ഈ വര്‍ഷം ബ്ലോക്ക്ചെയിന്‍ ഫ്യൂച്ചര്‍ കൗണ്‍സില്‍ നടപ്പിലാക്കുന്ന മൂന്ന് പദ്ധതികളില്‍ ഒന്നാണ് ഈ നയം
ബാഴ്സലോണ ബ്ലോക്ക്ചെയിന്‍ രംഗത്ത് ആധിപത്യം നേടുകയെന്ന ലക്ഷ്യത്തോടെ ദുബായ് ബ്ലോക്ക്ചെയിന്‍ നയം അവതരിപ്പിച്ചു. ബാഴ്സലോണയില്‍ വെച്ച് നടന്ന ഒമ്പതാമത് സ്മാര്‍ട്ട് സിറ്റി എക്സ്പോ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയ്ക്ക് വേണ്ടിയുള്ള ദുബായ് ഫ്യൂച്ചര്‍ കൗണ്‍സിലാണ് ദുബായുടെ ബ്ലോക്ക്ചെയിന്‍ നയം അവതരിപ്പിച്ചത്.
2019-2020 വര്‍ഷം കൗണ്‍സില്‍ നടപ്പിലാക്കാനൊരുങ്ങുന്ന മൂന്ന് പദ്ധതികളില്‍ ഒന്നാണ് ദുബായ് ബ്ലോക്ക്ചെയിന്‍ നയമെന്ന് ബ്ലോക്ക്ചെയിന്‍ ഫ്യൂച്ചര്‍ കൗണ്‍സില്‍ അധ്യക്ഷയായ ഡോ.അയിഷ ബിന്റ് ബുട്ടി ബിന്‍ ബിഷര്‍ പറഞ്ഞു. ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയുടെ ആസ്ഥാനമായി ദുബായിയെ മാറ്റുക, ഭാവിയില്‍ സ്മാര്‍ട്ട് സിറ്റികള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള പ്രധാന കേന്ദ്രമായി വളരുക തുടങ്ങിയ കൗണ്‍സിലിന്റെ അജണ്ടകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് ഈ നയം. സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും സഹായമൊരുക്കുന്നതിനും സമൂഹത്തിന് നേട്ടമാകുന്ന ബ്ലോക്ക്ചെയിന്‍ ശൃംഖലകള്‍ സ്ഥാപിക്കുന്നതിനുമായി ദുബായ് ഫ്യൂച്ചര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് ബ്ലോക്ക്ചെയിന്‍ നയത്തിന് രൂപം നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മൂന്ന് പ്രധാന മേഖലകള്‍ ഉള്‍പ്പെടുന്നതാണ് ദുബായുടെ ബ്ലോക്ക്ചെയിന്‍ നയം. സാങ്കേതിക പ്ലാറ്റ്ഫോമും സേവനങ്ങളും, രൂപകല്‍പ്പനയും നിലവാരവും, പങ്കാളിത്ത നെറ്റ്വര്‍ക്കുകളുടെ സേവനങ്ങള്‍, നിയമ പരിരക്ഷ എന്നിവ ഉള്‍പ്പെടുന്ന അടിസ്ഥാനപരമായ കഴിവുകള്‍; നെറ്റ്വര്‍ക്ക് ഉടമസ്ഥത, അംഗത്വം, ഇന്റെലെക്ച്വല് പ്രോപ്പര്‍ട്ടി, ഫണ്ടിംഗ്-ധന സമാഹരണം എന്നിവ ഉള്‍പ്പെടുന്ന നെറ്റ്വര്‍ക്ക് ഭരണം; ഡാറ്റാ ഫോര്‍മാറ്റുകള്‍, ഇന്റെര്ഓപ്പറേറ്റബിലിറ്റി, ഡാറ്റാ പ്രൈവസി, രഹസ്യസ്വഭാവം, നെറ്റ്വര്‍ക്ക് സെക്യൂരിറ്റി, ഓഡിറ്റ്, ആശയവിനിമയം എന്നിവ ഉള്‍പ്പെടുന്ന നെറ്റ്വര്ക്ക ഓപ്പറേഷന് എന്നിവയാണവ.സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും അടക്കം വിവിധ സ്രോതസ്സുകളില്‍ നിന്നും അവര്‍ നേരിടുന്ന വെല്ലുവിളികള്‍ കണ്ടെത്തി ശേഖരിച്ചതിന് ശേഷമാണ് കൗണ്‍സില്‍ ബ്ലോക്ക്ചെയിന്‍ നയത്തിന് രൂപം നല്‍കിയിരിക്കുന്നത്.
തന്ത്രപ്രധാന മേഖലകളുടെ അടുത്ത അമ്പത് വര്‍ഷത്തേക്കുള്ള ഭാവി കണക്കിലെടുത്തുകൊണ്ട് നൂതനമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ട ഫ്യൂച്ചര്‍ കൗണ്‍സിലുകളിലൊന്നാണ് ബ്ലോക്ക്ചെയിന്‍ ഫ്യൂച്ചര്‍ കൗണ്‍സില്‍. കഴിഞ്ഞ ഏപ്രിലിലായിരുന്ന കൗണ്‍സിലിന്റെ ഉദ്ഘാടന സമ്മേളനം. ക്രിപ്റ്റോകറന്‍സി പൊസിഷനിംഗ്, ദുബായ് ബ്ലോക്ക്ചെയിന്‍ നയം, ദുബായില്‍ ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയ്ക്കുള്ള ഭാവി സാധ്യതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് പദ്ധതികളാണ് ഈ വര്‍ഷം കൗണ്‍സില്‍ നടപ്പിലാക്കുന്നത്.