ബാങ്കിംഗ് മേഖലയില്‍ ശുഭാപ്തി വിശ്വാസം: മോര്‍ഗന്‍ സ്റ്റാന്‍ലി

ബാങ്കിംഗ് മേഖലയില്‍ ശുഭാപ്തി വിശ്വാസം: മോര്‍ഗന്‍ സ്റ്റാന്‍ലി

സമീപകാല നിയമ ഇടപെടലുകള്‍, കമ്പനികളില്‍ നിന്ന് വായ്പാ കുടിശിക തിരികെ പിടിക്കാനുള്ള ബാങ്കുകളുടെ ശേഷി മെച്ചപ്പെടുത്തും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ബാങ്കിംഗ് മേഖല ഉടനെതന്നെ ഒരു വഴിത്തിരിവിന് സാക്ഷ്യം വഹിച്ചേക്കുമെന്ന് ആഗോള ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. സമീപകാല നിയമ ഇടപെടലുകള്‍, വായ്പ നല്‍കിയ പണം പാപ്പരായ കമ്പനികളില്‍ നിന്ന് തിരികെ പിടിക്കാനുള്ള ബാങ്കുകളുടെ ശേഷി മെച്ചപ്പെടുത്തുമെന്ന് മോര്‍ഗന്‍ സ്റ്റാലി ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ റിദ്ധാം ദേശായി പറഞ്ഞു. ഇന്ത്യയിലെ ബാങ്കിംഗ് മേഖലയില്‍ ശുഭാപ്തി വിശ്വാസമാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വായ്പ എടുത്ത തുക തിരിച്ചടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പാപ്പരത്ത കേസിലകപ്പെട്ട എസ്സാര്‍ സ്റ്റീലിനെ വാങ്ങാനുള്ള ആര്‍സലര്‍മിത്തല്‍ പദ്ധതിക്ക് സുപ്രീം കോടതി കഴിഞ്ഞ ദിവസം പച്ചക്കൊടി കാട്ടിയിരുന്നു. ബാങ്കുകളെ ശാക്തീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 2016 ല്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പാപ്പരത്ത നിയമത്തെച്ചൊല്ലിയുള്ള നിരവധി തര്‍ക്കങ്ങളും സുപ്രീം കോടതി ഇടപെടലോടെ പരിഹരിക്കപ്പെട്ടതായി ദേശായി വ്യക്തമാക്കി. സുപ്രീം കോടതി വിധി മേഖലയില്‍ മാറ്റങ്ങളുണ്ടാക്കുമെന്നും ദേശായി കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ തന്നെ ഏറ്റവും മോശം വായ്പാ തിരിച്ചടവ് പ്രശ്‌നങ്ങളാല്‍ കഷ്ടപ്പെടുന്ന ഇന്ത്യന്‍ ബാങ്കുകള്‍ക്ക്, എന്‍ബിഎഫ്‌സികളില്‍ നിന്നുള്ള കിട്ടാക്കടം തിരികെ പിടിക്കുന്നതിന് ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy