വികസനത്തേക്കാളും ഏകീകരണ പദ്ധതികള്‍ക്കാണ് ഡനൂബ് പ്രാമുഖ്യം നല്‍കുന്നതെന്ന് റിസ്‌വാന്‍ സാജന്‍

വികസനത്തേക്കാളും ഏകീകരണ പദ്ധതികള്‍ക്കാണ് ഡനൂബ് പ്രാമുഖ്യം നല്‍കുന്നതെന്ന് റിസ്‌വാന്‍ സാജന്‍

അടുത്ത മൂന്നുവര്‍ഷത്തേക്ക് വലിയ വികസന പദ്ധതികള്‍ നടപ്പാക്കില്ല

ദുബായ്: അടുത്ത മൂന്ന് വര്‍ഷത്തേക്ക് വിപുലമായ ബിസിനസ് വിപുലീകരണത്തിന് പദ്ധതിയില്ലെന്ന് ഡനൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ റിസ്‌വാന്‍ സാജന്‍. ഡനൂബിന്റെ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കുന്നതിനേക്കാളും ഏകീകരിക്കുന്നതിലാണ് ഇപ്പോള്‍ കമ്പനിയുടെ ശ്രദ്ധയെന്നും അറേബ്യന്‍ ബിസിനസിന്റെ വാര്‍ഷിക സ്റ്റാര്‍ട്ടപ്പ് ഫോറത്തില്‍ റിസ്‌വാന്‍ സാജന്‍ പറഞ്ഞു.

”വികസന പദ്ധതികള്‍ക്കുള്ള സമയമല്ല ഇത്. ഏകീകരണമാണ് ഇപ്പോള്‍ വേണ്ടത്. മൂന്ന് വര്‍ഷത്തിനിടയ്ക്ക് ഒന്നോ രണ്ടോ പദ്ധതികള്‍ അവതരിപ്പിക്കുമെങ്കിലും വലിയ വികസന പദ്ധതികളൊന്നും ഇപ്പോഴില്ല”. വരുമാനത്തെ കുറിച്ചും വില്‍പ്പനയെ കുറിച്ചും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറ്റാദായത്തില്‍ ഇടിവുണ്ടാകില്ലെന്നും റിസ്‌വാന്‍ സാജന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

1993ല്‍ ദയ്‌റയിലെ ചെറിയൊരു വ്യാപാര സ്റ്റാര്‍ട്ടപ്പ് സംരംഭത്തില്‍ നിന്നും യുഎഇയിലെ അറിയപ്പെടുന്ന ബിസിനസ് ഗ്രൂപ്പായി മാറിയ ഡനൂബ് ഗ്രൂപ്പിന്റെ വിജയഗാഥ ഫോറത്തില്‍ സാജന്‍ പങ്കുവെച്ചു. ഭാവിയില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കമ്പനികള്‍ ആരംഭിക്കുന്നതിന് മുമ്പ് അനുഭവപരിചയം നേടേണ്ടത് ആവശ്യമാണെന്നും സാജന്‍ പറഞ്ഞു. അനുഭവ സമ്പത്ത് ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കും. എട്ടുവര്‍ഷം അമ്മാവനൊത്ത് കുവൈറ്റില്‍ ജോലി ചെയ്തുള്ള അനുഭവപരിചയം ഡനൂബിന്റെ വളര്‍ച്ചയില്‍ തനിക്ക് മുതല്‍ക്കൂട്ടായതായി സാജന്‍ പറഞ്ഞു.

യുഎഇയിലെ ബിസിനസ് സൗഹൃദ അന്തരീക്ഷത്തെ സാജന്‍ പ്രകീര്‍ത്തിച്ചു. ജോലി ചെയ്യാന്‍ ഏറ്റവും മികച്ച ഇടമാണ് യുഎഇയെന്നും യുഎഇയില്‍ ഉദ്യോഗസ്ഥാധിപത്യം ഇല്ലെന്നും സാജന്‍ പറഞ്ഞു. മാത്രമല്ല, വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ ജോലി ചെയ്യാന്‍ സാധിക്കുന്ന അനുകൂലമായ സമ്പദ് വ്യവസ്ഥയാണ് യുഎഇയിലേത്. ബിസിനസ് ചെയ്യാന്‍ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ഇത്, ഇവിടുത്തെ അവസരങ്ങള്‍ വിലമതിക്കാനാകാത്തതാണ്, സാജന്‍ പറഞ്ഞു.

ഈ വര്‍ഷം ആദ്യം 50 ലക്ഷം ഡോളറിന്റെ ഡനൂബ് ഹോസ്പിറ്റാലിറ്റി സൊലൂഷന്‍സിന് ഡനൂബ് തുടക്കമിട്ടിരുന്നു. പശ്ചിമേഷ്യയിലെ വര്‍ധിച്ചുവരുന്ന ഹോസ്പിറ്റാലിറ്റി ആവശ്യങ്ങള്‍ കണക്കിലെടുത്തായിരുന്നു ഇത്. ഡനൂബ് ബില്‍ഡിംഗ് മെറ്റീരിയല്‍സ്, ഡനൂബ് ഹോം, ഡനൂബ് പ്രോപ്പര്‍ട്ടീസ്, മിലാനോ, അലുകോപാനല്‍ മിഡില്‍ഈസ്റ്റ് എന്നീ ബിസിനസുകളാണ് ഡനൂബ് ഗ്രൂപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങള്‍.

Comments

comments

Categories: Arabia
Tags: Danube group

Related Articles