ടെലികോം പ്രതിസന്ധി; സമാശ്വാസ നടപടി പ്രതീക്ഷിച്ചതിലും താഴെയെന്ന് വാദം

ടെലികോം പ്രതിസന്ധി; സമാശ്വാസ നടപടി പ്രതീക്ഷിച്ചതിലും താഴെയെന്ന് വാദം
  • 42,000 കോടി രൂപയുടെ സ്‌പെക്ട്രം പേമെന്റുകള്‍ അടയ്ക്കാനുള്ള സമയം നീട്ടി നല്‍കിയത് കമ്പനികള്‍ക്ക് ഗുണം ചെയ്യും
  • എന്നാല്‍ മേഖലയുടെ പ്രശ്‌നങ്ങള്‍ക്കുള്ള മൗലികപരമായ പരിഹാരമല്ല ഇതെന്ന് വിപണി വിദഗ്ധര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ടെലികോം മേഖല അഭിമുഖീകരിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വ്യാഴാഴ്ച്ചയാണ് അംഗീകാരം നല്‍കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ടെലികോം വ്യവസായത്തിന് ആശ്വാസകരമാണ് സര്‍ക്കാര്‍ നടപടിയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇതിനേക്കാളും മേഖല പ്രതീക്ഷിച്ചിരുന്നതായാണ് വാദങ്ങള്‍. അതിനാലാണ് വ്യാഴാഴ്ച്ച ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ കമ്പനികളുടെ ഓഹരി വിലയില്‍ കുതിപ്പില്ലാതിരുന്നതെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

സ്പെക്ട്രം ലേലത്തിന്റെ 2020-21 ലേയും 2021-22ലേയും തുക നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ടെലികോം സേവന ദാതാക്കള്‍ക്ക് വാര്‍ത്താ വിനിമയ വകുപ്പ് ഒരു വര്‍ഷത്തേക്കോ, അല്ലെങ്കില്‍ രണ്ടുവര്‍ഷത്തേക്കോ അവസരം നല്‍കും. കുടിശിക വരുത്തിയ തുക, ടെലികോം സേവന ദാതാക്കള്‍ നല്‍കേണ്ടുന്ന ബാക്കി ഗഡുക്കള്‍ തുല്യമായി വകുപ്പ് വീതിക്കും. പലിശ സംബന്ധിച്ച് സ്‌പെക്ട്രം ലേല സമയത്ത് നിശ്ചയിച്ച പലിശ ഈടാക്കും.

മാറ്റിവയ്ക്കപ്പെട്ട സ്പെക്ട്രം ലേല ഗഡുക്കള്‍ ടെലികോം സേവന ദാതാക്കളുടെ സാമ്പത്തിക സമ്മര്‍ദ്ദം കുറ്ക്കാന്‍ സഹായിക്കുകയും അതുവഴി നിയമപരമായ ബാദ്ധ്യതകളും ബാങ്ക് വായ്പകളുടെ പലിശകളും അടയ്ക്കാന്‍ സൗകര്യമുണ്ടാക്കുകയും ചെയ്യും. ടെലികോം സേവന ദാതാക്കളുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ തൊഴിലും സാമ്പത്തികവളര്‍ച്ചയും പ്രോത്സാഹിപ്പിക്കപ്പെടുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ടെലികോം സേവന ദാതാക്കളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള സേവനം നല്‍കുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

രണ്ടുവര്‍ഷത്തെ കുടിശികയുള്ള സ്പെക്ട്രം തേിരിച്ചടവ് ഗഡുക്കളാക്കി മാറ്റുന്നത് രണ്ടാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കും. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രിയുടെ അംഗീകാരത്തോടെ ഭേദഗതി ചെയ്ത ലൈസന്‍സുകള്‍ എത്രയും വേഗം വിതരണം ചെയ്യുമെന്നും മോദി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സെപ്്റ്റംബര്‍ പാദത്തില്‍ വോഡഫോണ്‍ ഐഡിയയുടെ സ്‌പെക്ട്രം യൂസേജ്, ലൈസന്‍സ് ഫീ ഇനത്തിലെ തുക 1,114 കോടി രൂപയാണ്. കമ്പനിയുടെ പ്രവര്‍ത്തന നഷ്ടത്തിന്റെ 37 ശതമാനം വരുമിത്. ഭാരതി എയര്‍ടെലിന്റെ ലൈസന്‍സ് ഫീ, റെവന്യൂ വിഹിതം, സെപ്ക്ട്രം ചാര്‍ജുകള്‍ 1,325 കോടി രൂപയാണ്. പ്രവര്‍ത്തന നഷ്ടമാകട്ടെ 1,144 കോടി രൂപയും.

സര്‍ക്കാരിന്റെ ആശ്വാസ നടപടിക്കൊപ്പം താരിഫ് നിരക്കുകളിലെ വര്‍ധന കൂടി വരുമ്പോള്‍ ടെലികോം കമ്പനികളിലെ പണമൊഴുക്ക് കൂടുമെന്നാണ് വിലയിരുത്തല്‍. വാര്‍ഷികാടിസ്ഥാനത്തില്‍ വോഡഫോണ്‍ ഇന്ത്യക്ക് ഇത് 12,000 കോടി രൂപയുടെയും ഭാരതി എയര്‍ടെലിന് 8,300 കോടി രൂപയുടെയും ആശ്വാസം നല്‍കും.

സെപ്റ്റംബര്‍ പാദത്തില്‍ വോഡഫോണ്‍ ഐഡിയയും എയര്‍ടെലും വമ്പന്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്. വോഡഫോണ്‍ ഐഡിയയുടെ നഷ്ടം 50,922 കോടി രൂപയായിരുന്നു, എയര്‍ടെലിന്റേത് 23,045 കോടി രൂപയും.

താരിഫ് നിരക്ക് എത്രമാത്രം കൂടും?

ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ വര്‍ധന വരുത്തുമെന്ന് എയര്‍ടെലും വോഡഫോണ്‍ ഐഡിയയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ റിലയന്‍സ് ജിയോ നിരക്ക് കൂട്ടുമോയെന്നാണ് വിപണി കാര്യമായി ഉറ്റ് നോക്കുന്നത്. ജിയോയുടെ നിരക്ക് വര്‍ധന അവരുടെ വിശ്വാസ്യതയെ ബാധിക്കുമോയെന്ന ഭയം ചിലരെങ്കിലും പങ്കുവെക്കുന്നുണ്ട്. ഒപ്പം മറ്റ് ടെലികോം കമ്പനികളുടെ നിരക്കുകളും ജിയോയുടെ നിരക്കും തമ്മില്‍ കാര്യമായ വ്യത്യാസമില്ലാതെയായാല്‍ ജിയോയുടെ ആകര്‍ഷണീയത കുറയുമോയെന്ന വിലയിരുത്തലും വരുന്നുണ്ട്. മറ്റ് നെറ്റ് വര്‍ക്കുകളിലെ നമ്പുറുകളിലേക്ക് ഫോണ്‍ ചെയ്യുന്നതിന് നിരക്കേര്‍പ്പെടുത്തിയ ജിയോയുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമുണ്ടായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദം മുതല്‍ വോഡഫോണ്‍ ഐഡിയയും എയര്‍ടെലും തങ്ങളുടെ വരിക്കാരോട് പ്രതിമാസം ചുരുങ്ങിയത് 35 രൂപയ്‌ക്കെങ്കിലും റീചാര്‍ജ് ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. എന്നാല്‍ ഇത് വലിയ തോതില്‍ വരിക്കാരെ നഷ്ടപ്പെടുന്നതിനാണ് വഴിവെച്ചത്. എന്നല്‍ അതിന് ശേഷം ജിയോയും പയ്യെ നിരക്ക് വര്‍ധന വരുത്തിയെന്നതാണ് യാഥാര്‍ത്ഥ്യം. സൗജന്യ കോളുകളെന്ന് പറഞ്ഞ് സേവനം ആരംഭിച്ച കമ്പനി മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുള്ള ഫോണ്‍വിളികള്‍ക്ക് നിരക്കേര്‍പ്പെടുത്തിയത് വൈരുദ്ധ്യവുമായി.

എത്രമാത്രം നിരക്ക് വര്‍ധനയുണ്ടാകുമെന്ന് കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഏറ്റവും ചുരുങ്ങിയത് 10 ശതമാനം നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയാല്‍ തന്നെ ടെലികോം കമ്പനികളുടെ പ്രവര്‍ത്തന ലാഭം 20-37 ശതമാനം ഉയരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തലുകള്‍. പ്രവര്‍ത്തന ലാഭത്തില്‍ വര്‍ധനവുണ്ടാകുന്നത് സര്‍ക്കാരിലേക്കുള്ള കുടിശ്ശിക അടച്ചുതീര്‍ക്കുന്നതിന് കമ്പനികളെ സഹായിക്കുകയും ചെയ്യും.

10 %

താരിഫ് നിരക്കുകളില്‍ 10 ശതമാനം വര്‍ധന വന്നാല്‍ തന്നെ കമ്പനികളുടെ പ്രവര്‍ത്തനലാഭത്തില്‍ 20-37 ശതമാനം വര്‍ധനയുണ്ടാകും

35

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദം മുതല്‍ ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും മിനിമം 35 രൂപയുടെ പ്രതിമാസ റിചാര്‍ജ് പദ്ധതി കൊണ്ടുവന്നിരുന്നു

പാദാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ഇന്ത്യന്‍ കമ്പനികള്‍

കമ്പനി പാദം നഷ്ടം (കോടി രൂപയില്‍)

വോഡഫോണ്‍ ഐഡിയ സെപ്റ്റംബര്‍, 19 50,922

ടാറ്റ മോട്ടോഴ്‌സ് ഡിസംബര്‍, 18 26,993

ഭാരതി എയര്‍ടെല്‍ സെപ്റ്റംബര്‍, 19 23,045

ഐഒസി ജൂണ്‍, 12 22,451

ടാറ്റ സ്റ്റീല്‍ ബിഎസ്എല്‍ മാര്‍ച്ച്, 18 21,253

Categories: FK News, Slider