റോക്ക് മ്യൂസിക് ബാന്‍ഡുകളെ സമ്മാനിച്ച കൊച്ചി 

റോക്ക് മ്യൂസിക് ബാന്‍ഡുകളെ സമ്മാനിച്ച കൊച്ചി 

കൊച്ചിയുടെ പഴമയിലേക്കൊരു യാത്രയാണ് ഇവിടെ നടത്തുന്നത്. ഇന്ന് പലര്‍ക്കും കൗതുകമെന്നു തോന്നിപ്പിക്കും വിധമുള്ളതാണ് ആ ചരിത്രം. എന്നാല്‍ ചിലതെല്ലാം ആശ്ചര്യം ജനിപ്പിക്കുന്നവയുമാണ്. എല്ലാ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന ഈ കോളം ഇന്നലെകളിലെ കൊച്ചിയെ കുറിച്ചുള്ളതാണ്. കൊച്ചിയുടെ പാശ്ചാത്യസംഗീത ചരിത്രത്തെ കുറിച്ചുള്ളതാണ്ആദ്യ ഭാഗം.

1960 കള്‍ മുതല്‍ 80 വരെയുള്ള കാലഘട്ടം റോക്ക് മ്യൂസിക്കിന്റേതായിരുന്നുവെന്നത് നമ്മള്‍ക്ക് അറിയാവുന്ന കാര്യമാണ്. 1950 കളോടെ പാശ്ചാത്യ സംഗീതത്തിന്റെ മുന്‍പന്തിയിലേക്കു വന്ന സംഗീതവിഭാഗമാണ് റോക്ക് മ്യൂസിക്. ഗിറ്റാറാണ് റോക്ക് മ്യൂസിക്കില്‍ പ്രധാനം. ഡ്രംസ്, ബേസ് ഗിറ്റാര്‍, ഓര്‍ഗന്‍ എന്നിവയും ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഈ സംഗീതം ലോകത്തിന്റെ സാമൂഹിക രംഗങ്ങളില്‍ പല മാറ്റങ്ങളും ഉണ്ടാക്കിയെന്നു പഠനം സൂചിപ്പിക്കുന്നുണ്ട്. റോക്ക് മ്യൂസിക്കില്‍ അറിയപ്പെടുന്ന ബാന്‍ഡുകളാണ് 1960ല്‍ രൂപീകൃതമായ ബീറ്റില്‍സും, 1968ല്‍ രൂപീകൃതമായ ലെഡ് സെപ്പലിനും. റോക്ക് മ്യൂസിക്ക് വിഭാഗത്തില്‍ അറിയപ്പെടുന്ന സംഗീതജ്ഞനാണ് എല്‍വിസ് പ്രസ്ലി. 1960 കള്‍ മുതല്‍ 80 വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോക്ക് മ്യൂസിക് തരംഗം വീശിയടിച്ചപ്പോള്‍ ഇവിടെ നമ്മളുടെ കൊച്ചു കേരളത്തിലും അതിന്റെ അലയൊലികളുണ്ടായി. കേരളത്തില്‍ 25 ഓളം ജനപ്രീതിയാര്‍ജ്ജിച്ച മ്യൂസിക് ബാന്‍ഡുകളുണ്ടായിരുന്നു. അവയില്‍ മിക്കതും കൊച്ചി കേന്ദ്രീകരിച്ചുമായിരുന്നു.

കൊച്ചിയിലെ സംഗീത ബാന്‍ഡുകള്‍ക്ക് അഭിമാനകരമായ ചരിത്രമുണ്ട്. 1934 ല്‍ കൊച്ചിയില്‍ മ്യൂസിക് ബാന്‍ഡ് ഉണ്ടായിരുന്നെന്നാണു ചരിത്രം പറയുന്നത്. പേഴ്‌സി ലോബോ രൂപീകരിച്ച ബ്ലാക്ക് & വൈറ്റ് സിംഗ് ഒ പ്ലേറ്റ്‌സ് (Black & White Sing O Plates) എന്നായിരുന്നു ബാന്‍ഡിന്റെ പേര്. യൂറോപ്യന്‍ ക്ലബ് എന്ന് അറിയപ്പെട്ടിരുന്ന, ഇപ്പോള്‍ ഫോര്‍ട്ട് കൊച്ചിയിലുള്ള കൊച്ചിന്‍ ക്ലബ്ബിലായിരുന്നു ഈ ബാന്‍ഡ് പെര്‍ഫോം ചെയ്തിരുന്നത്. ഈ മ്യൂസിക് ബാന്‍ഡ് വിവിധ പരിപാടികളിലും വിവാഹ ചടങ്ങുകളിലും പെര്‍ഫോം ചെയ്തിരുന്നു. രണ്ടാം ലോക മഹായുദ്ധത്തോടെ ബാന്‍ഡിന്റെ പ്രവര്‍ത്തനം നിലച്ചതായും പറയപ്പെടുന്നു. പിന്നീട് 1960കളില്‍ സൂപ്പര്‍സോണിക്‌സ് (Supersonics) എന്നൊരു ബാന്‍ഡ് രൂപമെടുത്തു. മറൈന്‍ ഡ്രൈവിലുള്ള ഹോട്ടല്‍ സീ ലോര്‍ഡിലാണ് ഈ ബാന്‍ഡ് പ്രധാനമായും പെര്‍ഫോം ചെയ്തിരുന്നതെന്നു പറയപ്പെടുന്നു.

കേരളത്തില്‍ ഇംഗ്ലീഷ് മ്യൂസിക് പ്രചാരം നേടുന്നതില്‍ നിരവധി പേര്‍ കാരണമായിട്ടുണ്ടെങ്കിലും എമില്‍ ഐസക്കസിന്റെ സംഭാവന അതില്‍ വളരെ വലുതായിരുന്നു. ഗിറ്റാറിസ്റ്റായിരുന്നു എമില്‍. കേരളത്തില്‍ റോക്ക സംഗീത സംസ്‌കാരത്തിന്റെ പിറവിക്ക് കാരണം തന്നെ കൊച്ചി സ്വദേശിയായ എമില്‍ ഐസക്ക്‌സ് ആയിരുന്നു. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെയും ഉഷ ഉതുപ്പിന്റെയുമൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് എമില്‍. ഉഷ ഉതുപ്പുമൊത്ത് 38 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ള എമില്‍ ഉസ്‌ബെക്കിസ്ഥാന്‍, കസാഖ്സ്ഥാന്‍ ഉള്‍പ്പെടെ ലോകമെങ്ങും ഉഷയുമൊത്ത് പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. ബേസ് ഗിറ്റാര്‍ വായിക്കുന്ന എമിലിന്റെ ശൈലി അസാധാരണമായിരുന്നു. എമിലിനു കേരളത്തിലുള്ളതിനേക്കാള്‍ ആരാധകര്‍ കൊല്‍ക്കത്തിയിലുണ്ടായിരുന്നെന്നാണു പറയപ്പെടുന്നത്. അവര്‍ക്ക് എമില്‍ദാ ആയിരുന്നു. ഉഷ ഉതുപ്പിന്റെ കൊല്‍ക്കത്തയിലെ വൈബ്രേഷന്‍സ് എന്ന സ്റ്റുഡിയോയിലെ ചീഫ് സൗണ്ട് റെക്കോഡിസ്റ്റ് കൂടിയായിരുന്നു എമില്‍. പ്രശസ്ത സംഗീത സംവിധായകനായ ജെറി അമല്‍ദേവും എമിലും സമകാലീനരാണ്.
ദ എലൈറ്റ് ഏയ്‌സസ് (The Elite Aces) എന്നൊരു ബാന്‍ഡും എമിലിനു സ്വന്തമായുണ്ടായിരുന്നു. ദ എലൈറ്റ് ഏയ്‌സസിനു ശേഷം 1968ല്‍ ഹൈജാക്കേഴ്‌സ് എന്നൊരു ബാന്‍ഡ് രൂപം കൊണ്ടു. പിന്നീട് ഹൈവേ ഹേസ്, സ്റ്റോക്ക്‌സ് എന്നീ പേരുകളിലും ബാന്‍ഡ് രൂപമെടുത്തു. 1977ല്‍ രൂപം കൊണ്ട 13AD ആണ് ശ്രദ്ധിക്കപ്പെട്ടത്. 1980കളോടെ ബാന്‍ഡ് രാജ്യത്തെ പ്രമുഖ റോക്ക് ബാന്‍ഡ് ആയി മാറി. ഈ ബാന്‍ഡില്‍ സ്റ്റാന്‍ലി ലൂയിസാണ് പ്രധാനമായും വോക്കല്‍ കൈകാര്യം ചെയ്തത്. എലോയ് ഐസക്ക് ഗിറ്റാറും വോക്കലും കൈകാര്യം ചെയ്തു. പിന്‍സന്‍ കൊറയ, ജാക്ക്‌സന്‍ അരൂജ, ആഷലി പിന്റോ തുടങ്ങിയവരും ബാന്‍ഡിലെ അംഗങ്ങളായിരുന്നു. ഹോട്ടല്‍ സീലോഡിലാണ് ഈ ബാന്‍ഡ് പ്രധാനമായും പെര്‍ഫോം ചെയ്തിരുന്നത്. ഗ്രൗണ്ട് സീറോ (1989), ടഫ് ഓണ്‍ ദ സ്ട്രീറ്റ്‌സ് (1992) എന്നീ പേരുകളില്‍ രണ്ട് ആല്‍ബങ്ങളും ഈ സംഗീത ബാന്‍ഡ് പുറത്തിറക്കി. ഗ്രൗണ്ട് സീറോ ആല്‍ബത്തിന്റെ 40,000 കാസെറ്റുകള്‍ അക്കാലത്ത് വിറ്റഴിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

13 ഏഡി എന്ന ബാന്‍ഡ് അക്ഷരാര്‍ഥത്തില്‍ ഒരു സെന്‍സേഷന്‍ തന്നെയായിരുന്നു. യുവാക്കള്‍ക്കിടയില്‍ ബാന്‍ഡിനു വലിയ പ്രചാരം ലഭിച്ചു. വിദേശത്തു വരെ പ്രശസ്തമായി തീര്‍ന്നു 13 ഏഡി എന്ന ബാന്‍ഡ്. 13 ഏഡി ബാന്‍ഡ് അവരുടെ സുവര്‍ണ കാലഘട്ടത്തില്‍ രാജ്യത്തെ മുന്‍നിരയിലുള്ള മൂന്ന് മ്യൂസിക് ബാന്‍ഡുകളിലൊന്നു കൂടിയായിരുന്നു. ബോംബെയിലെ റോക്ക് മെഷീന്‍, കൊല്‍ക്കത്തയിലെ ശിവ എന്നിവയായിരുന്നു മറ്റ് രണ്ട് മുന്‍നിര ബാന്‍ഡുകള്‍. 1990കളുടെ മധ്യം വരെ ബാന്‍ഡിന്റെ സുവര്‍ണ കാലമായിരുന്നു. പക്ഷേ, ബാന്‍ഡംഗങ്ങള്‍ വേര്‍പിരിഞ്ഞു. സംഘത്തിലുണ്ടായിരുന്ന എലോയ് ഐസക്ക് മസ്‌ക്കറ്റിലേക്കു താവളം മാറ്റി. 13 ഏഡിക്കു ശേഷം കൊച്ചി ആസ്ഥാനമായി രൂപമെടുത്ത ബാന്‍ഡാണ് മദര്‍ ജെയ്ന്‍. 1996ലാണ് ഈ മ്യൂസിക് ബാന്‍ഡ് രൂപമെടുത്തത്. കൊച്ചിയിലുള്ള മ്യൂസിക് ബാന്‍ഡുകളുടെ കാര്യം പറയുമ്പോള്‍ മറ്റൊന്നു കൂടി ഇതിനോടൊപ്പം പറയേണ്ടി വരുന്നത് മറൈന്‍ ഡ്രൈവിലുള്ള ഹോട്ടല്‍ സീ ലോര്‍ഡിന്റെയും, വില്ലിംഗ്ടണ്‍ ഐലന്‍ഡിലുള്ള ഹോട്ടല്‍ കാസിനോയുടേതുമാണ്. ഇവ രണ്ടും സംഗീതത്തിന്റെ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിട്ടുള്ള ഹോട്ടലുകളാണ്. ഒട്ടുമിക്ക സംഗീത ബാന്‍ഡുകളും പ്രധാനമായും പെര്‍ഫോം ചെയ്തിരുന്നത് കൊച്ചിയിലെ ഈ രണ്ട് ഹോട്ടലുകള്‍ കേന്ദ്രീകരിച്ചായിരുന്നു.

(തുടരും)