ഇത് സഹായമല്ല; ഇമ്രാന് മുന്നറിയിപ്പുമായി യുഎസ്

ഇത് സഹായമല്ല; ഇമ്രാന് മുന്നറിയിപ്പുമായി യുഎസ്
  • സിപിഇസി പദ്ധതി പാക്കിസ്ഥാന് ഗുണകരമാകില്ലെന്ന് യുഎസ്
  • പദ്ധതിയെ തുടക്കം മുതലേ ഇന്ത്യയും എതിര്‍ക്കുന്നുണ്ട്
  • ഷിംജിയാംഗിനെയും ഗ്വാദര്‍ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന പദ്ധതി കൂടിയാണിത്

വാഷിംഗ്്ടണ്‍: ലോകപൊലീസാകാനുള്ള ചൈനയുടെ ദീര്‍ഘകാല പദ്ധതിയായ ബെല്‍റ്റ് റോഡിന്റെ സുപ്രധാന ഭാഗമായ സിപിഇസി (ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി)ക്കെതിരെ എതിര്‍പ്പുകള്‍ രൂക്ഷമാകുന്നു. സിപഇസി പാക്കിസ്ഥാന് സഹായത്തേക്കാള്‍ ഏറെ ദോഷമായിരിക്കും ചെയ്യുകയെന്നും ചൈനയോട് കടുത്ത ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയമാണിതെന്നും യുഎസ് മുന്നറിയിപ്പ് നല്‍കി.

പാക്കിസ്ഥാന്‍ സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കുന്നതായി സിപിഇസി മാറുമെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. ചൈനയിലെ വിഭവ സമൃദ്ധമായ ഷിംഗ്ജിയാംഗ് ഉയ്ഗൂര്‍ മേഖലയെയും പാക്കിസ്ഥാനിലെ തന്ത്രപ്രധാനമായ ഗ്വാദര്‍ തുറമുഖത്തെയും ബന്ധിപ്പിച്ചുള്ളതാണ് 50 ബില്യണ്‍ ഡോളറിന്റെ ഈ വമ്പന്‍ പദ്ധതി. നിരവധി റോഡ് ശൃംഖലകളും റെയ്ല്‍ പാതകളും ഊര്‍ജ പദ്ധതികളുമെല്ലാം സിപിഇസിയുടെ ഭാഗമാണ്. പാക്കിസ്ഥാന്‍ ചൈനയുടെ കോളനിയായി മാറുന്നതാകും ഇതിന്റെ പരിണിതഫലമെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്.

2015ല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച വേളയിലാണ് സിപിഇസിക്ക് തുടക്കം കുറിച്ചത്. ചൈനയുടെ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡിന്റെ കാതലെന്ന് പറയാവുന്ന ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക്കിസ്ഥാന്‍ അധീന കശ്മീരിലൂടെയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന പദ്ധതി കൂടിയാണിത്. ഇതിനെതിരെ ഇന്ത്യ നിലപാടെടുക്കാനുള്ള പ്രധാന കാരണവും അതുതന്നെയാണ്.

എന്നാല്‍ ഈ വമ്പന്‍ പദ്ധതി ചൈനയുടെ അധിനിവേശ ശ്രമങ്ങളുടെ ഭാഗമായാണെന്ന ഇന്ത്യയുടെ നിലപാട് ശരിവെക്കുന്ന സമീപനമാണ് ഇപ്പോള്‍ പലരും കൈക്കൊള്ളുന്നത്. വികസ്വര രാജ്യങ്ങള്‍ക്ക് താങ്ങാവുന്നതിലപ്പുറമുള്ള നിക്ഷേപം അവിടങ്ങളില്‍ നടത്തി ചൈനയോട് പ്രതിബദ്ധത ഉണ്ടാക്കിയെടുക്കാനുള്ള തന്ത്രമാണ് ഷി ജിന്‍പിംഗ് ആവിഷ്‌കരിക്കുന്നത്. ഇത് ആ രാജ്യങ്ങളുടെ പരമാധികാരത്തെ തന്നെ ചോദ്യം ചെയ്യുകയും ചൈനയുടെ കൊളോണിയല്‍വല്‍ക്കരണത്തിന്റെ ഇരകളായി അവരെ മാറ്റുകയും ചെയ്‌തേക്കും. മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനായ അലക്‌സ് വോംഗും മുമ്പ് ഈ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബെല്‍റ്റ് റോഡിന്റെ നട്ടെല്ലായ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാകാന്‍ സൗദി അറേബ്യയും ഒരുങ്ങുന്നുണ്ട്. ഇതിനായി 10 ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ എണ്ണ ശുദ്ധീകരണശാല നിര്‍മിക്കുമെന്ന് സൗദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗ്വാദര്‍ മേഖലയിലായിരിക്കും എണ്ണ ശുദ്ധീകരണ ശാല.

ബലൂചിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്തുള്ള ഗ്വാദര്‍ തുറമുഖ പ്രദേശമാണ് സിപിഇസിയുടെ പ്രധാന കേന്ദ്രം. വളരെ തന്ത്രപ്രധാനമാണ് ഗ്വാദര്‍ തുറമുഖത്തിന്റെ കിടപ്പ്. 2013 ഫെബ്രുവരിയിലാണ് ഇതിന്റെ നടത്തിപ്പ് ചുമതല ചൈനയ്ക്ക് കൈമാറാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. സുഡാന്‍ തുറമുഖം വരെയുള്ള കടല്‍പ്പാതയിലെ വിനിമയ ബന്ധം സജീവമാക്കാനും എണ്ണകൊണ്ടുവരുന്നതിനും ചൈനയ്ക്ക് ഇത് വലിയ തോതില്‍ പ്രയോജനപ്പെടുമെന്നതിനാല്‍ വലിയ വ്യാപാരമാനം ആ തീരുമാനത്തിനുണ്ടായിരുന്നു. ഗ്വാദര്‍ തുറമുഖത്തെ ക്രമേണ നാവികസേനാ താവളമായി വികസിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം.

കടം, ഉത്തരവാദിത്തം, സുതാര്യത, നൈതികത തുടങ്ങിയവയുമായി ബന്ധപ്പെട്ട കഠിനമേറിയ ചോദ്യങ്ങള്‍ സിപിഇസിയെ കുറിച്ച് പാക്കിസ്ഥാന്‍ ചൈനയോട് ചോദിക്കണം. ചൈനയുടെ സാമ്പത്തിക മോഡലില്‍ നിന്ന് വിഭിന്നമായി മറ്റൊരു മാതൃക പാക്കിസ്ഥാനില്‍ പരീക്ഷിക്കുന്നതിന്റെ കാരണവും ചോദിക്കണം-യുഎസ് ഉദ്യോഗസ്ഥയായ ആലിസ് വെല്‍സ് പറഞ്ഞു.

സിപിഇസിയുമായി ബന്ധപ്പെട്ട ചെലവില്‍ എന്തുകൊണ്ടാണ് സുതാര്യതയില്ലാത്തതെന്നും ഇതു കാരണം പാക്കിസ്ഥാന് വരുന്ന നഷ്ടവും കടവും എത്രയാണെന്നും ജനങ്ങളറിയണമെന്നും അവര്‍ പറഞ്ഞു.

വലിയ ഊര്‍ജ്ജ നിലയങ്ങളുടെ സ്ഥാപനം, വമ്പന്‍ ഹൈവേകള്‍, റെയ്ല്‍ സംവിധാനങ്ങള്‍, ഉയര്‍ന്ന ശേഷിയുള്ള തുറമുഖങ്ങള്‍ തുടങ്ങി വലിയ തോതിലുള്ള അടിസ്ഥാനസൗകര്യ പദ്ധതികളിലൂടെ പടിഞ്ഞാറന്‍ ചൈനയെ ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന മാര്‍ഗ്ഗമായി പാക്കിസ്ഥാനെ മാറ്റുകയാണ് സിപിഇസിയിലൂടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് ഉദ്ദേശിക്കുന്നത്.

Comments

comments

Categories: FK News
Tags: CPEC, US-Pakistan

Related Articles