വിശ്വരൂപം പുറത്തെടുത്ത് ടെസ്‌ല സൈബര്‍ട്രക്ക്

വിശ്വരൂപം പുറത്തെടുത്ത് ടെസ്‌ല സൈബര്‍ട്രക്ക്

മൂന്ന് വകഭേദങ്ങളില്‍ ലഭിക്കും. 800 കിലോമീറ്ററില്‍ കൂടുതലാണ് ടോപ് വേരിയന്റിന് റേഞ്ച്. ആറ് പേര്‍ക്ക് യാത്ര ചെയ്യാം

ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന ടെസ്‌ല സൈബര്‍ട്രക്ക് ഒടുവില്‍ അനാവരണം ചെയ്തു. വാഹനം മുഴുവനായും വെളിപ്പെട്ടതോടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി. അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ ഓള്‍ ഇലക്ട്രിക് പിക്കപ്പ് ട്രക്കാണ് സൈബര്‍ട്രക്ക്. രസകരമായ രൂപകല്‍പ്പനയോടെ വരുന്ന പിക്കപ്പ് ട്രക്കില്‍ ആറ് പേര്‍ക്ക് യാത്ര ചെയ്യാം. സൈബര്‍ട്രക്കിന്റെ ഡിസൈന്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്ന് വരില്ല. വാഹന രൂപകല്‍പ്പനയിലെ നടപ്പുരീതികളെ ഇലോണ്‍ മസ്‌ക് വെല്ലുവിളിച്ചെന്ന് വേണം മനസ്സിലാക്കാന്‍. 2021 ന്റ അവസാനത്തില്‍ മാത്രമേ ടെസ്‌ല സൈബര്‍ട്രക്കിന്റെ ഉല്‍പ്പാദനം ആരംഭിക്കൂ. 2022 തുടക്കത്തില്‍ ഡെലിവറി ചെയ്തുതുടങ്ങും.

മൂന്ന് വകഭേദങ്ങളില്‍ ടെസ്‌ല സൈബര്‍ട്രക്ക് ലഭിക്കും. സിംഗിള്‍ മോട്ടോര്‍, റിയര്‍ വീല്‍ ഡ്രൈവ് വേര്‍ഷനിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാം. 3,400 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ഇലക്ട്രിക് പിക്കപ്പ് ട്രക്കിന് കഴിയും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.5 സെക്കന്‍ഡ് മതി. 39,900 യുഎസ് ഡോളറാണ് ഈ വേരിയന്റിന് വില.

ഇരട്ട ഇലക്ട്രിക് മോട്ടോര്‍, ഓള്‍ വീല്‍ ഡ്രൈവ് വാഹനമാണ് രണ്ടാമത്തെ വേരിയന്റ്. 482 കിലോമീറ്ററാണ് റേഞ്ച്. 4,500 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയും. 0-100 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 4.5 സെക്കന്‍ഡ് മതി. 49,900 യുഎസ് ഡോളറാണ് വില.

മൂന്ന് ഇലക്ട്രിക് മോട്ടോറുകള്‍ സഹിതം ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തോടെ വരുന്നതാണ് ടോപ് വേരിയന്റ്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 800 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാം. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 2.9 സെക്കന്‍ഡ് മതി. അതായത് പോര്‍ഷെ 911 കാറിനേക്കാള്‍ വേഗമുള്ളതാണ് ടെസ്‌ല സൈബര്‍ട്രക്കിന്റെ ടോപ് വേരിയന്റ്. 6,350 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ഈ വേരിയന്റിന് കഴിയും. 69,000 യുഎസ് ഡോളറാണ് വില.

രൂപകല്‍പ്പനയുടെ കാര്യമെടുത്താല്‍, വേറിട്ടതും വിചിത്രവുമാണ് ടെസ്‌ല സൈബര്‍ട്രക്ക് എന്നുകാണാം. വാഹനത്തില്‍ ഉരുണ്ട പ്രതലങ്ങള്‍ ഒന്നും തന്നെയില്ല. കൂര്‍ത്ത മുനകളോടുകൂടിയതും ചെത്തിയെടുത്തതുപോലെയുമാണ് മൊത്തത്തിലുള്ള രൂപകല്‍പ്പന. മുന്‍വശത്ത് ഒരറ്റത്തുനിന്ന് മറ്റേയറ്റം വരെ നീളത്തില്‍ എല്‍ഇഡി ലൈറ്റ് ബാന്‍ഡ് നല്‍കിയിരിക്കുന്നു. മുകളിലേക്ക് കൂര്‍ത്തതുപോലെയാണ് റൂഫ്. കോണുകളോടുകൂടിയതാണ് വീല്‍ ആര്‍ച്ചുകള്‍. അകത്തെ രൂപകല്‍പ്പന പരിമിതമാണ്. എല്ലാ ഇന്‍-കാര്‍ ഫംഗ്ഷനുകള്‍ക്കുമായി 17 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ടാബ്‌ലറ്റ് നല്‍കിയിരിക്കുന്നു.

6.5 അടി നീളമുള്ളതാണ് കാര്‍ഗോ കൊണ്ടുപോകുന്നതിനുള്ള ഭാഗം. ഏകദേശം നൂറ് ഘനയടിയാണ് സംഭരണ ഇടം. ഓഫ് റോഡ് ശേഷികളോടുകൂടിയാണ് ടെസ്‌ല സൈബര്‍ട്രക്ക് വരുന്നത്. 406 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. നാലിടങ്ങളിലും അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നു. അപ്രോച്ച് ആംഗിള്‍, ഡിപ്പാര്‍ച്ചര്‍ ആംഗിള്‍ എന്നിവ യഥാക്രമം 35 ഡിഗ്രി, 28 ഡിഗ്രിയാണ്. വളരെ ദൃഢതയേറിയ കോള്‍ഡ് റോള്‍ഡ് സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് സൈബര്‍ട്രക്കിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നതെന്ന് ടെസ്‌ല അറിയിച്ചു. ചെറിയ തോക്കുകളില്‍നിന്നുള്ള വെടിയുണ്ടകള്‍ പ്രതിരോധിക്കാന്‍ വാഹനത്തിന് കഴിയും. വന്‍ചുറ്റിക അഥവാ കൂടം കൊണ്ടുള്ള അടിയും തൃണവല്‍ഗണിക്കും.

Categories: Auto