ഒക്ടോബറിന് ശേഷം എമിറേറ്റ്‌സ് എന്‍ബിഡി വെട്ടിക്കുറച്ചത് 500 ഓളം തൊഴിലുകള്‍

ഒക്ടോബറിന് ശേഷം എമിറേറ്റ്‌സ് എന്‍ബിഡി വെട്ടിക്കുറച്ചത് 500 ഓളം തൊഴിലുകള്‍

ചിലവുകള്‍ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി യുഎഇ ബാങ്കുകളില്‍ ജീവനക്കാരെ പിരിച്ചുവിടല്‍ തുടരുന്നു

ദുബായ്: സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ ബാങ്കുകള്‍ നടപ്പിലാക്കുന്ന ചിലവ് വെട്ടിച്ചുരുക്കലിന്റെ ഭാഗമായി ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി ഒക്ടോബറിന് ശേഷം 500 ഓളം തൊഴിലുകള്‍ വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്.

യുഎഇയില്‍ ഏതാണ്ട് 12,000ത്തോളം ജീവനക്കാരുള്ള എമിറേറ്റ്‌സ് എന്‍ബിഡി വിവിധ വിഭാഗങ്ങളിലായാണ് തൊഴിലുകള്‍ വെട്ടിക്കുറച്ചത്. പ്രധാനമായും റീറ്റെയ്ല്‍, ടെക്‌നോളജി രംഗങ്ങളെയാണ് തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ നടപടി ഏറ്റവുമധികം ബാധിച്ചത്. അതേസമയം റിപ്പോര്‍ട്ടിനോട് എമിറേറ്റ്‌സ് എന്‍ബിഡി ഇതുവരെ പ്രതികരിച്ചില്ല.

ലയനങ്ങളെ തുടര്‍ന്നും യുഎഇയിലെ മറ്റുബാങ്കുകള്‍ കഴിഞ്ഞിടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ തദ്ദേശീയ ബാങ്കുകള്‍ ഏതാണ്ട് 446 പേരെ പിരിച്ചുവിട്ടുവെന്ന് യുഎഇ കേന്ദ്രബാങ്കിന്റെ റിപ്പോര്‍്ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം 1.9 ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയാണ് ദുബായ് സമ്പദ് വ്യവസ്ഥ കൈവരിച്ചത്. 2009ലെ സാമ്പത്തിക ഞെരുക്കത്തിന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയായിരുന്നു ഇത്. എന്നാല്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ ദുബായ് സമ്പദ് വ്യവസ്ഥ 2.1 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചതായി സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. മൊത്ത, ചില്ലറ വ്യാപാര മേഖലകളുടെ മെച്ചപ്പെട്ട പ്രകടനമാണ് സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടുകൊണ്ടുപോയത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 25.5 ശതമാനത്തിന്റെ പങ്കാളിത്തമാണ് മൊത്ത, ചില്ലറ വ്യാപാര മേഖലകള്‍ക്കുണ്ടായിരുന്നത്. വിദേശ വ്യാപാരം, ടൂറിസം, ബിസിനസ് എന്നിവയുടെ പ്രാദേശിക കേന്ദ്രമായി വര്‍ത്തിക്കുന്ന ദുബായ് ഗള്‍ഫിലെ ഏറ്റവും വൈവിധ്യാത്മക സമ്പദ് വ്യവസ്ഥകളിലൊന്നാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രോപ്പര്‍ട്ടി വിലയിടിവ് ദുബായുടെ സാമ്പത്തിക വളര്‍ച്ചയ്്ക്ക് വിലങ്ങുതടിയാകുകയാണ്.

എന്നാല്‍ ദൃഢമായ സാമ്പത്തികവളര്‍ച്ചയുടെയും ശക്തമായ കരുതല്‍ മൂലധനത്തിന്റെയും പണലഭ്യതയുടെയും പിന്‍ബലത്തില്‍ ജിസിസി മേഖലയിലെ ബാങ്കുകള്‍ക്ക് സ്ഥിരതയുള്ള ഭാവിയാണ് കഴിഞ്ഞ ആഴ്ച മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് പ്രവചിച്ചിരുന്നത്. ഗള്‍ഫ് മേഖലയിലെ സര്‍ക്കാരുകളുടെ ചിലവിടല്‍ പദ്ധതികള്‍ വരുംവര്‍ഷം എണ്ണയിതര ജിഡിപിയില്‍ 2.6 ശതമാനത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും മേഖലയിലെ ബാങ്കുകളുടെ പ്രവര്‍ത്തനാന്തരീക്ഷം അനുകൂലമാകുമെന്നും മൂഡീസ് പ്രവചിച്ചു. അതേസമയം ഒമാനില്‍ ആസ്തികളുടെ നിലവാരത്തകര്‍ച്ചയും എണ്ണവിലയിലുള്ള ഇടിവും സര്‍ക്കാര്‍ ചിലവിടലിനെ പ്രതികൂലമായി ബാധിക്കുന്നത് കൊണ്ട് അവിടുത്തെ ബാങ്കിംഗ് മേഖലയ്ക്ക് വരുംവര്‍ഷം മികച്ചതായിരിക്കില്ലെന്നും മൂഡീസ് പറയുന്നുണ്ട്.

Comments

comments

Categories: Arabia