ടിക്‌ടോക്കിനു പിന്നിലെ ചൈനീസ് ടെക് ഗുരു

ടിക്‌ടോക്കിനു പിന്നിലെ ചൈനീസ് ടെക് ഗുരു
  •  ഇന്ത്യ, യുഎസ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ മികച്ച ബിസിനസ് വിജയം
  • സ്വന്തമായി മ്യൂസിക് സ്ട്രീമിംഗ് സേവനം പുറത്തിറക്കാനും നീക്കം

ബെയ്ജിംഗ്: ചുരുങ്ങിയ കാലയളവിനുള്ളില്‍ ലോകമൊട്ടാകെ ജനപ്രീതി നേടിയ ആപ്ലിക്കേഷനാണ് ടിക് ടോക്. ചെറു വീഡിയോകള്‍ പോസ്റ്റ് ചെയ്യാവുന്ന ഈ പ്ലാറ്റ്‌ഫോമിന്റെ അമരക്കാരന്‍ 36 കാരനും ചൈനീസ് കോടിശ്വരനുമായ ടെക് ഗുരു സാംഗ് യിമിംഗാണ്. യുവതലമുറയുടെ ട്രെന്‍ഡും പള്‍സും മനസിലാക്കിയുള്ള പ്ലാറ്റ്‌ഫോം ചിട്ടപ്പെടുത്താനും നൂതന സാങ്കേതിക വിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗവും കൂടിയായപ്പോള്‍ ടിക്‌ടോക് വെറും രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആഗോള വിജയം നേടുകയായിരുന്നു.

സാംഗ് യിമിംഗിന്റെ ബെയ്ജിംഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലാണ് ടിക്‌ടോകിന്റെ പ്രവര്‍ത്തനം. 2017 ല്‍ തുടക്കമിട്ട ടിക്‌ടോക്, യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗവേഷണ ഏജന്‍സിയായ സെന്‍സര്‍ ടവറിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1.5 ബില്യണ്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞതായി രേഖപ്പെടുത്തുന്നു. ഇന്ത്യ, യുഎസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് ടിക്‌ടോക്കിന് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളത്. ആഗോള ഉപഭോക്താക്കളില്‍ 31 ശതമാനവും ഇന്ത്യക്കാരാണെന്നാണ് സൂചന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ടിക്‌ടോകിന്റെ ഇന്ത്യയിലെ ഡൗണ്‍ലോഡിംഗ് നിരക്കിലും ആറ്് ശതമാനം വര്‍ധനയുണ്ട്. ദൈനംദിന ജീവിതത്തിലെ ചെറു തമാശകളും, ദിനചര്യകളും എന്നു വേണ്ട എന്തും ഹ്രസ്വ വീഡിയോ ഫോര്‍മാറ്റില്‍ ടിക്‌ടോകില്‍ അപ്‌ലോഡ് ചെയ്യാനാകും.

ആഗോള തലത്തില്‍ ടിക്‌ടോക് നടത്തിയ മുന്നേറ്റം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം യുഎസിലെ രണ്ട് മുതര്‍ന്ന സെനറ്റര്‍മാര്‍ സര്‍ക്കാരിനു മുന്നില്‍ ഉന്നയിച്ചിരുന്നു. ടിക്‌ടോകിലൂടെ ബെയ്ജിംഗ് ഉപഭോക്താക്കളെ ചാരപ്പണിക്ക് വിനിയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് സെനറ്റര്‍മാര്‍ പരാതി ഉന്നയിച്ചിരുന്നത്.

ആപ്ലിക്കേഷന്റെ ആഗോള വിജയത്തിന്റെ പ്രധാന ശില്‍പ്പിയും സാംഗ് യിമിംഗ് തന്നെ. ദ്രുതഗതിയില്‍ വന്‍തോതിലുള്ള വിജയത്തിനു കാരണം ടിക്‌ടോക് ലക്ഷ്യമിടുന്നത് ചെറുപ്പക്കാരായ ഉപഭോക്താക്കളെയാണെന്നതാണ്. പുതുതലമുറ അവരുടെ ചിന്തകളും പ്രവര്‍ത്തികളും നല്ലതോ മോശമോ എന്നുപോലും ചിന്തിക്കാതെ തുറന്നു പറയാന്‍ താല്‍പ്പര്യപ്പെടുന്നവരായതിനാല്‍ പ്ലാറ്റ്‌ഫോം വളരെ വേഗം ശ്രദ്ധിക്കപ്പെടുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് മുന്‍കൂട്ടി അറിഞ്ഞ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചതാണ് സാംഗ് യിമിംഗിന്റെ നേട്ടം. ബൈറ്റ് ഡാന്‍സിന്റെ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച ആപ്ലിക്കേഷനും ടിക്‌ടോക് തന്നെ. കമ്പനിയുടെ ചൈനയിലും വിദേശത്തുമായുള്ള മറ്റുല്‍പ്പന്നങ്ങള്‍ വാര്‍ത്തയുമായി ബന്ധപ്പെട്ടവയാണ്. നോണ്‍ ഗെയിമിംഗ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് നേടിയ ആപ്ലിക്കേഷന്‍ വിഭാഗത്തിലും മൂന്നാം സ്ഥാനത്ത് ടിക്‌ടോകാണ്. 70.4 കോടി ഡൗണ്‍ലോഡ് നേടിയ വാട്‌സാപ്പിനും 63.6 കോടി നേടിയ ഫേസ്ബുക്ക് മെസഞ്ചറിനും പിന്നില്‍ 61.4 കോടി ഡൗണ്‍ലോഡാണ് ടിക്‌ടോക് നേടിയത്. ഡൗണ്‍ലോഡിംഗ് നിരയില്‍ ഫേസ്ബുക്ക് ടിക്‌ടോക്കിന് പിന്നിലാണ്.

സാംഗ് ചൈനയില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനു മുമ്പ് പ്രോഗ്രാമറായാണ് ജോലി നോക്കിയിരുന്നത്. 2012ല്‍ ബൈറ്റ് ഡാന്‍സിന് തുടക്കമിട്ട അദ്ദേഹം അഞ്ച് വര്‍ഷത്തിനുള്ളില്‍ ടിക്‌ടോക്കിനും തുടക്കമിട്ടു. 2019 ല്‍ ഹുരുണ്‍ ചൈന റിച്ച് ലിസ്റ്റിലെ ആദ്യ 20 ല്‍ ഉള്‍പ്പെട്ടപ്പോള്‍ 13.5 ബില്യണ്‍ ഡോളറായിരുന്നു ആസ്തി. ചൈനയിലെ മള്‍ട്ടിനാഷണല്‍ ടെക് കമ്പനിയായ ബൈഡുവിന്റെ സ്ഥാപകനെ പോലും മറികടന്നാണ് സാംഗ് ചൈനയിലെ ധനികരുടെ പട്ടികയിലേക്ക് കുതിച്ചു കയറിയത്.

2017ല്‍ ബൈറ്റ്ഡാന്‍സ് വീഡിയോ ആപ്പ് ആയ മ്യൂസിക്കല്‍ഡോട്ട്‌ലീ എന്ന കമ്പനിയെ ഒരു ബില്യണ്‍ ഡോളറിന് ഏറ്റടുത്തതോടെ സാംഗിന്റെ ഭാഗ്യനക്ഷത്രം ഉദിച്ചു. മ്യൂസിക്കല്‍ഡോട്ട്‌ലീ പിന്നീട് ടിക് ടോക്കില്‍ ലയിച്ചിരുന്നു. ചൈനീസ് സംരംഭകര്‍ക്കിടയിലെ വേറിട്ട മുഖമായാണ് സാംഗ് കണക്കാക്കപ്പെടുന്നത്. ചെറുപ്പക്കാരനായ സംരംഭകനായതിനാല്‍ ചെറുപ്പക്കാരുടെ മനശാസ്ത്രം മനസിലാക്കി ടിക്‌ടോകിനു രൂപം നല്‍കാനായത് അദ്ദേഹത്തിന്റെ ബിസിനസ് ജീവിതത്തിലെ ഏറ്റവും വലിയ വിജയമായി മാറി എന്നു വേണം പറയാന്‍.

ടിക്‌ടോക്കിന്റെ ചൈനീസ് വിഭാഗമായ ദൗയിന്റെ പ്രവര്‍ത്തനവും ബൈറ്റ് ഡാന്‍സാണ് ഏറ്റെടുത്തിരിക്കുന്നത്. ചൈനയിലെ ഹ്രസ്വ വീഡിയോ ആപ്പുകളില്‍ മുന്‍നിരയിലാണ് ഇതിന്റെ സ്ഥാനം. പ്രതിമാസം 400 ദശലക്ഷം സജീവ ഉപഭോക്താക്കളാണ് ദൗയിനുള്ളതെന്ന് വിപണി ഗവേഷകരായ ഐറിസര്‍ച്ച് രേഖപ്പെടുത്തുന്നു.

ബൈറ്റ് ഡാന്‍സ് പുറത്തിറക്കിയ ആദ്യ ഉല്‍പ്പന്നം ചൈനയിലെ വാര്‍ത്തകള്‍ പ്രമേയമാക്കിയ ജിന്‍രി ടോട്ടിയാവോ(ടുഡെ ഹെഡ്‌ലൈന്‍സ്) ആയിരുന്നു. ചൈനക്കാരുടെ വായനാ സ്വഭാവത്തിനു തന്നെ മാറ്റമുണ്ടാക്കിയ ആപ്പായി ഇതു മാറി. യുഎസില്‍ ടിക്‌ടോക്കിനു പുറമെ ഇംഗ്ലീഷ് ഭാഷയിലെ വാര്‍ത്താധിഷ്ഠിത ആപ്പായ ടോപ്പ്ബസും ബൈറ്റ്ഡാന്‍സ് പുറത്തിറക്കിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ ബാബി എന്ന വാര്‍ത്താ ആപ്പിന്റെ ഭൂരിപക്ഷം ഓഹരികളും 2016 ല്‍ ബൈറ്റ്ഡാന്‍സ് സ്വന്തമാക്കി ഇന്തോനേഷ്യയിലും സാന്നിധ്യം ശക്തമാക്കുകയുണ്ടായി. അധികം വൈകാതെ സ്വന്തമായി മ്യൂസിക് സ്ട്രീമിംഗ് സേവനം പുറത്തിറക്കാനും ബൈറ്റ് ഡാന്‍സ് പദ്ധതിയിടുന്നുണ്ട്. സബ്‌സ്‌ക്രിപ്ഷന്‍ മോഡലില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോട്ടിഫൈ, ആപ്പിള്‍ എന്നിവരോട് മത്സരിക്കാന്‍ ഉറപ്പിച്ചാണ് കമ്പനി ഈ മേഖലയില്‍ രംഗപ്രവേശനത്തിന് തയാറെടുക്കുന്നത്.

Comments

comments

Categories: FK News
Tags: Tiktok