ഇന്ത്യയില്‍ 5ജി എത്താന്‍ 5 വര്‍ഷം വൈകിയേക്കും: സിഒഎഐ

ഇന്ത്യയില്‍ 5ജി എത്താന്‍ 5 വര്‍ഷം വൈകിയേക്കും: സിഒഎഐ

രണ്ട് കമ്പനികള്‍ക്ക് പോലും പര്യാപ്തമായ സ്‌പെക്ട്രം ഇല്ലാത്ത സാഹചര്യമാണ് ഉള്ളത്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ അഞ്ചാം തലമുറ ( 5ജി) വ്യാവസായികാടിസ്ഥാനത്തിലുള്ള അവതരണം 5 വര്‍ഷം വരെ വൈകാന്‍ സാധ്യതയുണ്ടെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഎഐഐ). അമിതമായ അടിസ്ഥാന വില, അപര്യാപ്തമായ സ്‌പെക്ട്രം, പുതിയ ബാന്‍ഡുകളുടെ ലഭ്യതയിലെ പരിമിതി എന്നിവയെല്ലാമാണ് ഈ കാലതാമസത്തിന് കാരണമായി സംഘടന ചൂണ്ടിക്കാണിക്കുന്നത്.

ഓപ്പറേറ്റര്‍മാരുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ 5 വര്‍ഷത്തേക്കെങ്കിലും 5ജിയിലക്ക് എത്താന്‍ കഴിയില്ലെന്നാണ് കരുതുന്നതെന്ന് സിഎഎഐ ഡയറക്റ്റര്‍ ജനറല്‍ രാജന്‍ എസ് മാത്യൂസ് പറഞ്ഞു. ഇപ്പോള്‍ സ്‌പെക് ട്രത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയുടെ അടിസ്ഥാനത്തില്‍ 5ജി ലാഭകരമാകില്ലെന്നാണ് കമ്പനികള്‍ കണക്കാക്കുന്നത്. 1 മെഗാഹെര്‍ട്‌സിന് 492 കോടി രൂപ എന്ന അടിസ്ഥാന വില വ്യവസായത്തിന്റെ നിലവിലെ സാഹചര്യത്തിലും അന്താരാഷ്ട്ര തലത്തിലെ വില നിലവാരത്തിലും യോജിച്ചതല്ലെന്നാണ് അവരുടെ വാദം.

ഒരു ഓപ്പറേറ്ററിന് 100 മെഗാഹെര്‍ട്‌സ് 5ജി സ്‌പെക്ട്രം സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമാണെന്നാണ് കണക്കാക്കുന്നത്. 300 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ലഭ്യമാണെന്നാണ് ട്രായ് പറഞ്ഞിട്ടുള്ളത്. ഇതില്‍ 25 മെഗാഹെര്‍ട്‌സ് ബഹിരാകാശ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും 100 മെഗാഹെര്‍ട്‌സ് പ്രതിരോധ മേഖലയ്ക്കും നല്‍കും. ബാക്കിയാണ് ടെലികോം കമ്പനികള്‍ക്ക് ലഭ്യമാകുക. രണ്ട് കമ്പനികള്‍ക്ക് പോലും പര്യാപ്തമായ സ്‌പെക്ട്രം ഇല്ലാത്ത സാഹചര്യത്തില്‍ 5ജിയിലേക്ക് കടക്കാനാകില്ലെന്നാണ് രാജന്‍ മാത്യൂസ് വിലയിരുത്തുന്നത്.

സ്വീഡിഷ് മൊബീല്‍ കമ്പനിയായ എറിക്‌സണ്‍ തിങ്കളാഴ്ച ഒരു റിപ്പോര്‍ട്ടില്‍ 5 ജി സബ്‌സ്‌ക്രിപ്ഷനുകള്‍ 2022 ല്‍ മാത്രമേ ഇന്ത്യയില്‍ ലഭ്യമാകൂ എന്ന് വിലയിരുത്തിയിരുന്നു. ഇന്ത്യയുടെ മൊത്തത്തിലുള്ള മൊബൈല്‍ സബ്‌സ്‌ക്രിപ്ഷനുകളില്‍ 2025 അവസാനത്തോടെ 11 ശതമാനത്തിലേക്ക് എത്താന്‍ മാത്രമാണ് 5 ജിക്ക് സാധിക്കുക എന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യയില്‍ 5ജി വിന്യാസവും പ്രാരംഭ ദശയില്‍ വാണിജ്യലഭ്യതയും 2020ല്‍ ഉണ്ടാകുമെന്നാണ് നേരത്തേ എറിക്‌സണ്‍ വിലയിരുത്തിയത്.

ഇന്ത്യ 5ജിയുടെ വ്യാവസായിക അവതരണത്തില്‍ പിന്നിലാകില്ലെന്നും ഏറ്റവുമാദ്യം 5ജി എത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഉണ്ടാകുമെന്നുമാണ് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്. 2020ല്‍ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ 5ജി എത്തിക്കുന്നതിനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ സ്‌പെക്ട്രം ലേലം നടത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. യുഎസ്, യുകെ, ജര്‍മനി, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ പ്രാരംഭ ഘട്ടത്തിലുള്ള 5ജിയുടെ വ്യാവസായിക അവതരണം ഈ വര്‍ഷം നടന്നിട്ടുണ്ട്.

Comments

comments

Categories: FK News
Tags: 5G