ഇ-കൊമേഴ്‌സ് ഗിഫ്റ്റുകളോട് ‘നോ’ പറയാന്‍ സര്‍ക്കാര്‍

ഇ-കൊമേഴ്‌സ് ഗിഫ്റ്റുകളോട് ‘നോ’ പറയാന്‍ സര്‍ക്കാര്‍

സമ്മാനമെന്ന പേരില്‍ ഇ-കൊമേഴ്‌സ് ഉല്‍പ്പന്നങ്ങള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ല

ന്യൂഡെല്‍ഹി: വിദേശത്തുനിന്ന് 5,000 രൂപയില്‍ താഴെയുള്ള സമ്മാനങ്ങള്‍ നികുതിരഹിതമായി കൈപ്പറ്റുവാന്‍ പൗരന്മാരെ അനുവദിക്കുന്ന നിയമം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ചൈനീസ് ഇ-കൊമേഴ്‌സ് വില്‍പനക്കാര്‍ ഈ ചട്ടത്തെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പൗരന്‍മാര്‍ക്ക് സ്വീകരിക്കാവുന്ന ഇത്തരം ഉപഹാരങ്ങളുടെ എണ്ണം നിയന്ത്രിക്കാനാണ് കേന്ദ്ര കസ്റ്റംസ്, പരോക്ഷ നികുതി ബോര്‍ഡ് ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ പ്രാവര്‍ത്തികതലത്തില്‍ അത് ഏറെ ക്ലേശകരമാവുമെന്ന് കണ്ടെത്തിയതോടെ സമ്പൂര്‍ണ നിരോധനമെന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു.

ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനികള്‍ വന്‍ വെട്ടിപ്പ് നടത്തുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം മുതലാണ് ഉപഹാരങ്ങള്‍ എന്നപേരില്‍ നടക്കുന്ന ഇ-കൊമേഴ്‌സ് ഇറക്കുമതികള്‍ക്കെതിരെ കസ്റ്റംസ് വിഭാഗം നടപടികള്‍ ആരംഭിച്ചത്. വര്‍ഷാരംഭം മുതല്‍ എല്ലാ എക്‌സ്പ്രസ് കാര്‍ഗോ പോര്‍ട്ടുകളെയും കേന്ദ്രീകരിച്ച് നടപടികള്‍ തുടങ്ങിയതോടെ രാജ്യത്തേക്കുവരുന്ന ഉപഹാരങ്ങളുടെ എണ്ണം കാര്യമായി കുറഞ്ഞെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു. 90% ഇ-കൊമേഴ്‌സ് ഇറക്കുമതിയും നടക്കുന്ന എക്‌സ്പ്രസ് കാര്‍ഗോ പോര്‍ട്ടുകളായ മുംബൈ, ഡെല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ ഇത്തരം സമ്മാന ഇറക്കുമതികള്‍ തടഞ്ഞു. മറ്റു തുറമുഖങ്ങളിലേക്കും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയതോടെ ഇവയുടെ ഇറക്കുമതി നിലയ്ക്കുകയും ചെയ്തു. ‘ചട്ടങ്ങളില്‍ നിന്ന് ‘ഗിഫ്റ്റ് ‘ എന്നപദം തന്നെ ഒഴിവാക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അതായത് നിങ്ങള്‍ എന്ത് ഇറക്കുമതി ചെയ്താലും അതിന് നികുതി നല്‍കേണ്ടിവരും.’ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

നിലവില്‍ പരോക്ഷനികുതി ബോര്‍ഡുമായും ആഭ്യന്തര വ്യാപാര വ്യവസായ പ്രോത്സാഹന വകുപ്പുമായും ചേര്‍ന്നാണ് കസ്റ്റംസ് നികുതി വെട്ടിപ്പിനെതിരെയുള്ള നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. വിദേശ, സ്വദേശി വ്യത്യാസമില്ലാതെ എല്ലാ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതടക്കം പരിഗണനയിലുണ്ട്.

Comments

comments

Categories: FK News
Tags: e- commerce