പി നോട്ട് വഴിയുള്ള നിക്ഷേപങ്ങളില്‍ ഒക്‌റ്റോബറില്‍ വര്‍ധന

പി നോട്ട് വഴിയുള്ള നിക്ഷേപങ്ങളില്‍ ഒക്‌റ്റോബറില്‍ വര്‍ധന

പി-നോട്ടുകള്‍ വിതരണം ചെയ്യുന്നതിനുള്ള ചട്ടക്കൂട് ലളിതമാക്കുന്നതിനുള്ള നിര്‍ദേശത്തിന് ജൂലൈയില്‍ സെബി ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു

ന്യൂഡെല്‍ഹി: തുടര്‍ച്ചയായ നാല് മാസം ഇടിവ് നേരിട്ട ശേഷം ഇന്ത്യന്‍ മൂലധന വിപണിയില്‍ പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ (പി-നോട്ടുകള്‍) വഴിയുള്ള നിക്ഷേപം ഒക്‌റ്റോബറില്‍ വര്‍ധന പ്രകടമാക്കി. 76,773 കോടി രൂപയായാണ് ഒക്‌റ്റോബര്‍ അവസാനത്തിലെ കണക്ക് പ്രകാരം പി നോട്ട് നിക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാതെ നിക്ഷേപം നടത്താനുള്ള അവസരമാണ് പി- നോട്ടുകള്‍. രജിസ്റ്റര്‍ ചെയ്ത വിദേശ പോര്ട്ട്‌ഫോളിയൊ നിക്ഷേപകരാണ് (എഫ്പിഐ) പി-നോട്ടുകള്‍ നല്‍കുന്നത്.

വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബ്യൂറോ ഓഫ് ഇന്ത്യ(സെബി)യുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം ജൂണ്‍ മുതല്‍ പി- നോട്ട് നിക്ഷേപങ്ങള്‍ കുറഞ്ഞുവരികയായിരുന്നു. പി-നോട്ടുകള്‍ വഴിയുള്ള മൊത്തം നിക്ഷേപത്തിന്റെ മൂല്യം സെപ്റ്റംബര്‍ അവസാനത്തില്‍ 76,611 കോടി രൂപയായിരുന്നു. ഓഗസ്റ്റ് അവസാനത്തിലെ കണക്ക് പ്രകാരം പി-നോട്ടുകളിലൂടെ മൊത്തം 79,088 കോടി രൂപയുടെ നിക്ഷേപമാണ് രേഖപ്പെടുത്തിയിരുന്നത്.

ജൂലൈ അവസാനത്തില്‍ ഇത് 81,082 കോടി രൂപയായിരുന്നു. ജൂണ്‍ അവസാനത്തില്‍ 81,913 കോടി രൂപയും മെയ് അവസാനത്തില്‍ 82,619 കോടി രൂപയുമായിരുന്നു പി-നോട്ട് വഴിയുള്ള നിക്ഷേപങ്ങളായി രേഖപ്പെടുത്തിയിരുന്നത്. ഒക്‌റ്റോബര്‍ അവസാനം വരെ നടന്ന മൊത്തം പി-നോട്ട് നിക്ഷേപങ്ങളില്‍ 52,753 കോടി രൂപയും ഇക്വിറ്റികളിലാണ് 23,316 കോടി രൂപ ഡെറ്റ് വിഭാഗത്തിലും 704 കോടി രൂപ ഡെറിവേറ്റീവ് വിഭാഗങ്ങളിലുമായും നിക്ഷേപിക്കപ്പെട്ടു.

പി-നോട്ടുകള്‍ വിതരണം ചെയ്യുന്നതിനുള്ള ചട്ടക്കൂട് ലളിതമാക്കുന്നതിനുള്ള നിര്‍ദേശത്തിന് ഇക്കഴിഞ്ഞ ജൂലൈയില്‍ സെബി ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. പി-നോട്ടുകളുടെ ഉപയോഗം 2017 മുതല്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 2018 ഒക്‌റ്റോബര്‍ അവസാനം ഇത് ഒന്‍പതര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 66,587 കോടി രൂപയില്‍ എത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന് എന്തെങ്കിലും തരത്തില്‍ പി- നോട്ട് ദുരുപയോഗം ഉണ്ടോയെന്ന് പരിശോധിക്കാന്‍ ഓരോ നിക്ഷേപ ഉപകരണത്തിനും 1,000 ഡോളര്‍ ഫീസ് നിശ്ചയിച്ചു കൊണ്ട് കര്‍ശനമായ മാര്‍ഗ നിര്‍ദേശം സെബി 2017 ജൂലൈയില്‍ പുറപ്പെടുവിച്ചതാണ് ഇതിന് കാരണമായത്.

Comments

comments

Categories: FK News