5 ടില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകുന്നത് ഇപ്പോള്‍ അപ്രസക്തം: ആര്‍ബിഐ മുന്‍ഗവര്‍ണര്‍ രംഗരാജന്‍

5 ടില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകുന്നത് ഇപ്പോള്‍ അപ്രസക്തം: ആര്‍ബിഐ മുന്‍ഗവര്‍ണര്‍ രംഗരാജന്‍

ലക്ഷ്യം നേടണമെങ്കില്‍ ആവശ്യമായ വളര്‍ച്ചാ നിരക്ക് പ്രതിവര്‍ഷം 9 ശതമാനത്തില്‍ കൂടുതലാണ്

ന്യൂഡെല്‍ഹി: 2025നുള്ളില്‍ ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം നിലവില്‍ ചിന്തനീയം പോലുമല്ലെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രംഗരാജന്റെ വിലയിരുത്തല്‍. സമ്പദ് വ്യവസ്ഥ നിലവില്‍ മോശം രൂപത്തിലാണ് ഉള്ളതെന്നും ഒരു ബിസിനസ് സ്‌കൂള്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്ന് നമ്മുടെ സമ്പദ്‌വ്യവസ്ഥ ഏകദേശം 2.7 ട്രില്യണ്‍ യുഎസ് ഡോളര്‍ വലുപ്പമുള്ളതാണ്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 5 ട്രില്യണ്‍ യുഎസ് ഡോളറില്‍ എത്തിക്കുന്നതിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ആ നില കൈവരിക്കുന്നതിന് ആവശ്യമായ വളര്‍ച്ചാ നിരക്ക് പ്രതിവര്‍ഷം 9 ശതമാനത്തില്‍ കൂടുതലാണ്. നിലവിലെ സാഹചര്യത്തില്‍ 2025ഓടെ 5 ട്രില്യണ്‍ യുഎസ് ഡോളറിലെത്തുമോ എന്ന ചോദ്യം തന്നെ നിലനില്‍ക്കാത്തതാണ്,’ രംഗരാജന്‍ പറഞ്ഞു.

രണ്ടാം തവണ അധികാരമേറ്റ ഉടന്‍ തന്നെ നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സമ്പദ്‌വ്യവസ്ഥയെ 5 ട്രില്യണ്‍ യുഎസ് ഡോളറിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിടുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സമ്പദ്‌വ്യവസ്ഥയിലുടനീളം പ്രതിസന്ധികളാണ് കാണാനായിട്ടുള്ളത്. വളര്‍ച്ചാ നിരക്ക് 2015-16 സാമ്പത്തിക വര്‍ഷത്തിലെ 8.2 ശതമാനത്തില്‍ നിന്ന് 2018-19ല്‍ 6.8 ശതമാനമായി കുറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനമായി വളര്‍ച്ച കുറഞ്ഞു. രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ച 4.5 ശതമാനത്തിലും താഴെയാകുമെന്നാണ് മിക്ക സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നത്.
വളര്‍ച്ചയില്‍ രണ്ട് വര്‍ഷം നമുക്ക് നഷ്ടമായിരിക്കുന്നുവെന്ന് രംഗരാജന്‍ പറയുന്നു. ഈ സാമ്പത്തിക വര്‍ഷം 6 ശതമാനത്തില്‍ താഴെയുള്ള വളര്‍ച്ചയാണ് രേഖപ്പെടുത്തുക. അടുത്ത വര്‍ഷം അത് 7 ശതമാനം വരെ ആകാം. അതിനുശേഷം സമ്പദ്‌വ്യവസ്ഥ ഉയര്‍ച്ച പ്രകടമാക്കിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News