ആഗോള ഫാഷന്‍ വിപണിയില്‍ വളര്‍ച്ചാ പ്രതിസന്ധി തുടരും; കരുത്ത് കാട്ടി ഗള്‍ഫ് വിപണി

ആഗോള ഫാഷന്‍ വിപണിയില്‍ വളര്‍ച്ചാ പ്രതിസന്ധി തുടരും; കരുത്ത് കാട്ടി ഗള്‍ഫ് വിപണി
  • ജിസിസി മേഖലയില്‍ 55 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വില്‍പ്പന
  • ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള പ്രതിശീര്‍ഷ ചിലവിടലിലും ജിസിസി വിപണി ഒന്നാമത്

ദുബായ്: ആഗോള ഫാഷന്‍ വിപണി വളര്‍ച്ചാ പ്രതിസന്ധി നേരിടുമ്പോഴും 50 ബില്യണ്‍ ഡോളറിന്റെ (184 ബില്യണ്‍ ദിര്‍ഹം) വാര്‍ഷിക വില്‍പ്പനയും ഫാഷന്‍ രംഗത്ത് ലോകത്തിലെ ഏറ്റവും കൂടിയ പ്രതിശീര്‍ഷ ചിലവിടലുമായി ജിസിസി ഫാഷന്‍ വിപണി ജൈത്രയാത്ര തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മക്കിന്‍സേയുടെ നാലാമത് വാര്‍ഷിക ‘ദ സ്‌റ്റേറ്റ് ഓഫ് ഫാഷന്‍’ റിപ്പോര്‍ട്ടിലാണ് ആഗോള ഫാഷന്‍ വിപണിയുടെ ഭാവി അത്രകണ്ട് ശോഭനമല്ലെങ്കിലും ഗള്‍ഫ് മേഖലയിലെ ഫാഷന്‍ വിപണിയില്‍ വളര്‍ച്ചാ സാധ്യതകള്‍ നിലനില്‍ക്കുന്നതായുള്ള കണ്ടെത്തലുള്ളത്.

യുഎഇയില്‍ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി ഒരു വ്യക്തി വര്‍ഷം തോറും ഏതാണ്ട് 1600 ഡോളര്‍ ചിലവഴിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൗദി അറേബ്യയിലിത് 500 ഡോളറാണ്. അമേരിക്ക, ചൈന എന്നീ രാജ്യങ്ങളിലെ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള പ്രതിശീര്‍ഷ ചിലവിടലുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുഎഇയില്‍ അമേരിക്കയേക്കാള്‍ ഇരട്ടി ചിലവിടലും സൗദിയില്‍ ചൈനയേക്കാള്‍ ഇരട്ടി ചിലവിടലുമാണ് ഉള്ളത്. ചൈനയില്‍ ഉള്ളതിനേക്കാള്‍ ആറിരട്ടി ചിലവിടലാണ് യുഎഇയിലുള്ളത്.

തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ആഗോള ഫാഷന്‍ വിപണിക്ക് വളര്‍ച്ചാപ്രതിസന്ധിയുടെ നാളുകളാണ് വരാനിരിക്കുന്നതെന്നും അന്താരാഷ്ട്ര ഫാഷന്‍ വെബ്‌സൈറ്റായ ബിസിനസ് ഓഫ് ഫാഷനുമായി സഹകരിച്ച് മക്കിന്‍സേ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നു. ആകമാന ഫാഷന്‍ വിപണിക്ക് 2019ല്‍ ഏകദേശം 3.5 ശതമാനം മുതല്‍ 4.5 ശതമാനം വരെയുള്ള വാര്‍ഷിക വളര്‍ച്ചയാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം വരുംവര്‍ഷം ഇത് 3 ശതമാനം മുതല്‍ 4 ശതമാനം വരെയായി കുറയും. വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസഫിക് രാജ്യങ്ങളിലുള്ള ഫാഷന്‍ വിപണികളാണ് ഏറ്റവുമധികം വളര്‍ച്ചാ പ്രതിസന്ധി നേരിടുന്നത്. ആഗോള സാമ്പത്തിക മാന്ദ്യവും മേഖലയിലെ കഠിന മത്സരവുമാണ് ഫാഷന്‍ രംഗത്തെ വളര്‍ച്ചാ പ്രതിസന്ധിക്ക് കാരണമായി മക്കെന്‍സി സര്‍വേയില്‍ പങ്കെടുത്ത 290 ഫാഷന്‍ എക്‌സിക്യുട്ടീവുമാരില്‍ ഭൂരിഭാഗം പേരും പറയുന്നത്. അടുത്ത വര്‍ഷം സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നത് ഇവരില്‍ 9 ശതമാനം ആളുകള്‍ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ സ്ഥിതി തുടരുമെന്ന് കരുതുന്നത് 49 ശതമാനം പേരും.

എന്നാല്‍ ഇതില്‍ നിന്നും വിരുദ്ധമായി പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയിലെ ഫാഷന്‍ വിപണിയില്‍ ഈ വര്‍ഷത്തേതിന് സമാനമായി വരും വര്‍ഷവും 3 ശതമാനം മുതല്‍ നാല് ശതമാനം വരെ വാര്‍ഷിക വളര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജിസിസി മേഖലയിലുള്ള ആളുകളുടെ ഉയര്‍ന്ന ചിലവഴിക്കല്‍ ശേഷിയും ഇ-കൊമേഴ്‌സ് വ്യാപനവും സൗദിയിലടക്കം ജീവിത നിലവാരത്തിലും ശൈലിയിലും വന്ന മാറ്റങ്ങളുമാണ് ജിസിസി മേഖലയുടെ ഫാഷന്‍ വളര്‍ച്ചയെ മുന്നോട്ടു നയിക്കുന്നത്. ഇരുത്തം വന്ന ഫാഷന്‍ വിപണിയും ശക്തമായ മാള്‍ സംസ്‌കാരവും നിലനില്‍ക്കുന്ന പശ്ചിമേഷ്യയില്‍ ഫാഷന്‍ വ്യവസായ മേഖലയില്‍ ഇപ്പോഴും വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതായി പഠനം പറയുന്നു. ജനസംഖ്യയില്‍ ചൈന പോലുള്ള രാജ്യങ്ങളേക്കാള്‍ തീരെ ചെറുതാണെങ്കിലും ജനങ്ങളുടെ ഉപഭോഗ തല്‍പ്പരതയാണ് മറ്റ് അന്താരാഷ്ട്ര വിപണികളില്‍ നിന്നും വ്യത്യസ്തമായി വലുപ്പത്തിനപ്പുറം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രാമുഖ്യം നേടിക്കൊടുക്കുന്നത്. മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളിലെ ഇന്റെര്‍നെറ്റ് വ്യാപനവും അവിടുത്തെ ഫാഷന്‍ വിപണിക്ക് അനുകൂലമാണ്. യുഎഇയിലും സൗദിയിലും യഥാക്രമം 99 ശതമാനം, 89 ശതമാനം എന്നീ നിരക്കിലാണ് ഇന്റെര്‍നെറ്റ് വ്യാപനം. കൂടാതെ ഇവിടുത്തെ ഇ-കൊമേഴ്‌സ് മേഖലയും വന്‍ വളര്‍ച്ചാ കുതിപ്പിന് തയാറെടുക്കുകയാണ്. സൗദി അറേബ്യയിലെ ചില ഫാഷന്‍ വിഭാഗങ്ങളില്‍ ഇപ്പോള്‍ തന്നെ 20 ശതമാനത്തോളം ഇ-കൊമേഴ്‌സ് വില്‍പ്പന നടക്കുന്നുണ്ട്. മാത്രമല്ല, സ്ത്രീകളുടെ വസ്ത്രധാരണ നിയമങ്ങളില്‍ ഇളവ് വരുത്തിയതും സൗദിയിലെ ഫാഷന്‍ ആവശ്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകും.

ഗള്‍ഫ് രാജ്യങ്ങളിലെ ഫാഷന്‍ വളര്‍ച്ചയ്ക്ക് പിന്നില്‍

  • ഉപഭോക്താക്കളുടെ ഉയര്‍ന്ന ചിലവിടല്‍ ശേഷി
  • ഇന്റെര്‍നെറ്റ്, ഇ-കൊമേഴ്‌സ് വ്യാപനം
  • ജീവിതശൈലിയില്‍ വന്ന മാറ്റം
  • ഇരുത്തം വന്ന ഫാഷന്‍ വിപണി
  • മാള്‍ സംസ്‌കാരം
  • ഉപഭോഗ തല്‍പ്പരത

Comments

comments

Categories: Arabia