ആര്‍ബിഐക്ക് മുദ്രാ ലോണ്‍ ആശങ്ക

ആര്‍ബിഐക്ക് മുദ്രാ ലോണ്‍ ആശങ്ക

മേഖലയില്‍ വര്‍ധിച്ചുവരുന്ന നിഷ്‌ക്രിയാസ്തികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് കേന്ദ്രബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍

മുംബൈ: മുദ്രാ വായ്പകളില്‍ വര്‍ധിച്ചുവരുന്ന നിഷ്‌ക്രിയാസ്തി കണക്കുകളില്‍ ആശങ്ക പരസ്യമാക്കി റിസര്‍വ് ബാങ്ക്. മുദ്രാ വിഭാഗത്തിലുള്ള വായ്പകള്‍ സസൂക്ഷ്മം നിരീക്ഷിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എം.കെ ജെയ്ന്‍ പറഞ്ഞു. സിഡ്ബി സംഘടിപ്പിച്ച ദേശീയ മൈക്രോഫിനാന്‍സ് കോണ്‍ഗ്രസില്‍ സംസാരിക്കവേയാണ് ജെയ്ന്‍ കേന്ദ്ര ബാങ്കിന്റെ ആശങ്കകള്‍ പങ്കുവെച്ചത്.

‘മുദ്ര ഒരു ഉദാഹരണമാണ്. ഇത്തരമൊരു വലിയ മുന്നേറ്റം അനേകം ഗുണഭോക്താക്കളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുന്നുണ്ടാവാമെങ്കിലും ആ മേഖലയില്‍ കൂടിവരുന്ന നിഷ്‌ക്രിയാസ്തികളുടെ കാര്യത്തില്‍ ആശങ്കയുണ്ട്’ ജെയ്ന്‍ പറഞ്ഞു. കാര്‍ഷികവും കോര്‍പ്പറേറ്റുമല്ലാത്ത സൂക്ഷ്മ/ചെറുകിട സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയായ പ്രധാനമന്ത്രി മുദ്രാ വികാസ് യോജന (പിഎംഎംവൈ) 2015 ഏപ്രിലിലാണ് അവതരിപ്പിച്ചത്. വ്യാവസായിക ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ (ആര്‍ആര്‍ബി), സഹകരണ ബാങ്കുകള്‍, ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ (എംഎഫ്‌ഐ), ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് മുദ്രാ ലോണുകള്‍ എന്നറിയപ്പെടുന്ന ഈടില്ലാത്ത വായ്പകള്‍ നല്‍കിവരുന്നത്.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ മുദ്രാ വായ്പകള്‍ക്കിടയിലെ നിഷ്‌ക്രിയാസ്തിയുടെ നിരക്ക് 2.68% ആണ്. ഇത് മുന്‍വര്‍ഷത്തെ നിരക്കായ 2.52 ശതമാനത്തേക്കാള്‍ 16 അടിസ്ഥാന പോയന്റുകള്‍ കൂടുതലാണ്. എന്നാല്‍ 2016-2017 വര്‍ഷക്കാലയളവില്‍ ഇത് 2.89% ആയിരുന്നു. ഇതുവരെ 18.26 കോടി മുദ്രാ വായ്പകളാണ് ബാങ്കുകള്‍ അനുവദിച്ചിരിക്കുന്നത്. മാര്‍ച്ച് 31 വരെ ഇവയില്‍ 36.3 ലക്ഷം എക്കൗണ്ടുകള്‍ തിരിച്ചടവില്‍ വീഴ്ചവരുത്തിയിട്ടുണ്ട്.

ആകെ അനുവദിച്ച വായ്പകള്‍: 18.26 കോടി

തിരിച്ചടവില്‍ വീഴ്ച വരുത്തിത്: 36.3 ലക്ഷം

2018-19 ലെ നിഷ്‌ക്രിയാസ്തി നിരക്ക്: 2.68%

2017-18 ലെ നിഷ്‌ക്രിയാസ്തി നിരക്ക്: 2.52%

Comments

comments

Categories: FK News
Tags: Mudra loan, RBI