അരാംകോ ആക്രമണം ഗള്‍ഫ് സുരക്ഷ വര്‍ധിപ്പിക്കുമെന്ന് അമേരിക്കയും ഫ്രാന്‍സും

അരാംകോ ആക്രമണം ഗള്‍ഫ് സുരക്ഷ വര്‍ധിപ്പിക്കുമെന്ന് അമേരിക്കയും ഫ്രാന്‍സും
  • റഡാര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കും
  • യൂറോപ്പിന്റെ നേതൃത്വത്തിലുള്ള മാരിടൈം സേന ഉടനുണ്ടാകുമെന്ന് ഫ്രാന്‍സ്

റിയാദ്: ഇറാന്‍ വിഷയത്തില്‍ വ്യത്യസ്ത നിലപാട് തുടരുന്ന അമേരിക്കയും ഫ്രാന്‍സും ഗള്‍ഫ് മേഖലയില്‍ സുരക്ഷ ശക്തമാക്കുന്നു. സെപ്റ്റംബറില്‍ സൗദി അറേബ്യയിലെ എണ്ണ സംവിധാനങ്ങള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍, ക്രൂയിസ് മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും റഡാര്‍ അടക്കമുള്ള ഗള്‍ഫിലെ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കാന്‍ നടപടിയെടുക്കുന്നത്.

ബഹ്‌റൈനില്‍ നടന്ന വാര്‍ഷിക മനാമ ഡയലോഗില്‍ പങ്കെടുക്കവെയാണ് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവിയും ഫ്രാന്‍സിന്റെ പ്രതിരോധ മന്ത്രിയും ഗള്‍ഫ് രാജ്യങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയത്.

സൗദി അറേബ്യയിലെ സുരക്ഷാ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിന് അവരുമായുള്ള സഹകരണം തുടരുമെന്നും അരാംകോയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് സമാനമായ സംഭവങ്ങളെ പ്രതിരോധിക്കാന്‍ അത് സൗദിക്ക് കരുത്ത് പകരുമെന്നും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിലെ പശ്ചിമേഷ്യ, ദക്ഷിണേഷ്യ മേഖലയുടെ ചുമതലയുള്ള ജനറല്‍ കെന്നത്ത് മക്കെന്‍സി പറഞ്ഞു. മേഖലയിലെ വലിയ വ്യോമതാവളങ്ങള്‍ക്ക് പുറമേ റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിലും അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം ശക്തമാക്കുമെന്ന് മക്കെന്‍സി അറിയിച്ചു.

വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി റിയാദിലേക്ക് റഡാറുകള്‍ ഉള്‍പ്പടെയുള്ള അത്യാധുനികവും ഫലപ്രദവുമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ അയക്കുമെന്ന് ഫ്രാന്‍സിന്റെ സായുധസേനാ വകുപ്പ് മന്ത്രി ഫ്‌ളോറന്‍സ് പേളിയും അറിയിച്ചു. വരുംദിവസങ്ങളില്‍ തന്നെ ഇവ സൗദിയിലെത്തി പ്രവര്‍ത്തനമാരംഭിക്കുമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഗള്‍ഫ് സമുദ്രമേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ നേതൃത്വത്തിലുള്ള മാരിടൈം ദൗത്യത്തിന് രൂപം നല്‍കുമെന്നും പേളി വ്യക്തമാക്കിയിട്ടുണ്ട്. പത്തോളം യൂറോപ്യന്‍, യൂറോപ്പ് ഇതര രാജ്യങ്ങളുടെ പിന്തുണയുള്ള ഈ സഖ്യം അടുത്ത വര്‍ഷം ആദ്യം നിലവില്‍ വരുമെന്ന് പേളി അറിയിച്ചു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സമുദ്രഗതാഗത സുരക്ഷാ സേന ഇപ്പോള്‍ തന്നെ ഗള്‍ഫ് സമുദ്രമേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അല്‍ബേനിയ, ഓസ്‌ട്രേലിയ, സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ, യുകെ എന്നീ രാജ്യങ്ങളാണ് ഈ സഖ്യത്തിലുള്ളത്.

ആക്രമണം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായതിന് ശേഷം കുറ്റക്കാര്‍ക്കെതിരെ ഏതുതരത്തിലുള്ള നടപടികളാണ് കൈക്കൊള്ളേണ്ടതെന്നത് സംബന്ധിച്ച് സഖ്യരാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ സഹമന്ത്രി ആദേല്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഇറാന്‍ പ്രീണനം കൊണ്ട് കാര്യമില്ലെന്നും തുടരെത്തുടരെയുള്ള ആക്രമണങ്ങളില്‍ നിന്നും ഇറാനെ പിന്തിരിപ്പിക്കാനുള്ള നടപടികളുണ്ടാകണമെന്നും ജുബൈര്‍ പറഞ്ഞു.

ഗള്‍ഫ് സമുദ്ര മേഖലയില്‍ ടാങ്കറുകള്‍ അക്രമിക്കപ്പെടുകയും സൗദി അറേബ്യയിലെ വിവിധ എണ്ണശാലകള്‍ക്ക് നേരെ ആക്രമണമുണ്ടാകുകയും ചെയ്തതിന് പിന്നാലെ സെപ്റ്റംബര്‍ 14ന് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ എണ്ണ സംസ്‌കരണ, ഉല്‍പ്പാദന ശാലകളില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കിയ ഡ്രോണ്‍ ആക്രമണത്തെ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്നാണ് അമേരിക്കയും സൗദിയും വാദിക്കുന്നത്. എന്നാല്‍ ഇറാനിത് നിഷേധിച്ചിട്ടുണ്ട്.

Comments

comments

Categories: Arabia