2023ഓടെ റഷ്യന്‍ സഞ്ചാരികളില്‍ നിന്നും ജിസിസി രാജ്യങ്ങളിലേക്ക് ഒഴുകുക 1.22 ബില്യണ്‍ ഡോളര്‍

2023ഓടെ റഷ്യന്‍ സഞ്ചാരികളില്‍ നിന്നും ജിസിസി രാജ്യങ്ങളിലേക്ക് ഒഴുകുക 1.22 ബില്യണ്‍ ഡോളര്‍

ജിസിസി രാജ്യങ്ങളിലേക്കുള്ള റഷ്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ധനവുണ്ടാകും

ദുബായ്: 2023ഓടെ റഷ്യന്‍ സഞ്ചാരികളില്‍ നിന്നും ജിസിസി രാഷ്ട്രങ്ങള്‍ക്ക് യാത്രാ,വിനോദ സഞ്ചാരമേഖലയില്‍ 1.22 ബില്യണ്‍ ഡോളര്‍ വരുമാനം ലഭിക്കുമെന്ന് കൊള്ളിയേഴ്‌സ് റിപ്പോര്‍ട്ട്. 2018നെ അപേക്ഷിച്ച് ജിസിസി രാജ്യങ്ങളിലേക്കുള്ള റഷ്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ധനവ് ഈ കാലയളവില്‍ ഉണ്ടാകുമെന്നാണ് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് 2020ക്ക് മുമ്പായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൊള്ളിയേഴ്‌സ് ഇന്റെര്‍നാഷ്ണല്‍ വ്യക്തമാക്കി.

ജിസിസി രാജ്യങ്ങളില്‍ റഷ്യന്‍ സഞ്ചാരികളില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനം സ്വന്തമാക്കുക യുഎഇയാണ്. 2023ഓടെ റഷ്യന്‍ സഞ്ചാരികള്‍ രാജ്യത്ത് ചിലവഴിക്കുന്ന ടൂറിസം ചിലവുകള്‍ 1.153 ബില്യണ്‍ ഡോളറായി വര്‍ധിക്കും. ഇവരുടെ ഓരോ ട്രിപ്പിലും യുഎഇയിലെ ടൂറിസം മേഖലയില്‍ ചിലവഴിക്കപ്പെടുന്ന ശരാശരി തുക 1,600 ഡോളറില്‍ നിന്നും 1,750 ആയി വര്‍ധിക്കും. 2018ല്‍ 578,000 റഷ്യന്‍ സഞ്ചാരികളാണ് യുഎഇയിലെത്തിയത്. 2023 ആകുമ്പോഴേക്കും 4.2 ശതമാനത്തിന്റെ സംയുക്ത വാര്‍ഷിക വളര്‍ച്ചാനിരക്കുമായി ഇത് 688,300 ആകുമെന്നാണ് കൊള്ളിയേഴ്‌സ് ഇന്റെര്‍നാഷ്ണല്‍ പ്രവചിക്കുന്നത്. ഈ വര്‍ധനവ് കണക്കിലെടുത്ത് റഷ്യന്‍ പൗരന്മാര്‍ക്ക് യുഎഇ വിസാചട്ടങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ വിമാനസര്‍വീസുകള്‍ക്ക് തുടക്കമിടുകയും ചെയ്തിരുന്നു. യുഎഇയിക്കും റഷ്യയിലെ സോചിക്കുമിടയില്‍ ഗള്‍ഫ് മേഖലയില്‍ ഫ്‌ളൈദുബായ് ആദ്യമായി നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിച്ചത് ഇതിനുദാഹരണമാണ്. കൂടാതെ, എമിറേറ്റ്‌സും ഇത്തിഹാദ് എയര്‍വേയ്‌സും റഷ്യയ്ക്കും യുഎഇക്കുമിടയിലുള്ള വിമാനസര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു.

റഷ്യന്‍ സഞ്ചാരികളില്‍ നിന്നുള്ള വരുമാനത്തില്‍ യുഎഇക്ക് ശേഷം രണ്ടാംസ്ഥാനത്ത് സൗദി അറേബ്യയും ഒമാനുമായിരിക്കും. യഥാക്രമം 28,659,600 ഡോളര്‍, 21,788,000 ഡോളര്‍ എന്നിങ്ങനെ ആയിരിക്കും 2023ഓടെ ഇവര്‍ ഈ രാജ്യങ്ങളില്‍ ചിലവഴിക്കുക.

സമീപകാലത്തായി സൗദിയില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളും ടൂറിസം ഇ-വിസ സേവനങ്ങളും റെഡ് സീ , അമാല തുടങ്ങിയ ഗിഗാ പദ്ധതികളും രാജ്യത്തെ ടൂറിസം മേഖലയില്‍ റഷ്യന്‍ സഞ്ചാരികളുടെ ചിലവിടല്‍ കൂടാന്‍ കാരണമാകും. ടൂറിസം രംഗത്തെ വന്‍കിട ആഢംബര പദ്ധതികളിലൂടെ സമ്പന്നരെ ലക്ഷ്യമിടുന്ന സൗദി രാജ്യത്ത് താമസമാക്കിയ ശതകോടീശ്വരരുടെ എണ്ണത്തില്‍ ലോകത്തില്‍ നാലാംസ്ഥാനത്തുള്ള റഷ്യയില്‍ നിന്നുള്ള സഞ്ചാരികളെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. 2018ല്‍ 15,200 റഷ്യന്‍ സഞ്ചാരികളാണ് സൗദിയിലെത്തിയത്. 2023 ആകുമ്പോഴേക്കും 3.2 ശതമാനം വളര്‍ച്ചയുമായി ഇത് 17,100 ആകുമെന്നാണ് പ്രവചനം.

2023ഓടെ റഷ്യന്‍ സഞ്ചാരികളുടെ എണ്ണത്തിലുള്ള വര്‍ധനവില്‍ ജിസിസിയില്‍ രണ്ടാം സ്ഥാനം ഒമാനായിരിക്കുമെന്നും കൊള്ളിയേഴ്‌സ് പറയുന്നു. 2018നെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തില്‍ 4 ശതമാനം വളര്‍ച്ചയുമായി ഏതാണ്ട് 13,000 റഷ്യക്കാരാണ് 2023ഓടെ ഒമാനിലെത്തുക.

Comments

comments

Categories: Arabia