പുതിയ ഹോണ്ട സിറ്റി തായ്‌ലന്‍ഡില്‍ പിറന്നു

പുതിയ ഹോണ്ട സിറ്റി തായ്‌ലന്‍ഡില്‍ പിറന്നു

ടര്‍ബോചാര്‍ജ്ഡ് എന്‍ജിനുമായാണ് ഇത്തവണ തായ് വിപണിയില്‍ പുതിയ സിറ്റി എത്തുന്നത്

പുതു തലമുറ ഹോണ്ട സിറ്റി ആഗോളതലത്തില്‍ തായ്‌ലന്‍ഡില്‍ അനാവരണം ചെയ്തു. നിലവിലെ മോഡലിനേക്കാള്‍ സ്ഥലസൗകര്യം, നിര്‍മാണ നിലവാരം, മികച്ച പവര്‍ട്രെയ്ന്‍ എന്നിവയോടെയാണ് 2020 മോഡല്‍ ഹോണ്ട സിറ്റി വരുന്നത്. ഇത്തവണ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനുമായാണ് തായ് വിപണിയില്‍ പുതിയ ഹോണ്ട സിറ്റി എത്തുന്നത്. തെക്കുകിഴക്കനേഷ്യന്‍ വിപണികളില്‍ മാത്രമായി ഈ മോട്ടോര്‍ നല്‍കിയേക്കും. പുതു തലമുറ ഹോണ്ട സിറ്റി അടുത്ത വര്‍ഷം ഇന്ത്യയിലെത്തും. പെട്രോള്‍, ഡീസല്‍ പവര്‍ട്രെയ്‌നുകള്‍ തുടരും. 2020 ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പുതിയ സിറ്റി പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ഹോണ്ട മോഡലുകളിലൊന്നാണ് സിറ്റി.

എക്‌സിക്യൂട്ടീവ് സെഡാന്‍ ലുക്ക് നിലനിര്‍ത്തിയാണ് പുതിയ ഹോണ്ട സിറ്റി ആഗോള അരങ്ങേറ്റം നടത്തിയിരിക്കുന്നത്. സിവിക്കില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഹോണ്ടയുടെ പുതിയ ‘സോളിഡ് വിംഗ്’ മുഖം, ‘രത്‌നക്കണ്ണ്’ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഹെഡ്‌ലാംപുകളെ തമ്മില്‍ ബന്ധിപ്പിച്ച് തടിച്ച ക്രോം ബാര്‍ തുടങ്ങി പ്രധാനപ്പെട്ട മാറ്റങ്ങള്‍ നിരവധിയാണ്. വശങ്ങളില്‍നിന്ന് നോക്കുമ്പോള്‍, നിലവിലെ സിറ്റി ഓര്‍മ വരും. എന്നാല്‍ പുതുതായി ഹെഡ്‌ലാംപുകള്‍ മുതല്‍ റാപ്എറൗണ്ട് ടെയ്ല്‍ലൈറ്റുകള്‍ വരെ ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് മുകളിലൂടെ പ്രത്യേക ക്യാരക്ടര്‍ ലൈന്‍ നല്‍കിയിരിക്കുന്നു. എല്‍ഇഡി ടെയ്ല്‍ലൈറ്റുകളും സവിശേഷമാണ്.

പുതിയ ഹോണ്ട സിറ്റിയുടെ ഉള്ളില്‍ ധാരാളം പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നു. പുതിയ രൂപത്തിലുള്ളതാണ് ഡാഷ്‌ബോര്‍ഡ്. പുതു തലമുറ ഹോണ്ട ജാസിന്റെ സ്വാധീനം ഇവിടെ കാണാം. നടുവില്‍ വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി. എയര്‍ വെന്റുകള്‍ കുത്തനെയാണ്. സ്റ്റിയറിംഗ് വളയം പുതിയതാണ്. ത്രീ സ്‌പോക്ക് വളയമാണ് നല്‍കിയിരിക്കുന്നത്. ഹാന്‍ഡ്‌ബ്രേക്ക്, ഗിയര്‍ ലിവര്‍, കപ്പ്‌ഹോള്‍ഡറുകള്‍ എന്നിവയ്ക്ക് സ്ഥാനചലനം സംഭവിച്ചില്ല. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ഹോണ്ട കണക്റ്റ് ഇന്‍ഫൊടെയ്ന്‍മെന്റ്, തുകല്‍ അപ്‌ഹോള്‍സ്റ്ററി എന്നിവ ഫീച്ചറുകളാണ്.

അളവുകളുടെ കാര്യത്തില്‍ 2020 ഹോണ്ട സിറ്റി വളര്‍ന്നിരിക്കുന്നു. നീളം ഇപ്പോള്‍ 100 എംഎം കൂടുതലാണ്. വീതി 53 എംഎം വര്‍ധിച്ചു. എന്നാല്‍ ഉയരം 28 എംഎം കുറഞ്ഞു. ആകെ നീളം വര്‍ധിച്ചെങ്കിലും വീല്‍ബേസ് 11 എംഎം കുറഞ്ഞു. എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നിവ എല്ലാ വേരിയന്റുകളിലും അടിസ്ഥാന സുരക്ഷാ ഫീച്ചറുകളാണ്. ആറ് എയര്‍ബാഗുകള്‍, റിയര്‍ വ്യൂ കാമറ, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും നല്‍കിയിരിക്കുന്നു.

പുതുതായി 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ നല്‍കിയതാണ് പുതു തലമുറ ഹോണ്ട സിറ്റിയിലെ ഏറ്റവും വലിയ പരിഷ്‌കാരം. ഈ മോട്ടോര്‍ 5,500 ആര്‍പിഎമ്മില്‍ 120 ബിഎച്ച്പി കരുത്തും 2,000-4,500 ആര്‍പിഎമ്മില്‍ 173 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അമേരിക്കന്‍ കമ്പനിയായ ബോര്‍ഗ്‌വാര്‍ണറുടെ സിംഗിള്‍ സ്‌ക്രോള്‍ ടര്‍ബോചാര്‍ജര്‍, ഇരട്ട വേരിയബിള്‍ വാല്‍വ് ടൈമിംഗ് കണ്‍ട്രോള്‍ (വിടിസി), വേരിയബിള്‍ വാല്‍വ് ടൈമിംഗ് ആന്‍ഡ് ലിഫ്റ്റ് ഇലക്ട്രോണിക് കണ്‍ട്രോള്‍ (വിടെക്) എന്നിവ ഉപയോഗിക്കുന്നതാണ് 998 സിസി മോട്ടോര്‍. തായ്‌ലന്‍ഡില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഐ-വിടെക് മോട്ടോറിന് പകരമാണ് പുതിയ എന്‍ജിന്‍ നല്‍കിയിരിക്കുന്നത്. തായ്‌ലന്‍ഡില്‍ ഈ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും 2020 ഹോണ്ട സിറ്റി ലഭിക്കുന്നത്. 7 സ്പീഡ് സിവിടി എന്‍ജിനുമായി ചേര്‍ത്തുവെച്ചു. മാന്വല്‍ ഗിയര്‍ബോക്‌സ് ലഭിക്കില്ല. ഐ-എംഎംഡി മൈല്‍ഡ് ഹൈബ്രിഡ് സഹിതം 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഹോണ്ട സിറ്റിയില്‍ നല്‍കും. എന്നാല്‍ ഈ പവര്‍ട്രെയ്‌നിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. 23.8 കിലോമീറ്ററാണ് തായ്‌ലന്‍ഡിലെ ഇന്ധനക്ഷമത.

Categories: Auto
Tags: Honda city