മിനി കൂപ്പര്‍ എസ്ഇ ഇന്ത്യയിലേക്ക് ?

മിനി കൂപ്പര്‍ എസ്ഇ ഇന്ത്യയിലേക്ക് ?

ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ സാധ്യത പഠിച്ചുവരികയാണെന്ന് മിനി ബ്രാന്‍ഡ് ഉന്നത ഉദ്യോഗസ്ഥന്‍

ന്യൂഡെല്‍ഹി: മിനി ബ്രാന്‍ഡില്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുന്ന കാര്യം ബിഎംഡബ്ല്യു ഗ്രൂപ്പ് ആലോചിക്കുന്നു. ഇലക്ട്രിക് മൊബിലിറ്റിയെ സ്വാഗതം ചെയ്യാന്‍ ഇന്ത്യന്‍ വിപണി തയ്യാറെങ്കില്‍, ഞങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്ന് മിനി ബ്രാന്‍ഡ് ഏഷ്യ പസിഫിക്, കിഴക്കന്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളുടെ മേധാവി ഫ്രാങ്കോയിസ് റോക്ക പറഞ്ഞു. കൂടുതല്‍ സ്വീകാര്യമായ വിലയില്‍, വ്യത്യസ്ത വിഭാഗങ്ങളിലെ ഉപയോക്താക്കള്‍ക്കായി ഇലക്ട്രിക് കാര്‍ നിര്‍മിക്കുന്നതിന് ചെന്നൈയില്‍ പ്ലാന്റ് ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ സാധ്യത പഠിച്ചുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് ബ്രാന്‍ഡായ മിനിയുടെ ആദ്യ ഇലക്ട്രിക് കാറായ കൂപ്പര്‍ എസ്ഇ ഈ വര്‍ഷം ജൂലൈയിലാണ് ആഗോളതലത്തില്‍ അനാവരണം ചെയ്തത്. ഫ്രണ്ട് വീല്‍ ഡ്രൈവ് ഹാച്ച്ബാക്കാണ് മിനി കൂപ്പര്‍ എസ്ഇ. കാഴ്ച്ചയില്‍, പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കൂപ്പര്‍ എസ് മോഡലുമായി സാമ്യം തോന്നാം. നാല് ഡ്രൈവിംഗ് മോഡുകള്‍ നല്‍കിയിരിക്കുന്നു. യുകെയിലെ ഓക്‌സ്‌ഫോഡ് പ്ലാന്റിലാണ് മിനി കൂപ്പര്‍ എസ്ഇ നിര്‍മിക്കുന്നത്. ജര്‍മനിയില്‍ 32,000 യൂറോയാണ് വില. ഏകദേശം 24.59 ലക്ഷം ഇന്ത്യന്‍ രൂപ.

ഇലക്ട്രിക് മോട്ടോര്‍ 184 ബിഎച്ച്പി കരുത്തും 270 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.9 സെക്കന്‍ഡും 0-100 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 7.3 സെക്കന്‍ഡും മതി. 32.6 കിലോവാട്ട്അവര്‍ ബാറ്ററി ഉപയോഗിക്കുന്ന മിനി കൂപ്പര്‍ എസ്ഇ ഡബ്ല്യുഎല്‍ടിപി സൈക്കിള്‍ അനുസരിച്ച് 235-270 കിലോമീറ്റര്‍ റേഞ്ച് സമ്മാനിക്കും. മിനി കൂപ്പര്‍ എസ്ഇ യുടെ ടോപ് സ്പീഡ് മണിക്കൂറില്‍ 150 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തിയിരിക്കുന്നു. കാര്‍ഗോ ശേഷി 211 ലിറ്റര്‍. പിന്‍ സീറ്റുകള്‍ മടക്കിവെച്ചാല്‍ ബൂട്ട് ശേഷി 731 ലിറ്ററായി വര്‍ധിപ്പിക്കാം.

Comments

comments

Categories: Auto