണു കാരണം. 2018-ലെ യുഎന്‍ കാലാവസ്ഥ റിപ്പോര്‍ട്ട് അനുസരിച്ച് ഭൗമതാപനിലയിലെ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തണമെങ്കില്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറയ്‌ക്കേണ്ടതുണ്ട്. മരങ്ങള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുന്നു. അതു കൊണ്ടാണു വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതു കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കാനുള്ള ഒരു മാര്‍ഗമായി കണക്കാക്കുന്നത്. ഒരു ട്രില്യണ്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെ ലോകത്തിനു നഷ്ടപ്പെട്ട വനങ്ങളെ പുനസ്ഥാപിക്കാനാവുമെന്നു മാത്രമല്ല, വ്യാവസായിക വിപ്ലവത്തിനു ശേഷം അന്തരീക്ഷത്തില്‍ കാണപ്പെടുന്ന കാര്‍ബണിന്റെ മൂന്നില്‍ രണ്ട് ഭാഗവും തുടച്ചുനീക്കാന്‍ സാധിക്കുമെന്നും വിവിധ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ധനസഹായം നല്‍കുന്നുണ്ടെന്നു മാത്രമല്ല, പരിസ്ഥിതി സംരക്ഷിക്കാന്‍ എക്കോസിയ സ്വീകരിക്കുന്ന നടപടികള്‍ വേറെയുമുണ്ട്. എക്കോസിയ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാനായി സോളാര്‍ ഫാമുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ മൈക്രോസോഫ്റ്റിന്റെ സെര്‍വറുകളെയാണ് ഉപയോഗപ്പെടുത്തുന്നത്. അടുത്ത പത്ത് വര്‍ഷത്തേയ്ക്കുള്ള പദ്ധതികള്‍ എന്തൊക്കെയായിരിക്കണമെന്നതില്‍ എക്കോസിയയുടെ സൃഷ്ടിച്ചത് ക്രിസ്റ്റിയന്‍ ക്രോളിനു വ്യക്തമായ ധാരണകളുണ്ട്. അതിലൊന്നു സെര്‍ച്ച് ട്രാഫിക്കിന്റെ വലിയൊരു പങ്ക് നേടുക എന്നതാണ്. അതായത്, നമ്മള്‍ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനുകളെയാണല്ലോ പൊതുവായി ഇന്റര്‍നെറ്റില്‍ സെര്‍ച്ചിംഗിനു വേണ്ടി ഉപയോഗിക്കുന്നത്. ഇങ്ങനെ സെര്‍ച്ചിംഗിനു ഗൂഗിളിനെ കൂടാതെ എക്കോസിയയെയും ഉപയോഗിക്കാന്‍ കൂടുതല്‍ ആളുകളെ പ്രാപ്തരാക്കുക എന്നതിനാണ് എക്കോസിയ ശ്രമിക്കുന്നത്. അതുവഴി ട്രാഫിക്ക് ഉയര്‍ത്താനും എക്കോസിയ പദ്ധതിയിടുന്നുണ്ട്. ഇതിനു പുറമേ ഓരോ ദിവസവും വര്‍ധിച്ചുവരുന്ന കാര്‍ബണ്‍ മുദ്ര പരിമിതപ്പെടുത്താന്‍ പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയെന്നതും എക്കോസിയയുടെ ലക്ഷ്യമാണ്. ഓണ്‍ലൈനില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ ബ്രാന്‍ഡുകളെ ഉയര്‍ത്തിക്കാണിക്കുന്നതിനും വലിയ മലിനീകരണങ്ങള്‍ ദുര്‍ബലമാക്കുന്നതിനും സുസ്ഥിര തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനും യൂസര്‍മാരെ സഹായിക്കുന്ന എക്കോസിയ ഗ്രീന്‍ സെര്‍ച്ച് എന്ന ടൂള്‍ വികസിപ്പിക്കുന്നുമുണ്ട് എക്കോസിയ.

എന്തു കൊണ്ട് എക്കോസിയ ?

ജര്‍മനിയിലെ ബെര്‍ലിന്‍ ആസ്ഥാനമായി 2009-ലാണ് എക്കോസിയ എന്ന വെബ് സെര്‍ച്ച് എന്‍ജിന്‍ ലോഞ്ച് ചെയ്തത്. ക്രിസ്റ്റിയന്‍ ക്രോളാണ് രൂപീകരിച്ചത്. പ്രവര്‍ത്തനം ആരംഭിച്ച് പത്ത് വര്‍ഷമെത്തുമ്പോള്‍, പ്രതിമാസം 15 ദശലക്ഷം സെര്‍ച്ചുകള്‍ നടക്കുന്ന പ്ലാറ്റ്‌ഫോമായി എക്കോസിയ മാറിയിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി പരസ്യ വരുമാനത്തിന്റെ 80 ശതമാനം സംഭാവന ചെയ്യുന്നുണ്ട് എക്കോസിയ. പ്രത്യേകിച്ച്, ഡബ്ല്യുഡബ്ല്യുഎഫ് നടത്തുന്ന മഴക്കാടുകളുടെ സംരക്ഷണ പരിപാടിക്ക് എക്കോസിയ ധനസഹായം നല്‍കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി ഇതുവരെ ഒരു മില്യന്‍ യൂറോയിലധികം സമാഹരിച്ചിട്ടുണ്ട് എക്കോസിയ. മൂല്യം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഒരുപക്ഷേ ഗൂഗിള്‍, ആപ്പിള്‍, ഫേസ്ബുക്ക് എന്നിവയെ മറികടക്കാന്‍ സാധിച്ചെന്നു വരില്ല. പക്ഷേ. അത്തരം കമ്പനികള്‍ക്ക് ഒരു പുനര്‍വിചിന്തനം നടത്താനുള്ള സാഹചര്യം എക്കോസിയ പോലുള്ള കമ്പനികളുടെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്നത് ഉറപ്പ്. മാന്യമായ മൂല്യങ്ങളില്‍നിന്നാണ് ഗൂഗിളും ആപ്പിളുമൊക്കെ രൂപമെടുത്തതും ഉയര്‍ന്നുവന്നതും. ലോകത്തെ മെച്ചപ്പെടുത്തുന്ന കാര്യങ്ങള്‍ നിര്‍മിക്കാന്‍ അവര്‍ ആഗ്രഹിച്ചു. എന്നാല്‍ ഒരു പൊതുകമ്പനിയായി മാറുന്നതോടെ ഏതൊരു കമ്പനിയിലും ഓഹരിയുടമകളുടെ സ്വാധീനം വര്‍ധിച്ചുവരും. അങ്ങനെയാണു നികുതി വെട്ടിപ്പും, വ്യക്തികളുടെ ഡാറ്റ അവര്‍ അറിയാതെ വില്‍പ്പന നടത്തുന്നതടക്കമുള്ള നിയമവിരുദ്ധ കാര്യങ്ങള്‍ അരങ്ങേറുന്നതെന്ന് എക്കോസിയയുടെ സൃഷ്ടാവ് ക്രിസ്റ്റിയന്‍ ക്രോള്‍ പറയുന്നു.

Comments

comments

Categories: Top Stories