ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ പ്രദര്‍ശിപ്പിച്ചു

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ പ്രദര്‍ശിപ്പിച്ചു

ബവേറിയന്‍ കാര്‍ നിര്‍മാതാക്കളുടെ ഏറ്റവും ചെറിയ ഗ്രാന്‍ കൂപ്പെ

ലോസ് ആഞ്ജലസ്: ബിഎംഡബ്ല്യുവിന്റെ പൂര്‍ണമായും പുതിയ മോഡലായ 2 സീരീസ് ഗ്രാന്‍ കൂപ്പെ ഈ വര്‍ഷത്തെ ലോസ് ആഞ്ജലസ് ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. ബവേറിയന്‍ കാര്‍ നിര്‍മാതാക്കളുടെ ഏറ്റവും ചെറിയ ഗ്രാന്‍ കൂപ്പെയാണ് 2 സീരീസ് ഗ്രാന്‍ കൂപ്പെ. ബിഎംഡബ്ല്യുവിന്റെ ഫാര്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് ഗ്രാന്‍ കൂപ്പെ നിര്‍മിക്കുന്നത്. എന്‍ജിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലേക്ക് കൈമാറുന്നു.

യൂറോപ്യന്‍ വിപണികളില്‍ മൂന്ന് വേരിയന്റുകളില്‍ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ വില്‍ക്കും. 218ഐ വേരിയന്റിലെ 1.5 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ 138 ബിഎച്ച്പി കരുത്തും 220 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. 220ഡി വേരിയന്റിലെ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 188 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. എം235ഐ എക്‌സ്‌ഡ്രൈവ് എന്ന ഓള്‍ വീല്‍ ഡ്രൈവ് ടോപ് വേരിയന്റില്‍ 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. ഈ മോട്ടോര്‍ 302 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 0-100 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ ഈ വേരിയന്റിന് 4.9 സെക്കന്‍ഡ് മതി. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

4,526 എംഎം നീളവും 1,800 എംഎം വീതിയും വരുന്നതാണ് ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ. 2,670 മില്ലി മീറ്ററാണ് ബില്‍ബേസ്. 430 ലിറ്ററാണ് ബൂട്ട് ശേഷി. മറ്റ് ഗ്രാന്‍ കൂപ്പെ മോഡലുകളുടെ അതേ സ്‌റ്റൈലിംഗ് ലഭിച്ചിരിക്കുന്നു. എല്‍ഇഡി ഹെഡ്‌ലാംപുകള്‍, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 9.2 ഇഞ്ച് ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയവ ഫീച്ചറുകളാണ്. അടുത്ത മാസം ആഗോളതലത്തില്‍ വില്‍പ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 2020 ഓഗസ്റ്റ് മാസത്തോടെയായിരിക്കും ഇന്ത്യയില്‍ എത്തുന്നത്. ബിഎംഡബ്ല്യുവിന്റെ ചെന്നൈ ഫാക്റ്ററിയില്‍ അസംബിള്‍ ചെയ്യും.

Comments

comments

Categories: Auto
Tags: BMW, BMW 2 Series