സാമൂഹ്യനീതി പ്രചരണായുധമാക്കി കോണ്‍ഗ്രസ്

സാമൂഹ്യനീതി പ്രചരണായുധമാക്കി കോണ്‍ഗ്രസ്

സാമൂഹ്യ നീതി ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വിഷയമാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി. 2014ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറു സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. എന്നാല്‍ ഇക്കുറി തങ്ങളുടെ സഖ്യകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയോടൊപ്പം അത്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. ഇതിനുള്ള അവസരമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. അഞ്ചുഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് ഈ മാസം 30ന് ആരംഭിക്കും.

തെരഞ്ഞെടുപ്പിനുമുന്നോടിയായി കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കഴിഞ്ഞദിവസം പാര്‍ട്ടി അവതരിപ്പിച്ചിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതാണ് പ്രകടനപത്രിക. ഇതിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാമെന്നാണ് പാര്‍ട്ടി കരുതുന്നത്. പത്രിക അടിസ്ഥാനമാക്കിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും പാര്‍ട്ടി ആരംഭിച്ചു കഴിഞ്ഞു. പ്രാദേശിക സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെ ഒരു ഫിലിം സിറ്റി വാഗ്ദാനം ചെയ്യുന്നത് മുതല്‍ ഗോശാലകളുടെ പരിപാലനം ഉറപ്പാക്കുന്നതുവരെ പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. കൂടാതെ സര്‍ക്കാര്‍അധികാരത്തിലെത്തിയാല്‍ ഗോത്രാവകാശങ്ങള്‍, ഭൂമി അവകാശങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിനും അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും പറയുന്നു. കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, പെന്‍ഷനുകള്‍, സ്ത്രീ ശാക്തീകരണം, ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കുക എന്നിവയും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.

ജാര്‍ഖണ്ഡിലെ 81 നിയോജകമണ്ഡലങ്ങളില്‍ അഞ്ച് ഘട്ടങ്ങളായാണ് വോട്ടിംഗ് നടക്കുക. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. കൂടാതെ ഗോത്രവംശങ്ങള്‍ക്ക് പ്രാധാന്യമുള്ള ഭൂമികയുമാണ്. ഇവിടെ ഭൂരിപക്ഷം സീറ്റുകളിലും സുരക്ഷാ ഭീഷണി നിലവിലുണ്ടെന്നാണ് പറയപ്പെടുന്നത്. അതിനാലാണ് തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളാക്കിയത്. ഇത്തവണ കോണ്‍ഗ്രസ് പാര്‍ട്ടി 31 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. സഖ്യകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും സാമൂഹ്യ വിഷയങ്ങള്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉയര്‍ത്തിക്കാട്ടുമെന്നാണ് കരുതുന്നത്.
ജംഷദ്പൂര്‍ ഈസ്റ്റില്‍ സംസ്ഥാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബര്‍ ദാസിനെതിരെ കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭിനെ പാര്‍ട്ടി രംഗത്തിറക്കിയതും പ്രത്യേകതയാണ്.

രണ്ട് ലക്ഷം രൂപ വരെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് പത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ പ്രത്യേകമായി കാര്‍ഷിക ബജറ്റും അവതരിപ്പിക്കും. ഇത് വൈദ്യുതിക്ക് സബ്സിഡി നല്‍കുകയും കര്‍ഷകരുടെ ഭാരം ലഘൂകരിക്കാന്‍ നെല്ല് പോലുള്ള വിളകള്‍ക്ക് മിനിമം താങ്ങുവില നിശ്ചയിക്കുകയും ചെയ്യും. ബജറ്റില്‍ ഗോശാലകളുടെ പരിപാലനത്തിന് മതിയായ തുക വകയിരുത്തുമെന്ന് പത്രിക പറയുന്നു. എല്ലാ ഗോശാലകളിലും ആവശ്യമായ ഷെഡുകള്‍, ചികിത്സാ സൗകര്യങ്ങള്‍,വെള്ളം, കാലിത്തീറ്റ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് മാനിഫെസ്റ്റോയില്‍ പറയുന്നു.

എല്ലാ വീടുകളിലും പൈപ്പുകളിലൂടെയും ടാപ്പുകളിലൂടെയും ശുദ്ധമായ കുടിവെള്ള വിതരണം പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ന് കുടിവെള്ള പ്രതിസന്ധി സംസ്ഥാനത്തെ വലയ്ക്കുന്ന മറ്റൊരു പ്രശ്‌നമാണ്. ഈ സൗകര്യം ഉള്ള ചുരുക്കം ചില നഗരങ്ങളില്‍ ഒന്നാണ് ജംഷഡ്പൂര്‍. കൂടാതെ പൊതുവിദ്യാലയങ്ങളില്‍ സൗജന്യ വിദ്യാഭ്യാസം പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസം 10,000 രൂപയില്‍ താഴെ വരുമാനം നേടുന്ന ഓരോ കുടുംബത്തിനും 50 ശതമാനം ഫീസ് ഇളവും വാഗ്ദാനം ചെയ്യുന്നു. സ്‌കൂള്‍ പാഠ്യപദ്ധതി അവലോകനം ചെയ്യുകയും ആവശ്യമുള്ളിടത്ത് മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. സ്‌കൂള്‍ പാഠ്യപദ്ധതി ഭരണഘടനാ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുകയും ജാര്‍ഖണ്ഡിലെ സമ്പന്നമായ സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ ചരിത്രത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

ഗോത്ര കലകളും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിന്, കലാകാരന്മാരെ സ്‌പോണ്‍സര്‍ ചെയ്യുമെന്നും ഒരു ഗോത്ര കലാസാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. പ്രാദേശിക സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഫിലിം സിറ്റിയും പത്രികയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2021 ലെ സെന്‍സസിന് മുമ്പ് സര്‍നയെ ഒരു പ്രത്യേക മതമായി അംഗീകരിക്കാനും കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നു. ഇതിനായി സെന്‍സസില്‍ പ്രത്യേക കോഡ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഞങ്ങള്‍ നിര്‍ദേശിക്കും. ഭൂരിഭാഗം ആദിവാസികളും ഹിന്ദുക്കളോ മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ അല്ല. അവര്‍ക്ക് വ്യത്യസ്തമായ ആരാധനാ സമ്പ്രദായമുണ്ട്. അതിനാലാണ് പ്രത്യേക കോഡ് ആവശ്യപ്പെടുന്നതെന്നും പ്രകടന പത്രികയില്‍ പറയുന്നു.

ആള്‍ക്കൂട്ട അക്രമത്തിന് ഇരയായവരുടെ പുനരധിവാസവും അത് തടയുന്നതിനുള്ള നിയമനിര്‍മാണവും പാര്‍ട്ടിയുടെ അജണ്ടയിലുണ്ട്. ”ജാതി, ലിംഗഭേദം, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ ആള്‍ക്കൂട്ട അക്രമത്തെത്തുടര്‍ന്ന് മരണമടയുന്ന കേസുകളില്‍ കര്‍ശന ശിക്ഷ നല്‍കുന്നതിനുള്ള നിയമം നടപ്പാക്കും. ഇരകളെയും ഇതുമായി ബന്ധപ്പെട്ട കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയും പാര്‍ട്ടി വിഭാവനം ചെയ്യുന്നുണ്ട്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ ഭേദഗതികള്‍ റദ്ദാക്കുമെന്നും അതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യമനുസരിച്ച് നിയമം നടപ്പാക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബിസിനസുകള്‍ അഭിവൃദ്ധി പ്രാപിക്കുന്നതിന് പര്യാപ്തമായ അന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിലെ ചുവപ്പുനാടയും മറ്റ് കഴിവുകേടുകളും ഇല്ലാതാക്കും. സംസ്ഥാനത്ത് ഇന്‍സ്‌പെക്ടര്‍ രാജ് അവസാനിപ്പിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

ജാര്‍ഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം), കോണ്‍ഗ്രസ്, ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) എന്നിവര്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി ധാരണയിലെത്തിയിരുന്നു. ജെഎംഎം 43 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ആര്‍ജെഡി ഏഴ് സീറ്റുകളിലായി മത്സരിക്കും. അവസാനഘട്ടം വോട്ടെടുപ്പ് ഡിസംബര്‍ 20നാണ് നടക്കുക. ഡിസംബര്‍ 23 ന് ഫലങ്ങള്‍ പ്രഖ്യാപിക്കും.

ആദ്യ ഘട്ടത്തില്‍ 13 നിയോജകമണ്ഡലങ്ങള്‍, രണ്ടാമത് 20, മൂന്നാം ഘട്ടത്തില്‍ 17, നാലാമത് 15, അവസാന ഘട്ടത്തില്‍ 16 നിയോജകമണ്ഡലങ്ങള്‍ എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുക. വലിയ ആദിവാസി ജനസംഖ്യയുള്ള, മാവോയിസ്റ്റ് ബാധിത സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് 2014 ലും അഞ്ച് ഘട്ടങ്ങളായാണ് നടന്നത്. മഹാരാഷ്ട്ര, ഹരിയാന എന്നിവയ്ക്ക് ശേഷം ഈ വര്‍ഷം തിരഞ്ഞെടുപ്പ് നേരിടുന്ന മൂന്നാമത്തെ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണിത്. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനുമായി (എജെഎസ്യു) സഖ്യത്തില്‍ നിലവില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപി മഹാരാഷ്ട്രയിലും ഹരിയാനയിലും രേഖപ്പെടുത്തിയതിനേക്കാള്‍ ഫലങ്ങള്‍ മെച്ചപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കും. മഹാരാഷ്ട്രയിലും ഹരിയാനയിലും മികച്ച മാര്‍ജിനില്‍ ജയിക്കുമെന്ന് പാര്‍ട്ടി വ്യാപകമായി പ്രതീക്ഷിച്ചിരുന്നെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ കുറവ് സീറ്റുകളാണ് ബിജെപി ഈ സംസ്ഥാനങ്ങളില്‍ നേടിയത്. ഇത് പ്രതിപക്ഷത്തിന് ആവേശമായേക്കാം.

Comments

comments

Categories: Politics

Related Articles