വിപുലീകരണ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ഹീറോ ഇലക്ട്രിക്

വിപുലീകരണ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ഹീറോ ഇലക്ട്രിക്

മുന്‍ നിശ്ചയിച്ചതുപോലെ മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 കോടി രൂപയുടെ നിക്ഷേപം നടത്തും

ന്യൂഡെല്‍ഹി: വാഹന വ്യവസായത്തിലെ തളര്‍ച്ചയില്‍ തട്ടിനില്‍ക്കാതെ വിപുലീകരണ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ഹീറോ ഇലക്ട്രിക്. നേരത്തെ നിശ്ചയിച്ചതുപോലെ, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഹീറോ ഇലക്ട്രിക് തീരുമാനിച്ചു. പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിക്കുന്നതിനും ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ തുക വിനിയോഗിക്കും. ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ നേതൃസ്ഥാനം നിലനിര്‍ത്തുകയാണ് ലക്ഷ്യം.

നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞിരുന്നു. എന്നാല്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ആവശ്യകത ഗണ്യമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്റ്റര്‍ നവീന്‍ മുഞ്ജാല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ കാരണം ആദ്യ കുറച്ച് മാസങ്ങളില്‍ മന്ദഗതിയിലായിരുന്നുവെന്ന് മുഞ്ജാല്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തിരികെ ട്രാക്കിലായി. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ വളര്‍ച്ച കൈവരിക്കുമെന്ന് നവീന്‍ മുഞ്ജാല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

നിലവില്‍ ലുധിയാനയില്‍ മാത്രമാണ് ഹീറോ ഇലക്ട്രിക്കിന് പ്ലാന്റ് ഉള്ളത്. ഇവിടെ വര്‍ഷം തോറും 80,000-90,000 വാഹനങ്ങള്‍ നിര്‍മിക്കാന്‍ കഴിയും. ഇന്ത്യയില്‍ രണ്ടാമത്തെ പ്ലാന്റ് സ്ഥാപിക്കുന്നതിന് സ്ഥലം തേടിക്കൊണ്ടിരിക്കുകയാണ് ഹീറോ ഇലക്ട്രിക്. ബജാജ് ഓട്ടോ പോലുള്ള ബ്രാന്‍ഡുകള്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ പ്രവേശിക്കുന്നത് നല്ല കാര്യമാണെന്ന് ഹീറോ ഇലക്ട്രിക് എംഡി പറഞ്ഞു.

Comments

comments

Categories: Auto