ആര്‍സിഇപി ക്ഷീര കര്‍ഷകരുടെ മരണമണിയാണെന്ന് മന്ത്രി രാജു

ആര്‍സിഇപി ക്ഷീര കര്‍ഷകരുടെ മരണമണിയാണെന്ന് മന്ത്രി രാജു

ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ആര്‍സിഇപി നടപ്പാക്കാന്‍ സമ്മര്‍ദമേറുകയാണെന്നും മന്ത്രി

തിരുവനന്തപുരം: അന്താരഷ്ട്ര ഉടമ്പടികള്‍ മിക്കവയും ഇന്ത്യന്‍ കാര്‍ഷിക മേഖലക്ക് തിരിച്ചടികളാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും കേന്ദ്രം ഒപ്പു വെക്കാന്‍ ഒരുങ്ങിയിരുന്ന മേഖല സമഗ്ര സാമ്പത്തിക കരാര്‍(റീജണല്‍ കോംപ്രിഹെന്‍സിവ് ഇക്കണോമിക് പാര്‍ണര്‍ഷിപ്പ് കരാര്‍-ആര്‍സിഇപി) കേരളത്തിലെ ക്ഷീര കര്‍ഷകരടക്കം മുന്നോട്ടിറങ്ങിയ നടപടിയെ മുന്‍നിര്‍ത്തി താല്‍ക്കാലികമായി മാത്രം കേന്ദ്ര സര്‍ക്കാര്‍ ഒപ്പിടാതെ മാറ്റി വച്ചിരിക്കുകയാണെന്നും മന്ത്രി കെ രാജു. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഇതിനായുള്ള സമ്മര്‍ദങ്ങള്‍ ഉണ്ട്. കാര്‍ഷിക മേഖലയ്ക്ക് ശ്വാസം വിടന്‍ മാത്രമുള്ള അവസരം മാത്രമാണിപ്പോഴുള്ളതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ദേശീയ ക്ഷീര ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോര്‍ സെന്റ്റിനറി ഹാളില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കവെയാണ് സംസ്ഥാന വനം, ഡയറി വികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ആര്‍സിഇപിക്കെതിരെ നിലപാട് വ്യക്തമാക്കിയത്.

കേവലം 12000 ക്ഷീര കര്‍ഷകരുള്ള ഓസ്‌ട്രേലിയയില്‍ നിന്നു 6000 ത്തോളം മാത്രം ക്ഷീര കര്‍ഷകരുള്ള ന്യൂസിലന്‍ഡില്‍ നിന്നുമെല്ലാം എത്തിക്കുന്ന പാല്‍ ഇന്ത്യ എന്ന വലിയ ചന്തയില്‍ വിറ്റഴിക്കുകയാണ് ഇത്തരം കരാറുകളുടെ ലക്ഷ്യം. 15 കോടി വരുന്ന ഇവിടത്തെ ക്ഷീര കര്‍ഷകരുടെ മരണ മണിയാകും അത്. ഈ നടപടിയെ എതിര്‍ക്കുന്നതിനൊപ്പം ആഭ്യന്തരമായി ഗുണമേന്മയുള്ള പാലുല്‍പാദനം നമ്മള്‍ കൂട്ടുകയും വിപണന മാര്‍ഗങ്ങള്‍ കണ്ടെത്തുകയും വേണം-മന്ത്രി പറഞ്ഞു. കാലിത്തീറ്റയുണ്ടാക്കുവാനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനയാണ് പ്രതിസന്ധിയുണ്ടാക്കുന്ന മറ്റൊരു വസ്തുത. തീറ്റപ്പുല്ല് ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ് കേരളത്തിലെ കന്നുകാലി കര്‍ഷകര്‍ക്ക് പാലിന്റെ അളവും മേന്മയും വര്‍ദ്ധിപ്പിക്കാനുള്ള ബദല്‍ മാര്‍ഗ്ഗമെന്നും മന്ത്രി പറഞ്ഞു. മില്‍മയും, ക്ഷീര സംഘങ്ങളും ഇതിനായി മുന്നോട്ടിറങ്ങണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. അടുത്ത വര്‍ഷം 40 ഗ്രാമങ്ങളില്‍ ക്ഷീരഗ്രാമ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഡയറി കമ്മറ്റികളില്‍ മാനേജ്‌മെന്റ്റ് വിദഗ്ധരുടെ സേവനം വേണമെന്നും പ്ലാനിംഗും മാര്‍ക്കറ്റിംഗും പ്രഫഷണലാക്കിയതോടെയാണ് വര്‍ഗീസ് കുര്യന്‍ ലോകത്ത് പാലുല്‍പ്പാദന രംഗത്ത് ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യമായി ഇന്ത്യയെ മാറ്റിയതെന്നും കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തിയ വി മുകുന്ദ ദാസ് പറഞ്ഞു. കര്‍ഷകനെ മുന്‍നിര്‍ത്തിയുള്ള ഡയറി മാനേജ്‌മെന്റ് ആയിരുന്നു വഗീസ് കുര്യന്‍ സ്വീകരിച്ച നടപടി. മില്‍മ മുന്‍ ചെയര്‍മാന്‍മാരായ പ്രയാര്‍ ഗോപാലകൃഷ്ണന്‍, പി. ടി ഗോപാലക്കുറിപ്പ് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷനായിരുന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ പി ബാലന്‍ മാസ്റ്റര്‍ സ്വഗതം പറഞ്ഞു.

Comments

comments

Categories: Business & Economy