കഴുതകളുടെ എണ്ണം അഞ്ച് വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറയുമെന്ന് റിപ്പോര്‍ട്ട്

കഴുതകളുടെ എണ്ണം അഞ്ച് വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറയുമെന്ന് റിപ്പോര്‍ട്ട്

ബീജിംഗ്: പരമ്പരാഗത ചൈനീസ് മരുന്നിനായുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റേണ്ടി വരുന്നതിനാല്‍ ലോകത്തിലെ കഴുതകളുടെ എണ്ണം പകുതിയും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തുടച്ചുനീക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്. കഴുതയുടെ തൊലിയാണു പരമ്പരാഗത ചൈനീസ് മരുന്നിന് ഉപയോഗിക്കുന്നത്. ജെലാറ്റിന്‍ അധിഷ്ഠിത പരമ്പരാഗത മരുന്നായ എജിയാവോ നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്നത് കഴുതയുടെ ചര്‍മമാണ്. പ്രതിവര്‍ഷം 4.8 ദശലക്ഷം ചര്‍മമാണ് ആവശ്യമായി വരുന്നതെന്നും ഡോംഗി സാന്‍ച്വറി (Donkey Sanctuary) പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇപ്പോള്‍ ലോകമെമ്പാടുമായി കഴുതകളുടെ എണ്ണം മൊത്തം 44 ദശലക്ഷമുണ്ടെന്നാണു കണക്കാക്കുന്നത്. കഴുതയുടെ ചര്‍മത്തിനു വേണ്ടി അവയെ കൊന്നൊടുക്കുന്നതിന്റെ തോത് ഇപ്പോഴുള്ള വേഗതയില്‍ മുന്നേറുകയാണെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ള കഴുതകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ നേര്‍ പകുതിയായി ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബ്രസീലില്‍ കഴുതകളുടെ എണ്ണം 2007 മുതല്‍ 28 ശതമാനം കുറഞ്ഞു. ബോട്‌സ്വാനയില്‍ 37 ശതമാനവും, കിര്‍ഗിസ്ഥാനില്‍ 53 ശതമാനവും കുറഞ്ഞു. കഴുതകളുടെ ചര്‍മ വ്യാപാരത്തിനു വേണ്ടി അവയെ കൊന്നൊടുക്കുന്നതിനാല്‍ കെനിയയിലും ഘാനയിലും എണ്ണം കുറയുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. 1992 മുതല്‍ ചൈനയില്‍ കഴുതകളുടെ എണ്ണം 76 ശതമാനമാണ് കുറഞ്ഞതെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രമായ ചില ഭാഗങ്ങളില്‍ 500 ദശലക്ഷത്തോളം ആളുകളെ ചുമട് ചുമക്കുന്നത് അടക്കം പല രീതിയില്‍ സഹായിക്കുന്ന മൃഗമാണു കഴുത. എന്നാല്‍ കഴുതകളുടെ ചര്‍മ വ്യാപാരം വര്‍ധിക്കുന്നതിനാല്‍ കഴുതകള്‍ക്കു ഡിമാന്‍ഡ് ഉയര്‍ന്നിരിക്കുകയാണ്. കെനിയയില്‍ കഴുതയുടെ വില 2016-19 കാലയളവില്‍ 78 ഡോളറില്‍നിന്ന് 156 ഡോളറായി ഉയര്‍ന്നിരുന്നു.

Comments

comments

Categories: World
Tags: Donkeys