നിക്ഷേപകരെ നാടുകടത്തുന്ന ആന്ധ്ര

നിക്ഷേപകരെ നാടുകടത്തുന്ന ആന്ധ്ര

ലുലു ഗ്രൂപ്പിന് ആന്ധ്രയോട് ഗുഡ്‌ബൈ പറയേണ്ടി വന്നത് സംസ്ഥാനത്തിന്റെ നിക്ഷേപാന്തരീക്ഷത്തിലെ ദുരവസ്ഥ അടിവരയിടുന്നു. ഇതല്ല ജനങ്ങള്‍ ആഗ്രഹിച്ച മാറ്റമെന്ന് ജഗന്‍ മനസിലാക്കണം

ഒരു കാലത്ത് ബിസിനസ് സൗഹൃദ സംസ്്ഥാനമെന്ന നിലയില്‍ രാജ്യത്ത് ശ്രദ്ധേയമായിരുന്നു ആന്ധ്ര പ്രദേശ്. അതില്‍ ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന ടിഡിപിയുടെ ചന്ദ്രബാബു നായിഡുവിന് കുറവല്ലാത്ത പങ്കുണ്ടായിരുന്നു താനും. പിന്നീട് അദ്ദേഹത്തിന് രാഷ്ട്രീയപരമായും സാമ്പത്തിക വീക്ഷണത്തിന്റെ കാര്യത്തിലും അടിതെറ്റുകയുമുണ്ടായി. എന്നാല്‍ നായിഡുവിനെ പുറത്താക്കി അതിഗംഭീര തെരഞ്ഞെടുപ്പ് വിജയം നേടിയാണ് വൈഎസ്ആര്‍ ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രയില്‍ അധികാരമേറിയത്. തെലങ്കാന വേറിട്ടുപോയതിനെ തുടര്‍ന്നുണ്ടായ ആഘാതങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ മാറ്റമായിരുന്നു ജഗന്‍ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത്. എന്നാല്‍ കാര്യങ്ങളൊന്നും ശരിയായ ദിശയിലല്ല ഇപ്പോള്‍ നടക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സംസ്ഥാനം വിട്ടുപോകാനുള്ള ലുലു ഗ്രൂപ്പിന്റെ തീരുമാനം.

പ്രമുഖ പ്രവാസി മലയാളി സംരംഭകനായ എം എ യൂസഫലിയുടെ, അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് 2,200 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതില്‍ നിന്നും പിന്മാറുകയാണെന്നാണ് ലുലു കഴിഞ്ഞയാഴ്ച്ച വ്യക്തമാക്കിയത്. ഇനി ആന്ധ്രയില്‍ നിക്ഷേപിക്കുകയെന്ന സാഹസം കാണിക്കില്ലെന്നും അവര്‍ പറയുന്നു. സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് തന്റെ ഭരണകാലത്ത് ലുലുവിനെയും നായിഡു ആന്ധ്രയിലെത്തിച്ചത്. ഇതിനായി വിശാഖപട്ടണത്ത് 14 ഏക്കര്‍ സ്ഥലം അനുവദിച്ചു. അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററും വമ്പന്‍ ഷോപ്പിംഗ് മാളും ഫൈവ്സ്റ്റാര്‍ ഹോട്ടലും പദ്ധതിയുടെ ഭാഗമായിരുന്നു. ഏകദേശം 7,000ത്തിലധികം തൊഴിലവസരങ്ങള്‍ ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്നായിരുന്നു കണക്ക് കൂട്ടിയത്. എന്നാല്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സര്‍ക്കാര്‍ ലുലുവുമായുളള കരാര്‍ റദ്ദാക്കുകയാണ് ചെയ്തത്. സുതാര്യതയില്ലാത്ത നടപടികളിലൂടെയായിരുന്നു കരാര്‍ എന്ന് ആരോപിച്ചാണ് ജഗന്റെ നടപടി. അതേസമയം വളരെ സുതാര്യമായ പ്രക്രിയയിലൂടെയാണ് കരാര്‍ ഒപ്പുവെക്കപ്പെട്ടതെന്നും പദ്ധതിയുടെ പ്രാരംഭനടപടികള്‍ക്കായി തന്നെ വലിയ തുക ചെലവായിട്ടുണ്ടെന്നും ലുലു വ്യക്തമാക്കുകയുണ്ടായി.

ചന്ദ്രബാബു നായിഡുവിന്റെ കാലത്തെ പദ്ധതികള്‍ക്കെല്ലാം കത്തിവെക്കുന്ന വിനാശകരമായ രാഷ്ട്രീയ ശൈലിയുടെ പ്രതിഫലനമാണ് ജഗന്റെ നീക്കങ്ങളെന്നത് സുവ്യക്തമാണ്. ഈ മാസമാദ്യമാണ് 1691 ഏക്കറില്‍ പദ്ധതിയിട്ട സ്റ്റാര്‍ട്ടപ്പ് ഏരിയക്കായുള്ള കരാര്‍ ആന്ധ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. സിംഗപ്പൂര്‍ കണ്‍സോര്‍ഷ്യത്തിനായിരുന്നു കരാര്‍ അനുവദിച്ചത്. നായിഡുവിന്റെ ഭരണകാലത്തെ പ്രധാന പദ്ധതികളിലൊന്നായിരുന്നു ഇത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പടെയുള്ള വമ്പന്മാരും ആന്ധ്രയിലെ പദ്ധതികളെ കുറിച്ച് പുനര്‍വിചിന്തനം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. 15,000 കോടി രൂപയുടെ ഇലക്ട്രോണിക്‌സ് മാനുഫാക്ച്ചറിംഗ് ഹബ്ബാണ് റിലയന്‍സ് സംസ്ഥാനത്ത് പദ്ധതിയിട്ടിരുന്നത്. ബൈബൈഎപി എന്ന ഹാഷ്ടാഗും ട്വിറ്റററില്‍ ട്രെന്‍ഡിംഗായിരുന്നു. മറ്റ് പല വന്‍കിട ഗ്രൂപ്പുകളും ആന്ധ്രയില്‍ നിന്നും പോകാന്‍ തയാറെടുക്കുന്നതായി ടിഡിപി ആരോപണം ഉന്നയിക്കുന്നുണ്ട്.

നിക്ഷേപ സൗഹൃദസംസ്ഥാനമെന്ന പേര് നേടിയെടുക്കാന്‍ ഏറെ പ്രയാസകരമാണ്. നിക്ഷേപകരെ വെറുപ്പിച്ച് നാടുകടത്തുന്ന ഇത്തരം സമീപനം അതിനാല്‍ തന്നെ സംസ്ഥാനത്തിന്റെ ഭാവി ഇല്ലാതാക്കുന്നതിനും ജനങ്ങളുടെ അഭിവൃദ്ധിക്ക് തടസം നില്‍ക്കുന്നതിനും തുല്യമാണ്. കേവലമായ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ പുറത്ത് ആന്ധ്രയെ നിക്ഷേപ വിരുദ്ധ സംസ്ഥാനമാക്കി മാറ്റുന്ന നടപടികളില്‍ നിന്ന് എത്രയും പെട്ടെന്ന് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ പിന്തിരിയണം. അല്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സാമ്പത്തികമായും അല്ലാതെയും അത് ആന്ധ്രയിലുണ്ടാക്കും.

Categories: Editorial, Slider

Related Articles