നയതന്ത്ര ദൗത്യങ്ങളുടെ എണ്ണം: ചൈന യുഎസിനെ മറികടന്നു

നയതന്ത്ര ദൗത്യങ്ങളുടെ എണ്ണം: ചൈന യുഎസിനെ മറികടന്നു

ആഗോളശക്തിയാകാനുള്ള ശ്രമങ്ങളാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. നയതന്ത്രതലത്തില്‍ ലോകമെങ്ങും സ്വാധീനം ചെലുത്താനും ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായി ചൈന ആഗോളതലത്തില്‍ സ്ഥാപിച്ചത് 276 ഡിപ്ലോമാറ്റിക് പോസ്റ്റുകളാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട് തയാറാക്കിയത് ഓസ്‌ട്രേലിയന്‍ തിങ്ക് ടാങ്കാണ്.

ട്വിറ്റര്‍ നയതന്ത്രവും, ക്രിക്കറ്റ് നയതന്ത്രവും, ഡിജിറ്റല്‍ നയതന്ത്രവും അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാനമായി മാറിയ ഒരു യുഗത്തില്‍ പരമ്പരാഗത രീതിയിലുള്ള നയതന്ത്രത്തിന് ഇപ്പോഴും ഒരിടമുണ്ടെന്ന് ഒരിക്കല്‍ കൂടി അടിവരയിടുകയാണ്. സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഓസ്‌ട്രേലിയന്‍ തിങ്ക് ടാങ്ക് ബുധനാഴ്ച പുറത്തിറക്കിയ 2019 ഗ്ലോബല്‍ ഡിപ്ലോമാസി സൂചികയില്‍, ലോക നയതന്ത്ര ശൃംഖലകള്‍ എങ്ങനെയാണു വികസിക്കുകയും ചുരുങ്ങുകയും ചെയ്തിരിക്കുന്നതെന്നു കണക്കെടുപ്പ് നടത്തിയിരിക്കുന്നു. ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്ലോബല്‍ ഡിപ്ലോമസി സൂചിക എന്നത് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ പരിപാലിക്കുന്ന എംബസികളുടെയും കോണ്‍സുലേറ്റുകളുടെയും, മറ്റ് ഡിപ്ലോമാറ്റിക് പോസ്റ്റുകളുടെയും മൊത്തത്തിലുള്ള എണ്ണത്തിന്റെ വിശകലനമാണ്. 61 രാജ്യങ്ങളാണു ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൂചികയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ ഏറ്റവും വലിയ നയതന്ത്ര ശൃംഖലയുള്ള അമേരിക്കയെ ചൈന മറികടന്നതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗോളതലത്തില്‍ 276 പോസ്റ്റുകളാണു ചൈനയ്ക്കുള്ളത്. അതിനര്‍ഥം അമേരിക്കയെക്കാള്‍ ഇപ്പോള്‍ മൂന്നു പോസ്റ്റുകള്‍ അധികമുണ്ട് ചൈനയ്ക്ക് എന്നാണ്. മൂന്നാം സ്ഥാനത്ത് ഫ്രാന്‍സാണ് എത്തിയിരിക്കുന്നത്. ബീജിംഗിന്റെ വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര അഭിലാഷങ്ങളുടെ വ്യക്തമായ സൂചന കൂടിയാണിതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചൈനയ്ക്കും അമേരിക്കയ്ക്കും തുല്യമായ എണ്ണത്തില്‍ എംബസികളുണ്ടെങ്കിലും വാഷിംഗ്ടണിനേക്കാള്‍ കൂടുതല്‍ കോണ്‍സുലേറ്റുകള്‍ ബീജിംഗിനാണുള്ളത്. എംബസിക്കും കോണ്‍സുലേറ്റിനും സമാന അര്‍ഥമാണുള്ളത്. പക്ഷേ കോണ്‍സുലേറ്റ് എന്നത് ജൂനിയര്‍ എംബസിയാണ്. നേരേ മറിച്ച് എംബസി എന്നത് പ്രതിനിധീകരിക്കുന്നത് ഒരു വലിയ സംഘത്തെയാണ്. സ്ഥിരമായ നയതന്ത്ര ദൗത്യങ്ങള്‍ക്കുള്ള സംവിധാനത്തെയാണ് എംബസിയെന്നു വിശേഷിപ്പിക്കുന്നത്. സാധാരണയായി ഒരു രാജ്യത്തിന്റെ തലസ്ഥാനത്തായിരിക്കും എംബസി സ്ഥിതി ചെയ്യുന്നത്. കോണ്‍സുലേറ്റ് തലസ്ഥാന നഗരിക്കു പുറത്തായിരിക്കും മിക്കവാറും സ്ഥിതി ചെയ്യുന്നത്. വിശാലമായി പറഞ്ഞാല്‍, കോണ്‍സുലേറ്റുകള്‍ രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം സുഗമമാക്കുന്നു. അതേസമയം, എംബസികള്‍ രാഷ്ട്രീയ ബന്ധങ്ങളെ പരിപോഷിപ്പിക്കുന്നു. അമേരിക്കയ്ക്ക് 88 കോണ്‍സുലേറ്റുകളാണുള്ളത്. ചൈനയ്ക്കാവട്ടെ 96 കോണ്‍സുലേറ്റുകളുണ്ട്.

ചൈന ഓരോ ദിവസം പിന്നിടുമ്പോഴും അവരുടെ നയതന്ത്രബന്ധങ്ങള്‍ വിപുലമാക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഞ്ച് ഡിപ്ലോമാറ്റിക് പോസ്റ്റുകളാണു പുതുതായി കൂട്ടിച്ചേര്‍ത്തത്. മറുവശത്ത് അമേരിക്കയുടെ ഡിപ്ലോമാറ്റിക് പോസ്റ്റുകളുടെ എണ്ണത്തില്‍ ഇടിവുണ്ടാവുകയും ചെയ്തു. 2017നു ശേഷം യുഎസിന്റെ നയതന്ത്ര സ്വാധീനം ഇടിവു വന്നതായിട്ടാണു കണ്ടെത്തിയിരിക്കുന്നത്. സമീപകാലത്ത് റഷ്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതോടെ, സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗിലുള്ള അമേരിക്കയുടെ കോണ്‍സുലേറ്റ് 2018ല്‍ അടച്ചു. ട്രംപ് ഭരണകൂടമാകട്ടെ, പുതിയ ഡിപ്ലോമാറ്റിക് പോസ്റ്റുകളൊന്നും പ്രഖ്യാപിച്ചതുമില്ല. യുഎസിന്റെ വിദേശനയവും, അന്താരാഷ്ട്ര ബന്ധങ്ങളും നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം കുടികൊള്ളുന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒഴിവു വന്നിരിക്കുന്ന പ്രധാന തസ്തികകളിലേക്കു നിയമനം നടത്തിയിട്ടില്ല. അവിടെ 27 ശതമാനം തസ്തികകളിലും ആളില്ലാത്ത അവസ്ഥയാണ്. രണ്ട് വര്‍ഷമായി യുഎസിന് ഓസ്‌ട്രേലിയന്‍ അംബാസഡറില്ല. എങ്കിലും യുഎസിന്റെ നയതന്ത്ര സ്വാധീനം പതിറ്റാണ്ടുകളായി വികസിച്ചിട്ടുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇന്നും യുഎസില്‍ 61 രാജ്യങ്ങളുടെ 342 ഡിപ്ലോമാറ്റിക് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചൈനയിലാകട്ടെ, 256 ഡിപ്ലോമാറ്റിക് പോസ്റ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ, ട്രാന്‍സ് പസഫിക് പങ്കാളിത്തം, ഇറാന്‍ ആണവ കരാര്‍, പാരീസ് കാലാവസ്ഥ ഉടമ്പടി എന്നിവയില്‍നിന്നും പിന്മാറാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം യുഎസിനു നയതന്ത്ര സ്വാധീനം നിലനിര്‍ത്തുന്നതിനുള്ള വലിയ ഭീഷണിയാണെന്നും ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നയതന്ത്ര ബന്ധങ്ങള്‍ പരിപാലിക്കുന്നതില്‍ വലിയ ഇടിവുണ്ടായ രാജ്യങ്ങളിലൊന്നാണു തായ്‌വാന്‍. 2016 ല്‍ 22 എംബസികളുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് 15 എംബസികളാണുള്ളത്. മുമ്പ് തായ്‌വാനെ അംഗീകരിച്ച എല്‍ സാല്‍വദോര്‍, ബുര്‍ക്കിന ഫാസോ, ദ ഗാംബിയ, സാവോ ടോം & പ്രിന്‍സിപ്പി, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് തുടങ്ങിയ അഞ്ച് രാജ്യങ്ങളില്‍ ബീജിംഗ് എംബസി തുറക്കുകയുണ്ടായി. യുകെ വാഗ്ദാനം ചെയ്ത ‘ഗ്ലോബല്‍ ബ്രിട്ടന്‍’ എന്ന സ്വപ്ന പദ്ധതിയുടെ നടപടി മന്ദഗതിയിലാണ്. 2018ല്‍ പസഫിക്കില്‍ മൂന്ന് ഡിപ്ലോമാറ്റിക് പോസ്റ്റുകള്‍ തുറക്കുമെന്ന് ബ്രിട്ടന്റെ നേതാവ് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിട്ടും 2016 മുതല്‍ അവരുടെ എംബസികളുടെ എണ്ണത്തില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല. കൂടാതെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 11 കോണ്‍സുലേറ്റുകളും ഓഫീസുകളും ഒന്നുകില്‍ അടയ്ക്കുകയോ, തരംതാഴ്ത്തുകയോ ചെയ്യുകയുമുണ്ടായി. ബ്രെക്‌സിറ്റാണ് ബ്രിട്ടന് വില്ലനായിരിക്കുന്നതെന്നാണ് ഇതില്‍നിന്നും മനസിലാക്കേണ്ടത്. അതേസമയം അയര്‍ലാന്‍ഡ് അതിന്റെ ശൃംഖല എട്ട് സ്ഥലങ്ങളില്‍ വ്യാപിപ്പിച്ചു. ഇതും ബ്രെക്‌സിറ്റ് മുന്നില്‍ കണ്ടു കൊണ്ടുള്ള നീക്കമായിട്ടു വേണം കരുതാന്‍. കാരണം ബ്രെക്‌സിറ്റ് നടപടി പൂര്‍ത്തിയാകുമ്പോള്‍ അയര്‍ലാന്‍ഡ് ഉള്‍പ്പെടെയുള്ള യുകെ ഇയുവില്‍നിന്നും പുറത്താകും. ആ സമയത്ത് അന്താരാഷ്ട്ര തലത്തില്‍ സ്വാധീനം നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതലായിട്ടാണ് അയര്‍ലാന്‍ഡ് അവരുടെ നയതന്ത്ര ശൃംഖല എട്ട് സ്ഥലങ്ങളിലേക്കു വ്യാപിപ്പിച്ചത്. ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൂചികയില്‍ മറ്റൊരു രാജ്യത്തിനും ഇതു പോലൊരു നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നെതര്‍ലാന്‍ഡ്‌സും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏഴ് സ്ഥലങ്ങളില്‍ നയതന്ത്ര ശൃംഖല വ്യാപിപ്പിച്ചു. 2019 ലെത്തിയപ്പോള്‍ ആകെ 247 ഡിപ്ലോമാറ്റിക് പോസ്റ്റുകളാണ് ജപ്പാന്‍ സ്വന്തമാക്കിയത്. ഇതിലൂടെ അവര്‍ റഷ്യയെ മറികടന്ന് നാലാം സ്ഥാനത്ത് എത്തി. ചൈന ഉള്‍പ്പെടുന്ന സമീപപ്രദേശങ്ങളില്‍ ശക്തി സന്തുലനം (power balance) മാറിക്കൊണ്ടിരിക്കുന്നതിനാല്‍ കഴിഞ്ഞ ഒരു ദശാബ്ദമായി ജപ്പാന്‍ നയതന്ത്രരംഗത്തു വലിയ തോതിലാണു നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നത്. 2017 മുതല്‍, തന്ത്രപരമായി നിര്‍ണായക രാജ്യങ്ങളായ കംബോഡിയ, ഫിലിപ്പൈന്‍സ്, സീഷെല്‍സ്, വനൗതു എന്നിവിടങ്ങളിലായി ഏഴ് പുതിയ ഡിപ്ലോമാറ്റിക് പോസ്റ്റുകള്‍ രൂപീകരിച്ചു. 2017 മുതല്‍ ആറ് പുതിയ ഡിപ്ലോമാറ്റിക് പോസ്റ്റുകള്‍ കൂട്ടി ചേര്‍ത്തു കൊണ്ടു തുര്‍ക്കി അവരുടെ നയതന്ത്ര ശൃംഖല വിപുലീകരിച്ചു. ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള റഷ്യയുടെ ജിഡിപിയുടെ പകുതിയില്‍ താഴെയാണെങ്കിലും തുര്‍ക്കി നയതന്ത്ര ശൃംഖല രൂപീകരിക്കുന്ന കാര്യത്തില്‍ ആറാം സ്ഥാനത്തെത്തി.

ഗ്ലോബലാകാന്‍ ആഗ്രഹിക്കുന്ന ചൈന

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് 2012 നവംബറില്‍ അധികാരത്തിലേറിയതിനു ശേഷം ബീജിംഗിനെ ആഗോളകാര്യങ്ങള്‍ക്കുള്ള കേന്ദ്രമാക്കി മാറ്റുന്നതിനു വേണ്ടി ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനൊരു ഉദാഹരണമാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ്. ചൈനയ്ക്കു വ്യാപാര ഇടനാഴികള്‍ രൂപപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ് ഈ പദ്ധതി. ചൈനയുടെ ഈ സ്വപ്‌ന പദ്ധതിയുമായി സഹകരിക്കുന്ന പങ്കാളി രാജ്യങ്ങള്‍ക്ക് വലിയ തോതിലുള്ള ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഫണ്ടാണു ചൈന വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തില്‍ അന്താരാഷ്ട്ര ബന്ധം വിപുലീകരിക്കാന്‍ ചൈന ഒരുവശത്ത് ശ്രമം നടത്തുമ്പോള്‍, മറുവശത്ത് അമേരിക്ക അന്താരാഷ്ട്ര ബന്ധം ഉള്ളതു തന്നെ പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തുകയാണ്. 2017 ല്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസിന്റെ വിദേശനയം രൂപീകരിക്കുന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനു ഗണ്യമായ ബജറ്റ് വെട്ടിക്കുറയ്ക്കാന്‍ ശ്രമിച്ചു. നിരവധി പ്രധാന നയതന്ത്ര തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു, ഇത് നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയെയും മനോവീര്യത്തെയും തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.
‘ ശക്തമായ നയതന്ത്ര അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുക എന്നത് ഒരു രാജ്യത്തിന്റെ നയതന്ത്ര സ്വാധീനം ശക്തിപ്പെടുത്തുന്നതിനുള്ള ആദ്യ പ്രായോഗിക നടപടിയാണ്. ചൈനയുടെ കാര്യത്തില്‍, അവര്‍ നയതന്ത്ര ഇന്‍ഫ്രാസ്ട്രക്ചറില്‍ നിക്ഷേപം നടത്തിയെന്നു നമുക്ക് കൃത്യമായി പറയാന്‍ കഴിയും, അത് അന്താരാഷ്ട്രതലത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ചൈനയുടെ അഭിലാഷങ്ങളുടെ ഒരു പ്രേരശക്തിയായി വര്‍ത്തിക്കുകയും ചെയ്യുന്നു ‘ ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ചര്‍ ബോണി ബ്ലേ പറയുന്നു.

Categories: Top Stories