മൂന്ന് ലക്ഷം ബിഎസ് 6 വാഹനങ്ങള്‍ വിറ്റതായി മാരുതി സുസുകി

മൂന്ന് ലക്ഷം ബിഎസ് 6 വാഹനങ്ങള്‍ വിറ്റതായി മാരുതി സുസുകി

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം ബിഎസ് 6 പെട്രോള്‍ വാഹനങ്ങളുള്ള കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുകി

ന്യൂഡെല്‍ഹി: ഏഴ് മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ മൂന്ന് ലക്ഷം ബിഎസ് 6 കാറുകള്‍ വിറ്റതായി മാരുതി സുസുകി. ഉല്‍സവ കാലത്തെ വര്‍ധിച്ച ആവശ്യകത കാരണം ഇക്കഴിഞ്ഞ ഒക്‌റ്റോബറില്‍ മാത്രം ഒരു ലക്ഷത്തോളം ബിഎസ് 6 കാറുകള്‍ വില്‍ക്കാന്‍ മാരുതി സുസുകിക്ക് കഴിഞ്ഞു. മൂന്ന് ലക്ഷം ബിഎസ് 6 കാറുകളും പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്നവയാണ്. ബിഎസ് 6 പാലിക്കുന്ന ഡീസല്‍ വാഹനങ്ങള്‍ മാരുതി സുസുകി വില്‍ക്കുന്നില്ല. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ കാറുകള്‍ക്കും കരുത്തേകുന്നത് ബിഎസ് 6 എന്‍ജിന്‍ ആയിരിക്കണം. അതായത് ഭാരത് സ്‌റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കണം.

ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ബലേനോയുടെയും ഓള്‍ട്ടോയുടെയും ബിഎസ് 6 മോഡലുകള്‍ വിപണിയിലെത്തിച്ചത്. മാത്രമല്ല, സ്വിഫ്റ്റ്, ഡിസയര്‍, എസ്-പ്രെസോ, എര്‍ട്ടിഗ, എക്‌സ്എല്‍6, വാഗണ്‍ആര്‍ (1.0 ലിറ്റര്‍, 1.2 ലിറ്റര്‍) എന്നിവയും ബിഎസ് 6 മോഡലുകളാണ്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം ബിഎസ് 6 പെട്രോള്‍ വാഹനങ്ങളുള്ള കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുകി.

ഹ്യുണ്ടായ്, കിയ മോട്ടോഴ്‌സ് എന്നീ കാര്‍ നിര്‍മാതാക്കളും ഇന്ത്യയില്‍ ബിഎസ് 6 വാഹനങ്ങള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മാതാക്കളുടെ കൈവശമുള്ള അത്രയും ബിഎസ് 6 വാഹനങ്ങള്‍ ഇവരുടെ കൈകളില്‍ ഇല്ല. ബിഎസ് 6 ഡീസല്‍ വാഹനങ്ങള്‍ മാരുതി സുസുകി വില്‍ക്കുന്നില്ലെങ്കിലും കിയ സെല്‍റ്റോസിന് ബിഎസ് 6 ഡീസല്‍ എന്‍ജിനും കരുത്തേകുന്നു. തങ്ങളുടെ എല്ലാ പെട്രോള്‍ കാറുകളും ബിഎസ് 6 പാലിക്കുന്നതായി ബിഎംഡബ്ല്യു ഇന്ത്യ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ബിഎസ് 6 ഡീസല്‍ മോഡലുകള്‍ അസംബിള്‍ ചെയ്യുന്നത് ആരംഭിച്ചെന്നും ബിഎംഡബ്ല്യു അറിയിച്ചു.

ബിഎസ് 4 ഗ്രേഡ് ഇന്ധനം ഉപയോഗിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാതെ ബിഎസ് 6 പെട്രോള്‍ വാഹനങ്ങള്‍ക്ക് ഓടാന്‍ കഴിയുമെന്ന് മാരുതി സുസുകി ഒരിക്കല്‍കൂടി വ്യക്തമാക്കി. നിലവില്‍ വിരലിലെണ്ണാവുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ മാത്രമാണ് ബിഎസ് 6 ഇന്ധനം ലഭിക്കുന്നത്. 2020 ഏപ്രില്‍ മാസത്തിനുമുമ്പായി എല്ലാ നഗരങ്ങളിലും ബിഎസ് 6 ഇന്ധനം ലഭ്യമായേക്കും.

Comments

comments

Categories: Auto