10,000 രൂപയുണ്ടോ ആരംഭിക്കാം ഈ സംരംഭങ്ങള്‍

10,000 രൂപയുണ്ടോ ആരംഭിക്കാം ഈ സംരംഭങ്ങള്‍

കുറഞ്ഞ മുതല്‍മുടക്കില്‍ ലളിതമായി ആരംഭിക്കാവുന്ന സംരംഭ ആശയങ്ങള്‍

ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ്

വിനോദസഞ്ചാര മേഖലയോട് ചേര്‍ന്നാണോ നിങ്ങളുടെ വീട് സ്ഥിതി ചെയ്യുന്നത് ? ചെറിയ തടാകമോ പുഴയോ കടലോ മലയോ അടുത്തുണ്ടോ ? വീടിന് പുറത്തേക്ക് വാതിലുളള മുറിയും അറ്റാച്ച്ഡ് ബാത്ത് റൂമും ഉണ്ടോ ? എന്നാല്‍ ഈ സംരംഭ ആശയം നിങ്ങള്‍ക്കായുളളതാണ്. ആതിഥേയ വ്യവസായ രംഗത്തേക്ക് ചുവട് വെക്കാന്‍ മികച്ച അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുളളത്.

വലിയ ഹോട്ടല്‍ മുറികളില്‍ തങ്ങാന്‍ ആഗ്രഹിക്കാത്ത, ഗ്രാമീണ ശൈലിയില്‍ തന്നെ താമസിക്കാന്‍ ആഗ്രഹിക്കുന്നവരാണ് വിനോദസഞ്ചാരികളില്‍ ഏറെയും. വൃത്തിയുളള മുറിയും ടോയ്‌ലെറ്റും ആഹാരവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമാണ് ഈ സംരംഭം ആരംഭിക്കാന്‍ ആവശ്യമുളള സജ്ജീകരണങ്ങള്‍. 500 മുതല്‍ 1000 രൂപ വരെ വാടകയ്ക്ക് മുറികള്‍ വാടകയ്ക്ക് നല്‍കാം. കൂടുതല്‍ കാലം താമസിക്കുന്നവര്‍ക്ക് വാടകയിലും ഇളവ് നല്‍കുക. അവരെ ദീര്‍ഘ കാലം താമസിക്കുന്ന പേയിംഗ് ഗസ്റ്റുകളാക്കി മാറ്റുകയും ചെയ്യാം. ഇതെല്ലാം നിങ്ങള്‍ നല്‍കുന്ന സേവനങ്ങളെയും സൗകര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. താമസിക്കാന്‍ വരുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ യാതൊരു വിട്ടുവീഴ്ചയും കൂടാതെ കൃത്യമായി പരിശോധിക്കണം. നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ലഭിച്ചാല്‍ അയല്‍ വീട്ടുകാര്‍ക്ക് നല്‍കുകയോ കൂടുതല്‍ മുറികളിലേക്ക് സേവനം വ്യാപിപ്പിക്കുകയോ ചെയ്യാം. അങ്ങനെ നിങ്ങള്‍ക്ക് ബെഡ് ആന്‍ഡ് ബ്രേക്ക് ഫാസ്റ്റിന്റെ ചെയ്ന്‍ തന്നെ ചിട്ടപ്പെടുത്താന്‍ കഴിയും.

വിനോദസഞ്ചാരികളെ നിങ്ങളിലേക്കെത്തിക്കാന്‍ കഴിയുന്ന ട്രാവല്‍ ഏജന്‍സികള്‍, ടാക്സി ഡ്രൈവര്‍മാര്‍ തുടങ്ങിയവരുമായി ബന്ധം സ്ഥാപിക്കുക. അതോടൊപ്പം പത്രങ്ങളില്‍ ക്ലാസ്സിഫൈഡ് പരസ്യം നല്‍കുകയും ബസ് സ്റ്റാന്‍ഡുകളിലും മറ്റ് പൊതു ഇടങ്ങളിലും നോട്ടീസുകള്‍ പതിപ്പിക്കുകയും ചെയ്യാം. മുറി മോടി പിടിപ്പിക്കാനും ടോയ്‌ലറ്റ് നവീകരിക്കാനുമാണ് ചെറിയ മുടക്കുമുതല്‍ ആവശ്യമായി വരിക. എത്ര മുറികള്‍ വാടകയ്ക്ക് നല്‍കുന്നു എന്നതിനനുസൃതമായി വരുമാനവും ലഭിക്കും. പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും നല്ല സേവനം നല്‍കുകയും സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കുകയും ചെയ്യുകയാണ് പ്രധാനം.

കണ്‍സള്‍ട്ടന്‍സി

മാട്രിമോണിയല്‍, റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബീല്‍, കരിയര്‍ തുടങ്ങിയ മേഖലകളില്‍ കണ്‍സള്‍ട്ടന്റുമാര്‍ക്ക് മികച്ച സാധ്യതയുണ്ട്. നിങ്ങള്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന മേഖലയിലെ വിപുലമായ വിവര ശേഖരമാണ് ഈ രംഗത്ത് നിങ്ങളുടെ വിജയത്തെ നിര്‍ണയിക്കുന്നത്. മാട്രിമോണിയല്‍, റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബീല്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്റുമാരുടെ വരുമാനം വര്‍ധിച്ചതായിരിക്കും. ഈ മേഖലയില്‍ വലിയ തുകയ്ക്കുള്ള ഇടപാടുകളാണ് കൂടുതലും നടക്കുക. കഠിനാധ്വാനിയായ ഒരു കണ്‍സള്‍ട്ടന്റിന് പ്രതിമാസം 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപയുടെ വരെ വരുമാനം ഉണ്ടാക്കാം.

റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് നിങ്ങള്‍ കണ്‍സള്‍ട്ടന്റാകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പ്രവര്‍ത്തന പ്രദേശങ്ങളില്‍ വില്‍ക്കാനും വാടകയ്ക്ക് നല്‍കാനുമുള്ള സ്ഥലങ്ങളുടെയും വീടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കണം. മാട്രിമോണിയല്‍ ആണെങ്കില്‍ വിവാഹ പ്രായമായ യുവതി-യുവാക്കളുടെയും. അങ്ങനെ നിങ്ങളുടെ മേഖലയ്ക്ക് ആവശ്യമായതിനെ കുറിച്ച് പരമാവധി വിവരങ്ങള്‍ ശേഖരിക്കുക. അത് ഴിഞ്ഞാല്‍ നിങ്ങളുടെ സേവനത്തെക്കുറിച്ച് പ്രാദേശിക പത്രങ്ങളില്‍ ചെറിയ പരസ്യം നല്‍കുക. കണ്‍സള്‍ട്ടിംഗിന്റെ മൂലബിന്ദു നെറ്റ്വര്‍ക്കിംഗ് ആണ്. നിങ്ങള്‍ക്ക് പരിചയമുള്ള എല്ലാവരോടും നിങ്ങള്‍ നല്‍കാനുദ്ദേശിക്കുന്ന സേവനത്തെക്കുറിച്ച് പറയണം. ഈ സേവനങ്ങള്‍ ഒരിക്കലെങ്കിലും ആവശ്യമില്ലാത്തവര്‍ വിരലില്‍ എണ്ണാവുന്നവരേ കാണൂ. വ്യക്തിപരമായ കഴിവുകളെ മാത്രം ആശ്രയിച്ചുള്ള ഒരു ബിസിനസാണിത്. കൂടിയാലോചനകള്‍ നടത്തി വിജയിപ്പിക്കാനും, നേടിയെടുക്കുന്നതുവരെ ഒരു കാര്യത്തെ നിരന്തരം പിന്തുടരാനും മറ്റുള്ളവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാനുമൊക്കെയുള്ള കഴിവുകള്‍ വികസിപ്പിച്ചെടുക്കുക.

Comments

comments

Categories: Entrepreneurship