ബിര്‍ളയുടെ ആസ്തി മൂന്നിലൊന്ന് ഇടിഞ്ഞു

ബിര്‍ളയുടെ ആസ്തി മൂന്നിലൊന്ന് ഇടിഞ്ഞു
  • വോഡഫോണ്‍-ഐഡിയ ലയന കമ്പനിയുടെ മോശം പ്രകടനം തിരിച്ചടിയായി
  • ആഗോളതലത്തില്‍ കമ്പനിയുടെ മറ്റ് ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയും കുറഞ്ഞു

മുംബൈ: ടെലികോം വിപണിയില്‍ മുകേഷ് അംബാനിയുമായുള്ള മല്‍പ്പിടുത്തത്തില്‍ കുമാര്‍ മംഗളം ബിര്‍ളയ്ക്ക് സാരമായ പരിക്ക്. രണ്ടു വര്‍ഷത്തിനിടെ ബിര്‍ളയുടെ ആസ്തി മൂന്നിലൊന്നാണ് ഇടിഞ്ഞത്. 2017 ല്‍ 9.1 ബില്യണ്‍ ഡോളറായിരുന്ന അദ്ദേഹത്തിന്റെ ആസ്തി ഏറ്റവു പുതിയ കണക്കനുസരിച്ച് ആറ് ബില്യണ്‍ ഡോളറിലേക്ക് താഴ്‌ന്നെന്നാണ് ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക (ബില്യണേഴ്‌സ് ഇന്‍ഡക്‌സ്) ചൂണ്ടിക്കാട്ടുന്നത്.

പ്രധാന ആസ്തികളെല്ലാം നിയന്ത്രിക്കുന്ന ആദിത്യ ബിര്‍ള ഗ്രൂപ്പിനേറ്റ കനത്ത തിരിച്ചടിയാണ് ബിര്‍ളയുടെ സ്വത്ത് ഒഴുക്കിക്കൊണ്ടുപോയിരിക്കുന്നത്. മുകേഷ് അംബാനിയുടെ ജിയോയെ പ്രഖ്യാപിച്ച ഡാറ്റ താരിഫ് യുദ്ധത്തിലാണ് ബിര്‍ളയ്ക്ക് കാലിടറിയിരിക്കുന്നത്. ജിയോയെ നേരിടാന്‍ ബ്രിട്ടീഷ് കമ്പനിയായ വോഡഫോണുമായി കൈകോര്‍ത്ത് രൂപീകരിച്ച വോഡഫോണ്‍-ഐഡിയ കമ്പനി വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത് ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു.

ഇതോടൊപ്പം ആഗോളമാന്ദ്യത്തിന്റെ ഫലമായി മറ്റു പ്രധാന വ്യവസായങ്ങളായ രാസവസ്തുക്കള്‍, ലോഹം, സിമന്റ് എന്നിവ നേരിടേണ്ടിവരുന്ന കുറഞ്ഞ ആവശ്യകതയും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ലോകത്തെ ഏറ്റവും വലിയ അലുമിനിയം, ചെമ്പ് ഉല്‍പ്പാദക കമ്പനിയായ ഹിന്‍ഡാല്‍കോയും, സിമന്റ് ഭീമനായ അള്‍ട്രാടെക്കിനെയടക്കം നിയന്ത്രിക്കുന്ന ഗ്രാസിം ഇന്‍ഡസ്ട്രീസും ബിര്‍ളയുടെ സ്വന്തമാണ്. ലോക സമ്പദ്ഘടനയിലെ മുരടിപ്പും യുഎസ്-ചൈന വ്യാപാര യുദ്ധവും ആഭ്യന്തര വിപണിയിലെ ആവശ്യകതാ ഇടിവുമെല്ലാം ചേര്‍ന്ന് കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന വ്യാവസായിക അസംസ്‌കൃസ വസ്തുക്കളുടെ വില്‍പ്പന തടസ്സപ്പെടുത്തിയിരിക്കുന്നു. അലുമിനിയത്തിന്റെയും ചെമ്പിന്റെയും വിലയിടിഞ്ഞതുമൂലം കഴിഞ്ഞ പാദത്തില്‍ ഹിന്‍ഡാല്‍കോയുടെ ലാഭത്തില്‍ 33% കുറവാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ വിപണിയിലെ മാന്ദ്യം കാരണം ഗ്രാസിമിന്റെ ഓഹരിമൂല്യത്തില്‍ 2017 ഡിസംബറിന് ശേഷം 33% ഇടിവും ഉണ്ടായി. വോഡ-ഐഡിയയില്‍ 12% ഓഹരികളുള്ളതിനാല്‍ ഗ്രാസിമിന് ആ വഴിക്കും നഷ്ടം സംഭവിച്ചു.

Categories: Business & Economy