യുപി, പഞ്ചാബ്, ഹരിയാന-വിള മാലിന്യം കത്തിക്കുന്നത് 19% കുറഞ്ഞു

യുപി, പഞ്ചാബ്, ഹരിയാന-വിള മാലിന്യം കത്തിക്കുന്നത് 19% കുറഞ്ഞു

ഉത്തര്‍ പ്രദേശില്‍ 36.8 ശതമാനം കുറവ് വിളമാലിന്യം കത്തിക്കുന്ന സംഭവങ്ങളില്‍ ഉണ്ടായി

ന്യൂഡെല്‍ഹി: രാജ്യത്ത് അന്തരീക്ഷ മലിനീകരണം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ് വിള മാലിന്യങ്ങളുടെ കത്തിക്കല്‍. രാജ്യ തലസ്ഥാനത്തെ അതി രൂക്ഷമായ മലിനീകരണ പ്രശ്‌നങ്ങള്‍ക്കും സമീപ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലകളില്‍ നിലനില്‍ക്കുന്ന ഈ രീതി കാരണമാകുന്നുണ്ട്. സര്‍ക്കാരിന്റെ വിവിധ പരിശ്രമങ്ങളുടെ ഫലമായി പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം വിള മാലിന്യം കത്തിക്കല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി പരിസ്ഥിതി മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു.

2018 നെ അപേക്ഷിച്ച് മൂന്ന് സംസ്ഥാനങ്ങളിലെ വിള മാലിന്യം കത്തിക്കല്‍ നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 19.2 ശതമാനം കുറഞ്ഞെന്നാണ് ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടി സഹമന്ത്രി ബാബുല്‍ സുപ്രിയോ പറഞ്ഞത്. വിള മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ബദല്‍മാര്‍ഗങ്ങള്‍ അവതരിപ്പിച്ചും പ്രചാരണങ്ങള്‍ നടത്തിയും സര്‍ക്കാര്‍ വിള മാലിന്യം കത്തിക്കല്‍ കുറയ്ക്കാന്‍ ശ്രമിക്കുകയാണ് ഇതിന്റെ ഫലമായി, 2017ലും 2016ലും യഥാക്രമം 15 ശതമാനവും 41 ശതമാനവും കുറവ് വിള മാലിന്യം കത്തിക്കുന്ന സംഭവങ്ങളില്‍ ഉണ്ടായെന്നും മന്ത്രി വ്യക്തമാക്കി.
യുപിയില്‍ 36.8 ശതമാനം കുറവുണ്ടായപ്പോള്‍ ഹരിയാനയില്‍ 25.1 ശതമാനവും പഞ്ചാബില്‍ 16.8 ശതമാനവും കുറവ് വിള മാലിന്യം കത്തിക്കലില്‍ ഉണ്ടായി. ഡെല്‍ഹി രാജ്യ തലസ്ഥാന മേഖലയിലെ വായുവിന്റെ മോശം നിലവാരത്തില്‍ നവംബറിലെ കണക്ക് പ്രകാരം വിള മാലിന്യം കത്തിക്കല്‍ 2 മുതല്‍ 46 ശതമാനം വരെ പങ്കുവഹിച്ചിട്ടുണ്ട്.

ശൈത്യകാലത്ത് വിളമാലിന്യങ്ങള്‍ കത്തിക്കുന്നത് നിര്‍ത്തുന്നതിനായി ഡെല്‍ഹി സര്‍ക്കാരും ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. നിരവധി ചര്‍ച്ചകളും ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കിടയില്‍ നടന്നു.

Comments

comments

Categories: FK News