പിഎസ്‌യു മൂല്യത്തകര്‍ച്ച തിരിച്ചടിയായേക്കും

പിഎസ്‌യു മൂല്യത്തകര്‍ച്ച തിരിച്ചടിയായേക്കും
  • പൊതുമേഖലാ ഓഹരികളുടെ മോശം പ്രകടനം ധനസമാഹരണ ലക്ഷ്യങ്ങളെ ബാധിച്ചേക്കും
  • ബജറ്റ് അവതരണത്തിന് ശേഷം ഓഹരി വിപണിയിലെ പിഎസ്‌യു സൂചിക ഇടിഞ്ഞത് 10.16%
  • നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ നേടാനായത് 17,364.3 കോടി രൂപ മാത്രം

മുംബൈ: പൊതുമേഖലാ സ്ഥാപനങ്ങളുടെ (പിഎസ്‌യു) ഓഹരി വിപണിയിലെ മോശം പ്രകടനം സ്വകാര്യവല്‍ക്കരണത്തിലൂടെ ധനസമാഹരണം നടത്താനുള്ള സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ക്ക് വിലങ്ങുതടിയായേക്കുമെന്ന് ആശങ്ക. ഏപ്രില്‍ ഒന്നിന് ശേഷം സെന്‍സെക്‌സ് 4.65% വളര്‍ച്ച നേടിയപ്പോള്‍ വിപണിയുടെ പിഎസ്‌യു സൂചിക 7.91% താഴോട്ടുവീഴുകയാണ് ചെയ്തത്. ജൂലൈയിലെ ബജറ്റ് അവതരണത്തിന് ശേഷം പിഎസ്‌യു സൂചിക 10.16% ഇടിഞ്ഞു. ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക്, ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 35-55% വരെ വിപണിമൂല്യം നഷ്ടപ്പെടുകയും ചെയ്തു.

ഓഹരി വില്‍പ്പനയിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ 17,364.3 കോടി രൂപ മാത്രമാണ് ഇതുവരെ സമാഹരിക്കാന്‍ കഴിഞ്ഞത്. ഇതില്‍ 14,000 കോടി രൂപ എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ട് (ഇടിഎഫ്) മുഖേനയാണ് സമാഹരിച്ചത്. 1,114 കോടി രൂപ റെയ്ല്‍ വികാസ് നിഗമിന്റേയും ഐആര്‍സിടിസിയുടേയും പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) വഴിയും. സാമ്പത്തികവര്‍ഷം അവസാനിക്കുവാന്‍ വെറും നാലുമാസം മാത്രം അവശേഷിക്കെ ഓഹരി വില്‍പ്പന ലക്ഷ്യങ്ങള്‍ ഏറെ അകലെയാണ്. എന്നാല്‍ അന്തിമ പാദത്തില്‍ എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് സാമ്പത്തിക സമാഹരണം നടത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലും സ്വകാര്യവല്‍ക്കരണ ലക്ഷ്യങ്ങളെ മറികടന്നുള്ള പ്രകടനം നടത്താനായത് സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ ലക്ഷ്യം വെച്ചിരുന്ന 80,000 കോടി മറികടന്ന് 84,972.2 കോടി രൂപയാണ് ഓഹരി വിറ്റഴിക്കലിലൂടെ നേടാനായത്. 2018 ല്‍ ലക്ഷ്യമിട്ടത് ഒരു ലക്ഷം കോടി, ലഭിച്ചത് 1,00,056.9 കോടി രൂപയും.

28 പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ അഞ്ച് സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ബിപിസിഎല്‍ (53.29%), ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (63.75%), കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (30.8%) എന്നിവയുടെ ഓഹരികള്‍ തന്ത്രപ്രധാന നിക്ഷേപകനും ടിഎച്ച്ഡിസി (74.23%), നീപ്‌കോ (100%) എന്നിവ നാഷണല്‍ തെര്‍മര്‍ പവര്‍ കോര്‍പ്പറേഷനുമാണ് (എന്‍ടിപിസി) കൈമാറുക. 77,000 കോടി രൂപയുടെ വരുമാനം ഈ ഇടപാടുകളില്‍ നിന്ന് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ധനസമാഹരണ ലക്ഷ്യത്തിലേക്കെത്താന്‍ (ഇനി വേണ്ടത് 87,000 കോടി രൂപ കൂടി) 10,000 കോടി രൂപ കൂടി വേണ്ടിവരും. നാലാം വര്‍ഷവും മോദി സര്‍ക്കാരിന് സ്വകാര്യവല്‍ക്കരണ ലോട്ടറി അടിക്കുമോയെന്നറിയാന്‍ മാര്‍ച്ച് മാസം വരെ കാത്തിരിക്കേണ്ടി വരും.

കമ്പനി സര്‍ക്കാര്‍ ഓഹരി വില്‍ക്കുന്ന ഓഹരി വരുമാന പ്രതീക്ഷ

ബിപിസിഎല്‍ 53.29% 53.29% 31,993.50 കോടി രൂപ

കോള്‍ ഇന്ത്യ 69.26% 18.26% 15,552.28 കോടി രൂപ

ജനറല്‍ ഇന്‍ഷുറന്‍സ് 85.78% 34.78% 13,417.68 കോടി രൂപ

ഒഎന്‍ജിസി 62.98% 11.98% 12,638.37 കോടി രൂപ

എസ്ബിഐ 57.13% 6.13% 10,323.40 കോടി രൂപ

കൈമുതല്‍ ആത്മവിശ്വാസം

ധനസമാഹരണം പ്രതീക്ഷിച്ചതിലും താഴെയാണെങ്കിലും ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.3% എന്ന ധനക്കമ്മി ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. പ്രതീക്ഷയിലും കുറഞ്ഞ ചരക്കു-സേവന നികുതി വരുമാനം, കോര്‍പ്പറേറ്റ് നികുതി 25 ശതമാനത്തിലേക്ക് കുറച്ചത് എന്നിവ മൂലമുള്ള വരുമാനക്കമ്മി നികത്തുന്നതില്‍ ഓഹരിവില്‍പന നിര്‍ണായകമാവും. സാമ്പത്തിക പരിഷ്‌കരണങ്ങളോടുള്ള മോദി സര്‍ക്കാരിന്റെ താല്‍പ്പര്യം പ്രകടമാക്കുന്ന ഓഹരിവില്‍പ്പന, വിപണിയെ ഉത്തജിപ്പിക്കുമെന്നാണ് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്‌

Comments

comments

Categories: Business & Economy