ഒക്‌റ്റോബറില്‍ പൊതുമേഖലാ ബാങ്കുകള്‍ അനുവദിച്ചത് 2.5 ലക്ഷം കോടി രൂപയുടെ വായ്പ

ഒക്‌റ്റോബറില്‍ പൊതുമേഖലാ ബാങ്കുകള്‍ അനുവദിച്ചത് 2.5 ലക്ഷം കോടി രൂപയുടെ വായ്പ

മൊത്തം വായ്പാ വിതരണത്തിന്റെ 40,504 കോടി രൂപയാണ് കാര്‍ഷിക വായ്പകള്‍

ന്യൂഡെല്‍ഹി: : രാജ്യത്തെ 374 ജില്ലകളിലായി സംഘടിപ്പിച്ച വായ്പാ വിതരണ മേളകളുടെ ഫലമായി ഒക്‌റ്റോബറില്‍ പൊതുമേഖലാ ബാങ്കുകള്‍(പിഎസ്ബി) നടത്തിയത് റെക്കോഡ് വായ്പാ വിതരണം. 2.53 ലക്ഷം കോടി രൂപയുടെ വായ്പയാണ് കഴിഞ്ഞ മാസം നല്‍കിയിട്ടുള്ളത്. കോര്‍പ്പറേറ്റുകള്‍ക്കുള്ള വായ്പ 1.23 ലക്ഷം കോടി രൂപയാണ്. വിതരണം ചെയ്ത മൊത്തം തുകയുടെ 48.6 ശതമാനം ആണിത്. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്ക് (എന്‍ബിഎഫ്‌സി) 19,627.3 കോടി രൂപ വിതരണം ചെയ്തു, അതില്‍ 15,297.2 കോടി രൂപ വായ്പ നല്‍കുന്നതിനും ഭാവിയിലെ വായ്പാ ആവശ്യകതകള്‍ക്കുമായാണ് എന്‍ബിഎഫ്‌സികള്‍ വിനിയോഗിക്കുന്നത്.
‘പൊതു മേഖലാ ബാങ്കുകള്‍ ഉപഭോക്താക്കളിലേക്ക് സജീവമായി എത്തിച്ചേരുകയും വിവേകപൂര്‍ണമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വായ്പ അനുവദിക്കല്‍ നിര്‍വഹിക്കുകയും ചെയ്തു. ഇത്തരം ക്യാപുകളുടെ ഭാഗമല്ലാതിരുന്ന ശാകളും ഉപയോക്താക്കളിലേക്ക് എത്തിച്ചേരുന്നതിന് കഴിഞ്ഞ മാസം സജീവമായ ശ്രമങ്ങള്‍ നടത്തി.’ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതിയ ടേം വായ്പകളില്‍ 1.06 ലക്ഷം കോടി രൂപയും പുതിയ പ്രവര്‍ത്തന മൂലധന വായ്പകളില്‍ 46,800 കോടി രൂപയുമാണ് പിഎസ്ബികള്‍ ഈ മാസം നല്‍കിയത്.

മൊത്തം വായ്പാ വിതരണത്തിന്റെ 40,504 കോടി രൂപയാണ് കാര്‍ഷിക വായ്പകള്‍. 37,210 കോടി രൂപയാണ് എംഎസ്എംഇകള്‍ക്ക് വായ്പ നല്‍കിയത്. ഭവനവായ്പയ്ക്ക് 12,166 കോടി രൂപയും വാഹന വായ്പകള്‍ക്ക് 7,085 കോടി രൂപയും മറ്റ് വ്യക്തിഗത വായ്പകള്‍ക്ക് 15,250 കോടി രൂപയും പിഎസ്ബികള്‍ നല്‍കിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയിലെ പണമൊഴുക്ക് ദുര്‍ബലാവസ്ഥയിലാണ് എന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വായ്പാ വിതരണ മേളകള്‍ സംഘടിപ്പിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഒക്‌റ്റോബറില്‍ എന്‍ബിഎഫ്‌സികളുടെ 1,453.16 കോടി രൂപ മൂല്യം വരുന്ന നിഷ്‌ക്രിയാസ്തികള്‍ പിഎസ്ബികള്‍ വാങ്ങി. കൂടാതെ സര്‍ക്കാരിന്റെ ഭാഗിക വായ്പാ ഗ്യാരണ്ടി പദ്ധതി പ്രകാരം 2,876.95 കോടി രൂപയുടെ ആസ്തികളും എന്‍ബിഎഫ്‌സികളില്‍ നിന്ന് വാങ്ങിയിട്ടുണ്ട്.

Comments

comments

Categories: Banking