ലോകത്തിലെ ഏറ്റവും വലിയ പൂക്കളം ദുബായില്‍ അവതരിപ്പിച്ചു

ലോകത്തിലെ ഏറ്റവും വലിയ പൂക്കളം ദുബായില്‍ അവതരിപ്പിച്ചു

ഒരു മണിക്കൂര്‍ കൊണ്ടാണ് പൂക്കളം തീര്‍ത്തത്

ദുബായ്: യഥാര്‍ത്ഥ പൂക്കള്‍ കൊണ്ട് നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ പൂക്കളം ദുബായില്‍ അവതരിപ്പിച്ചു. സഹിഷ്ണുത, മാനവിക സാഹോദര്യം എന്നീ മൂല്യങ്ങളുടെ ദേശീയ ആചരണത്തിന്റെ പ്രതീകമായാണ് സഹിഷ്ണുതാ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ദുബായില്‍ വമ്പന്‍ പൂക്കളം ഒരുക്കിയത്.

ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ 150 രാജ്യങ്ങളില്‍ നിന്നുള്ള 5,000 സന്നദ്ധസേവകരുടെ കാര്‍മികത്വത്തിലാണ് 100,000 ചതുരശ്ര അടി വലുപ്പത്തിലുള്ള പൂക്കളം ഒരുങ്ങിയത്. ഏകദേശം ഒരു മണിക്കൂര്‍ കൊണ്ടാണ് പൂക്കളം തയാറാക്കിയത്്. ഇന്ത്യ, കെനിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത 50 ടണ്‍ വിവിധ നിറങ്ങളിലുള്ള പൂക്കളാണ് പൂക്കളത്തിനായി ഉപയോഗിച്ചത്. ഫെസ്റ്റിവല്‍ സിറ്റിയുടെ പുറത്തുള്ള പാര്‍ക്കിംഗ് മേഖലയില്‍ തയാറാക്കിയ ഈ പൂക്കളം കാണാന്‍ ഞായറാഴ്ച വരെ യുഎഇ സന്ദര്‍ശകര്‍ക്കും നിവാസികള്‍ക്കും അവസരമുണ്ട്.

യുഎഇയുടെ പാരമ്പര്യവും ഷേഖ് സായിദ് പള്ളി, ബുര്‍ജ് ഖലീഫ തുടങ്ങിയവയുടെ സന്ദേശവും വിളിച്ചോതുന്ന ഡിസൈനാണ് പൂക്കളത്തിനായി തെരഞ്ഞെടുത്തതെന്ന് സഹിഷ്ണുതാ മന്ത്രാലയം ഓഫീസ് ഡയറക്ടര്‍ ജനറല്‍ അഫ്ര അല്‍ സബ്രി അറിയിച്ചു. സഹിഷ്ണുതയുടെ സംസ്‌കാരത്തോടൊപ്പം യുഎഇയിലെ വിവിധ വിഭാഗക്കാര്‍ക്കിടയില്‍ സഹവര്‍ത്തിത്തവും ഐക്യവും പ്രോത്സാഹിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് പൂക്കളം തയാറാക്കാന്‍ മന്ത്രാലയം മുന്‍കൈ എടുത്തതെന്നും സബ്രി പറഞ്ഞു.

ഭീമന്‍ പൂക്കളം തയാറാക്കിയതിന് ശേഷം 150 രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ അണിനിരന്ന സഹിഷ്ണുതാ പരേഡും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാപരിപാടികളും നടന്നു. രണ്ട് വലിയ ഫുട്‌ബോള്‍ ഗ്രൗണ്ടുകളേക്കാള്‍ വലുപ്പത്തിലുള്ള പൂക്കളം ഗിന്നസ് ബുക്കില്‍ ഇടം നേടി.

Comments

comments

Categories: Arabia