കുറ്റം ചുമത്തിയെങ്കിലും ഇസ്രയേലില്‍ ബിബിക്ക് ആശ്വാസം

കുറ്റം ചുമത്തിയെങ്കിലും ഇസ്രയേലില്‍ ബിബിക്ക് ആശ്വാസം
  • ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് ഇസ്രയേല്‍
  • പുതിയ സര്‍ക്കാര്‍ അധികാരമേറുന്നതുവരെ നെതന്യാഹുവിന് ഭയക്കേണ്ട സാഹചര്യമില്ല
  • ഇസ്രയേലില്‍ ഏറ്റവും കൂടുതല്‍ പ്രധാനമന്ത്രിസ്ഥാനത്തിരുന്നത് നെതന്യാഹുവാണ്

ടെല്‍ അവീവ്: കഴിഞ്ഞ ദിവസമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതികുറ്റം ചുമത്തിയത്. കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ മൂന്ന് കുറ്റങ്ങള്‍ നെതന്യാഹുവിനെതിരെ ചുമത്തുകയാണെന്ന് അറ്റോര്‍ണി ജനറല്‍ അവിചായ് മെന്‍ഡല്‍ബ്ലിറ്റാണ് പറഞ്ഞത്. നെതന്യാഹുവും ഭാര്യ സാറയും രാഷ്ട്രീയ ആനുകൂല്യങ്ങള്‍ക്ക് പകരമായി ഉപഹാരങ്ങള്‍ സ്വീകരിച്ചെന്നും പ്രധാനമന്ത്രിക്ക് അനുകൂലമായ വാര്‍ത്തകള്‍ നല്‍കിയതിന് പകരമായി രണ്ട് മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്തുവെന്നുമാണ് പ്രധാന ആരോപണങ്ങള്‍.

എന്നാല്‍ ഇസ്രയേലില്‍ നിലവിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ കരാണം ഈ കേസുകള്‍ കോടതിയിലെത്താന്‍ നിരവധി മാസങ്ങളെടുക്കും. സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെയും സര്‍ക്കാരുണ്ടാക്കാന്‍ ഒരു പാര്‍ട്ടിക്കും സാധിച്ചിട്ടില്ല. ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ലഭിച്ചത് ബെന്നി ഗാന്റ്‌സിനായിരുന്നു. എന്നാല്‍ 28 ദിവസമാണ് അദ്ദേഹത്തിന് അനുവധിച്ചത്. അതിനുള്ളില്‍ ഭൂരിപക്ഷം ഉറപ്പിച്ച് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചില്ല.

ഇസ്രയേലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാകുന്നത്. 21 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രിയാര് എന്നത് സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് കൂടി ഇസ്രയേല്‍ പോകും. അങ്ങനെ സംഭവിച്ചാല്‍ ഒരു വര്‍ഷത്തിനിടെ മൂന്ന് പൊതുതെരഞ്ഞെടുപ്പുകള്‍ എന്ന അപൂര്‍വതയിലേക്ക് ഇസ്രയേല്‍ നീങ്ങും. പുതിയൊരു സര്‍ക്കാര്‍ വരുന്നതുവരെ പ്രധാനമന്ത്രി സ്ഥാനത്ത് നെതന്യാഹു തുടരാനാണ് സാധ്യത. അതേസമയം കുറ്റം ചുമത്തിയെങ്കിലും താന്‍ രാജിവെക്കില്ലെന്ന നിലപാടിലാണ് നെതന്യാഹു.

2009 മുതല്‍ ഇസ്രയേലിന്റെ പ്രധാനമന്ത്രിപദത്തിലിരിക്കുകയാണ് ബെഞ്ചമിന്‍ നെതന്യാഹു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാത്രമേ നെതന്യാഹുവിനെതിരെ നടപടികളുണ്ടാകാന്‍ സാധ്യതയുള്ളൂ. അതിനായി ഏറ്റവും ചുരുങ്ങിയത് നാല് മാസങ്ങളെങ്കിലുമെടുക്കും.

സെപ്റ്റംബര്‍ 17ന് നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടിക്ക് 31 സീറ്റാണ് ലഭിച്ചത്. ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്ക് 32 സീറ്റും ലഭിച്ചു. കേവല ഭൂരിപക്ഷത്തിനു വേണ്ടതാകട്ടെ 60 സീറ്റുകളാണ്. അതിന് മുമ്പ് ഏപ്രില്‍ മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല.

Comments

comments

Categories: Politics

Related Articles