ബിപിഡി രോഗികളുടെ എണ്ണം 13 ഇരട്ടിയായി

ബിപിഡി രോഗികളുടെ എണ്ണം 13 ഇരട്ടിയായി

വിഷാദരോഗമെന്നു തെറ്റിദ്ധരിക്കപ്പെടുകയും സമൂഹത്തില്‍ നിന്ന് ഉള്‍വലിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന ഒരു മാനസിക വൈകല്യമാണ് ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ അഥവാ ബിപിഡി. താരതമ്യേന സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഈ മാനസികാവസ്ഥ 1835 വരെയുള്ള പ്രായത്തിനിടക്കാണ് രൂക്ഷമാകാറുള്ളത്. കൗമാരത്തിന്റെ ആദ്യകാലം മുതലോ ബാല്യത്തിലോ വൈകാരികാരികമായി അമിതമായി പ്രതികരിക്കുന്ന പെരുമാറ്റമാണ് ഇതിന്റെ സൂചന. മറ്റുള്ളവരോട് ഇടപെടുന്ന രീതിയിലും, സമ്മര്‍ദ്ദസാഹചര്യങ്ങളോട് പ്രതികരിക്കുന്ന രീതിയിലും പ്രകടമായ അസ്വാഭാവികത ഉള്ള ആളുകള്‍ക്കാണ് വ്യക്തിത്വ വൈകല്യം ഉള്ളതായി വിലയിരുത്തപ്പെടുന്നത്.

തീവ്രവും അസ്ഥിരവുമായ വ്യക്തിബന്ധങ്ങളാണ് ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വവൈകല്യത്തിന്റെ പ്രധാന ലക്ഷണം. ഒരാളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അയാളെപ്പറ്റി പുകഴ്ത്തി മാത്രം സംസാരിക്കുകയും തീവ്രമായി ആരാധിക്കുകയും ചെയ്യുകയും എന്നാല്‍ വളരെ നിസ്സാര കാര്യത്തിന് അയാളുമായി പിണങ്ങുകയും തുടര്‍ന്ന് അയാളെപ്പറ്റി കുറ്റങ്ങള്‍ മാത്രം പറയുകയും ചെയ്യുകയാണ് അടുത്ത പ്രധാന ലക്ഷണം. ഇവര്‍ക്ക് ജീവിതത്തില്‍ അനവധി പ്രണയബന്ധങ്ങള്‍ ഉണ്ടാകുകയും ഇതേത്തുടര്‍ന്ന് അപകടങ്ങളില്‍ ചാടാനുള്ള സാധ്യതയും കൂടുതലാണ്. അമിതമായ എടുത്തുചാട്ടം ഇവരില്‍ പൊതുവേ ദര്‍ശിക്കാനാകും. ഒരു കാര്യവും സാവകാശം ആലോചിച്ചു ചെയ്യുന്ന ശീലം ഇവര്‍ക്കില്ല. തന്മൂലം അമിത ധൂര്‍ത്ത്, ലൈംഗിക പരീക്ഷണങ്ങള്‍, ലഹരിവസ്തുക്കളുടെ ദുരുപയോഗം, അക്രമസ്വഭാവം തുടങ്ങിയവയൊക്കെ ഇവരില്‍ കാണാന്‍ കഴിയുന്നു.

ആവര്‍ത്തിച്ചുള്ള ആത്മഹത്യാശ്രമങ്ങളും ഭീഷണികളും ഇവര്‍ പ്രകടിപ്പിക്കാറുണ്ട്. സ്വയം മുറിവേല്‍പ്പിക്കാനുള്ള പ്രവണത ഇവരില്‍ കൂടുതലാണ്. തുടര്‍ച്ചയായ ശൂന്യതാബോധം പ്രകടിപ്പിക്കുന്നവരാണിവര്‍. അനിയന്ത്രിതമായ ദേഷ്യം ഇവരില്‍ കാണപ്പെടുന്നു. പെട്ടെന്ന് വൈകാരികമായ ഏറ്റക്കുറച്ചില്‍ ഇവരില്‍ സംഭവിക്കാറുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് പ്രകടമായ മാറ്റങ്ങള്‍ വരിക. ഒരു നിമിഷം വളരെ സന്തോഷത്തോടെയിരിക്കുന്ന വ്യക്തി, നിസ്സാര കാര്യത്തിന് സങ്കടപ്പെടുകയും, ദേഷ്യപ്പെടുകയും, ഭയക്കുകയും ചെയ്യും. ഈ വൈകാരിക അസ്ഥിരത പലപ്പോഴും ഏതാനും മണിക്കൂറുകള്‍ മാത്രമേ നീണ്ടുനില്‍ക്കുകയുള്ളൂവെന്നതും ശ്രദ്ധേയം. എല്ലാവരും തന്നെ ഉപേക്ഷിച്ചു പോകുമെന്നുള്ള ഭീതി, വ്യക്തമായ ലക്ഷ്യബോധമില്ലായ്മ എന്നിവയും എല്ലാ വികാരങ്ങളും, അത് സ്‌നേഹമായാലും ദുഖമായാലും ദേഷ്യമായാലും, ഉടനടി അതിശക്തമായി പ്രകടിപ്പിക്കാനുള്ള പ്രവണത എന്നിവയും ഇവരില്‍ കണ്ടുവരുന്നു.

കുട്ടിക്കാലത്തെ ആഘാതം ബിപിഡിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു പഠനം പറയുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ അഭിപ്രായത്തില്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ജനസംഖ്യയുടെ 1.4% പേരെ ബാധിക്കുന്ന ഒരു മാനസികാരോഗ്യ അവസ്ഥയാണ് ബിപിഡി. ബിപിഡി ഉള്ള ആളുകള്‍ക്ക് അവരുടെ വികാരങ്ങള്‍, ധാരണകള്‍, ചിന്തകള്‍ എന്നിവ നിയന്ത്രിക്കുന്നതില്‍ പ്രശ്നമുണ്ടാകാം. സൈക്കോതെറാപ്പി, മൂഡ് സ്റ്റെബിലൈസിംഗ് മരുന്നുകള്‍ എന്നിവ ബിപിഡി ചികിത്സിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിലവില്‍ ഈ അവസ്ഥയ്ക്ക് ശാശ്വതചികിത്സയില്ല.

ആദ്യകാല ജീവിതത്തിലെ ആഘാതവും ബിപിഡി വികസിപ്പിക്കാനുള്ള അവസരവും തമ്മിലുള്ള ബന്ധങ്ങള്‍ ചില പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രത്യേകിച്ചും, ഒരാളുടെ കുടുംബജീവിതത്തിലെ സംഘര്‍ഷം, ഉപേക്ഷിക്കല്‍, കടുത്ത എതിര്‍പ്പ്, അക്രമം എന്നിവ ബിപിഡിയുണ്ടാക്കാം.

മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ സൈക്കോളജി, മാനസികാരോഗ്യ വിഭാഗത്തില്‍ നിന്നുള്ള ഫിലിപ്പോ വറീസിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ നിലവിലുള്ള 97 പഠനങ്ങള്‍ അവലോകനം ചെയ്തപ്പോള്‍ ബിപിഡി ഇല്ലാത്തവരേക്കാള്‍ 13.91 മടങ്ങ് കുട്ടിക്കാലത്തെ ആഘാതം മൂലം ബിപിഡി ബാധിതരായതായി കണ്ടെത്തി. മറ്റ് മാനസികരോഗികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബിപിഡി ഉള്ളവരില്‍ കുട്ടിക്കാലത്തെ ആഘാതകരമായ അനുഭവങ്ങള്‍ 3.15 മടങ്ങ് കൂടുതലാണ്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, ബിപിഡി ബാധിച്ചവരില്‍ 48.9% പേര്‍ കുട്ടിക്കാലത്ത് അവഗണന നേരിട്ടപ്പോള്‍ 42.5% പേര്‍ വൈകാരിക പീഡനത്തിന്റെ ചരിത്രമുള്ളവരും 36.4% പേര്‍ ശാരീരിക പീഡനത്തിനിരയായവരും 32.1% ലൈംഗിക പീഡനങ്ങളും 25.3% പേര്‍ വൈകാരിക അവഗണനയും നേരിട്ടവരായിരുന്നു.

Comments

comments

Categories: Health
Tags: BPD