ഇന്ത്യയുടെ സാധ്യതകള്‍ മുതലെടുക്കേണ്ടത് സംരംഭകത്വത്തിലൂടെ

ഇന്ത്യയുടെ സാധ്യതകള്‍ മുതലെടുക്കേണ്ടത് സംരംഭകത്വത്തിലൂടെ

130 കോടിയിലധികം ജനങ്ങളുളള ഇന്ത്യയില്‍ ആവശ്യത്തിന് തൊഴിലവസരങ്ങളും വേണ്ടതുണ്ട്. തൊഴിലുളള യുവതലമുറയിലൂടെ മാത്രമേ വളര്‍ച്ച നിലനിര്‍ത്താന്‍ നമുക്ക് സാധിക്കൂ. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുളള ഏറ്റവും ഫലപ്രദമായ മാര്‍ഗം സംരംഭകത്വത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുകയെന്നതാണ്

വളരെ ഉയര്‍ന്ന തരത്തിലുളള വളര്‍ച്ച ആഗ്രഹിക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. രാഷ്ട്രത്തേക്കാളും കൂടുതല്‍ വളര്‍ച്ച നേടണമെന്ന് ഇവിടുത്തെ ജനങ്ങളും ആഗ്രഹിക്കുന്നു. ലോകത്തെ തന്നെ ഏറ്റവും പഴമയേറിയ സാംസ്‌കാരിക പൈതൃകം അവകാശപ്പെടുന്ന, ജനസംഖ്യയില്‍ യുവജനങ്ങള്‍ കൂടുതലുളള ഇന്ത്യ, മികവുറ്റ രീതിയിലാണ് വളര്‍ച്ചയ്ക്കുളള പാത തുറന്നിടുന്നത്. പുറംലോകത്തിന് നമ്മള്‍ വാതിലുകള്‍ തുറന്നുകൊടുത്തിട്ട് 28 വര്‍ഷങ്ങള്‍ കഴിഞ്ഞു, അതിനുശേഷം നമ്മുടെ പല വ്യവസായങ്ങളും എത്ര മത്സരാധിഷ്ഠിതമായി മാറിയെന്ന് നോക്കൂ. അഴിമതി, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, നിരക്ഷരത, ആരോഗ്യപരിപാലന രംഗത്തെ പ്രശ്‌നങ്ങള്‍ തുടങ്ങി വ്യവസായ രംഗത്തെ പല ആകുലതകള്‍ക്കും അപ്പുറം തുടര്‍ച്ചയായി, സ്ഥിരതയോടെ ലോകനിലവാരത്തില്‍ തൊഴില്‍ വൈദഗ്ധ്യമുളള പ്രൊഫഷണലുകളെ സംഭാവന ചെയ്യാന്‍ ഇന്ത്യക്ക് സാധിക്കുന്നു. ഇതെല്ലാം എങ്ങനെ സാധിച്ചുവെന്നതിന്റെ ലളിതമായ ഉത്തരം സംരംഭകത്വമെന്നാണ്.

കുത്തക മുതലാളിത്വത്തിന്റെ കെണിയില്‍ അകപ്പെട്ടു കിടന്ന നമ്മുടെ സംരംഭകര്‍ക്ക് 1991ലെ സാമ്പത്തിക ഉദാരവല്‍ക്കരണം പുതിയ ചിറകുകള്‍ നല്‍കി. ഇന്നവര്‍ ഏറ്റവും മികച്ച സംരംഭങ്ങളോട് മത്സരിക്കുന്നു. ഒരു സമൂഹമെന്ന നിലയ്ക്കും സമ്പദ് വ്യവസ്ഥയെന്ന നിലയിലുമുളള ഇന്ത്യയുടെ മുഴുവന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെങ്കില്‍ മുന്നിലുളള ഏകമാര്‍ഗ്ഗം സംരംഭകത്വം മാത്രമാണ്.

1960കളിലും 70കളിലും ഏറ്റവുമധികം ആളുകള്‍ തിരഞ്ഞെടുത്തിരുന്നത് സര്‍ക്കാര്‍ സര്‍വീസിലെയും പൊതുമേഖലാ കമ്പനികളിലെയും ജോലികളായിരുന്നു. സിലിക്കണ്‍വാലിയിലും ലോകത്തെ മറ്റ് ടെക്‌നോളജി കമ്പനികളിലുമുളള ഇന്ത്യന്‍ പ്രൊഫഷണലുകളുടെ നിറസാന്നിധ്യം അക്കാലത്ത് ഇന്ത്യയില്‍ അവസരങ്ങള്‍ കുറവായിരുന്നുവെന്നതിന് മികച്ച തെളിവാണ്. രാഷ്ട്രീയ സ്വാധീനമോ വന്‍ ബിസിനസ് കുടുംബങ്ങളുടെ പാരമ്പര്യമോ അവകാശപ്പെടാനില്ലാത്ത സംരംഭകര്‍ക്ക് കുത്തക മുതലാളിത്വവും സര്‍ക്കാരിന്റെ ലൈസന്‍സ് രാജ് നയങ്ങളും ഒരുവിധത്തിലുളള പ്രോത്സാഹനവും നല്‍കിയില്ല. എന്നാല്‍ 1990കള്‍ ആയപ്പോഴേക്കും സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ക്ക് ഡിമാന്റ് കൂടിത്തുടങ്ങി. അമേരിക്കയുടെയും യൂറോപ്പിന്റെയും സമ്പദ്‌വ്യവസ്ഥകളിലെ തളര്‍ച്ചയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അപ്രതീക്ഷിത വളര്‍ച്ചയുമെല്ലാം ഇന്ത്യയില്‍ അവസരങ്ങള്‍ തുറന്നിട്ടു.

സ്വകാര്യ മേഖലയിലെ ഊര്‍ജ്ജസ്വലമായ ജോബ് മാര്‍ക്കറ്റും മികച്ച വിദ്യാഭ്യാസത്തിനുളള അവസരങ്ങളും സംരംഭകത്വത്തിന്റെ ഒരു പുതുതരംഗം ഇന്ത്യയില്‍ സൃഷ്ടിച്ചു. ഇന്റര്‍നെറ്റിന്റെയും മൊബീല്‍ ടെക്‌നോളജിയുടെയും കടന്നുകയറ്റവും ഇന്ത്യയില്‍ ബിസിനസ് തുടങ്ങുന്നതിന് പുതിയ സാധ്യതകള്‍ തുറന്നിട്ടു. ഫഌപ്കാര്‍ട്ട്, റെഡ്ബസ്, യാത്ര, ഇകോ തുടങ്ങിയ ഊര്‍ജ്ജസ്വലമായ സംരംഭങ്ങള്‍ ഇന്ത്യയുടെ പുതിയ സംരംഭകത്വധാരയുടെ ചില ഉദാഹരണങ്ങള്‍ മാത്രം. മാറുന്ന കാലത്തോട് നമുക്ക് നന്ദി പറയാം. വെറും മൂന്ന് പതിറ്റാണ്ടിനുളളില്‍ തൊഴിലാളികളുടെ ആഗോള സപ്ലയര്‍ എന്ന നിലയില്‍ നിന്നും തൊഴില്‍ വൈദഗ്ധ്യത്തിന്റെ കേന്ദ്രം എന്ന നിലയിലേക്ക് ഇന്ത്യ മാറുന്നതിനാണ് നാം സാക്ഷ്യം വഹിക്കുന്നത്.

130 കോടിയിലധികം ജനങ്ങളുളള ഇന്ത്യയില്‍ ആവശ്യത്തിന് തൊഴിലവസരങ്ങളും വേണ്ടതുണ്ട്. തൊഴിലുളള യുവതലമുറയിലൂടെ മാത്രമേ വളര്‍ച്ച നിലനിര്‍ത്താന്‍ നമുക്ക് സാധിക്കൂ. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുളള ഏറ്റവും ഫലപ്രദമായ മാര്‍ഗം സംരംഭകത്വത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുകയെന്നതാണ്. ഒരു സംരംഭകന്‍ സ്വയം പണമുണ്ടാക്കുന്നതോടൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ നിരവധി കൂടുംബങ്ങളെ കൂടി സേവിക്കുന്നു.

കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സംരംഭകത്വ സ്വഭാവത്തില്‍ പ്രകടമായ മാറ്റം സംഭവിച്ചു. ഉദാരവല്‍ക്കരണത്തിനുമുമ്പുളള കാലഘട്ടത്തില്‍ പരമ്പരാഗത ബിസിനസ് കുടുംബങ്ങളിലേക്കും മികച്ച സാമ്പത്തിക സ്രോതസ്സുളളവരിലേക്കും സംരംഭകത്വം പരിമിതപ്പെട്ടുകിടന്നു. എന്നാല്‍ ഉദാരവല്‍ക്കരണത്തിനുശേഷം ഈ അവസ്ഥയ്ക്ക് കാതലായ മാറ്റം സംഭവിച്ചു. സംരംഭം തുടങ്ങാനുളള സാമ്പത്തിക സ്രോതസ്സുകള്‍ സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാവുന്ന അകലത്തിലേക്ക് മാറി. ഇന്ന് മധ്യവര്‍ഗത്തിലുളള നിരവധി പേര്‍ സംരംഭകത്വത്തിലേക്ക് വരുന്നു. മാത്രമല്ല ഇന്നത്തെ സംരംഭകരുടെ വിദ്യാഭ്യാസ യോഗ്യതയിലും കാര്യമായ മാറ്റം പ്രകടമാണ്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവരാണ് ഇന്ന് കൂടുതലും സംരംഭകരാകുന്നത്. ഐഐഎമ്മുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളില്‍ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ പ്ലെയ്‌സ്‌മെന്റ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാതെ സ്വന്തമായി ബിസിനസ് തുടങ്ങാന്‍ താല്‍പ്പര്യപ്പെടുന്നു. ഇതെല്ലാം പോസിറ്റീവ് മാറ്റങ്ങളാണ്.

പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്. ഒന്ന്, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും രാഷ്ട്രത്തിന്റെ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കുന്നതിലും സംരംഭകത്വത്തിന് നിര്‍ണായക പങ്കുവഹിക്കാനുണ്ട്. രണ്ട്, സമ്പത്തുളള കുറച്ചുപേരുടെ മാത്രം മേഖലയെന്നതില്‍ നിന്നും മാറി, നിരവധി പേര്‍ക്ക് പ്രതീക്ഷ നല്‍കുന്ന തരത്തിലേക്ക് സംരംഭകത്വം വളര്‍ന്നു. മൂന്ന്, സാങ്കേതികവിദ്യയുടെ കടന്നുകയറ്റവും ഉപഭോക്തൃശൈലികളും ഇന്ത്യയെ സംരംഭകരുടെ കേന്ദ്രം എന്ന നിലയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കരിയര്‍ ഓപ്ഷനായി സംരംഭകത്വം തിരഞ്ഞെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

Categories: Entrepreneurship, Slider

Related Articles